പണി വരുന്ന വഴികള്‍... സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കൈയ്യിലെടുത്ത രാഹുല്‍ ഗാന്ധിയെ കൈയ്യില്‍ കിട്ടുമെന്ന് അന്നേ സഖാക്കള്‍ വിചാരിച്ചതാണ്; പറ്റിയ ഉപമയുമായി കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി; രാഹുല്‍ കേരളത്തില്‍ തൊഴിലന്വേഷകനായ അഭയാര്‍ത്ഥി; വടക്കേന്ത്യയില്‍ പറ്റിയ പണി കിട്ടാത്തതോടെ വയനാട്ടില്‍ ചേക്കേറി

രാഹുല്‍ ഗാന്ധിക്ക് രണ്ട് കൊടുക്കണമെന്ന് സഖാക്കള്‍ വിചാരിച്ചിട്ട് ഒരാഴ്ചക്കാലമേ ആയിട്ടുള്ളൂ. അതിന് മുമ്പ് എത്രനല്ല കുട്ടിയായിരുന്നു രാഹുല്‍. ചെന്നിത്തലയും കൂട്ടരും എത്ര പ്രകോപനം ഉണ്ടാക്കിയാലും രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് പിണറായിക്കെതിരെ ഒരക്ഷരം മിണ്ടില്ല.
ഇനിയും മിണ്ടാതിരുന്നാല്‍ കൂട്ടത്തോടെ കടലില്‍ ചാടേണ്ടി വരുമെന്ന് വേണുഗോപാല്‍ ഓര്‍മ്മപ്പെടുത്തിയതോടെയാണ് കടലില്‍ ചാടിയും സെക്രട്ടറിയേറ്റ് നടയില്‍ പൊങ്ങിയും പിണറായിക്കെതിരെ ആഞ്ഞടിച്ചത്. ഉദ്യോഗാര്‍ത്ഥികളെ രാഹുല്‍ കയ്യിലെടുത്തപ്പോള്‍ ചര്‍ച്ചയ്ക്കു വിളിക്കുന്ന ഇടനിലക്കാരായ ഡിഫിക്കാര്‍ കണ്ണുതള്ളി. ഇപ്പോഴിതാ അവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ് കേന്ദ്രമന്ത്രി പറയുന്നത്.
കേരളത്തില്‍ തൊഴില്‍ അന്വേഷിച്ചു നടക്കുന്ന അഭയാര്‍ത്ഥിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ എന്ന് കേന്ദ്ര പാര്‍ളമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. വടക്കേയിന്ത്യയില്‍ അദ്ദേഹത്തിന് പറ്റിയ ഒരു ജോലിയും ഇല്ലാതായപ്പോഴാണ് അദ്ദേഹം കേരളത്തിലെത്തിയത്.
ബി ജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് കൊടുങ്ങല്ലൂരില്‍ നല്‍കിയ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമേഠിയിലെ ജനങ്ങള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി. അമേഠിക്കായി അദ്ദേഹം ഒന്നും ചെയ്തില്ല. ഒരു വികസനവും അമേഠിയില്‍ ഉണ്ടായില്ല. പാര്‍ളമെന്റില്‍ പോലും ഒന്നും സംസാരിക്കാന്‍ അദ്ദേഹം എഴുന്നേല്‍ക്കാറില്ല. കേരളത്തിനു വേണ്ടിയും അദ്ദേഹം ഒന്നും ചെയ്യില്ല.
കേരളത്തില്‍ വന്ന് നാടകം കളിക്കുകയാണ് രാഹുല്‍. ട്രാക്ടര്‍ ഓടിച്ച് നാടകം കളിച്ചു. പിന്നീട് കടലില്‍ ചാടി നീന്തി. ഇന്ത്യയില്‍ കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്നു. മുങ്ങുന്ന കോണ്‍ഗ്രസില്‍ നിന്ന് നീന്തി രക്ഷപ്പെടാന്‍ നീന്തല്‍ നല്ലതാണ്.
ഏറ്റവും കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയത് മോദി ഭരണത്തിലാണെന്ന് പ്രഹ്‌ളാദ് ജോഷി പറഞ്ഞു. മോദി പ്രധാനമന്ത്രിയായി വരുന്നതിനു മുമ്പ് കേരളത്തിന് നാല്പതിനായിരം കോടി മാത്രം കേന്ദ്ര വിഹിതം നല്‍കിയപ്പോള്‍ മോദി 1.33 ലക്ഷം കോടി നല്‍കി. യുപിഎ ഭരണത്തില്‍ റോഡ് വികസനത്തിന് 2917 കോടി മാത്രം നല്‍കിയപ്പോള്‍ മോദി12516 കോടി നല്‍കി കഴിഞ്ഞു.
റയില്‍ വികസനത്തിന് യു പി എ കാലത്ത് ആകെ നല്‍കിയത് 372 കോടിയാണ്. മോദി ഭരണത്തില്‍ കേരളത്തിന് എല്ലാ വര്‍ഷവും 890 കോടി വീതം നല്‍കുന്നു. കേരളത്തിന് മോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും കയ്യയച്ച് സഹായം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടിലുള്ള രാഹുല്‍ ഗാന്ധി അതീവ ദു:ഖിതനാണ്. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്നാണ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്നത്. നല്ല ആളുകളെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും കാര്യമില്ല, ചെറിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചാല്‍ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണം അട്ടിമറിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ഇത്തരം ഒരു സ്വാധീനത്തിനും വഴങ്ങാത്ത വിധം സത്യസന്ധനായതുകൊണ്ടാണ് ബിജെപി തന്നെ ഇത്രമാത്രം കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha