കഴിഞ്ഞ തിരഞ്ഞെടുപ്പിനൊടുവില്‍ കേരളം കണ്ടത് വി.എസ് പിണറായി പോരാട്ടമായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വി.എസ് മോഡല്‍ നേരിടുന്നത് പിണറായി കോടിയേരി ടീമിന്റെ പോരാട്ടമാണ്
കഴിഞ്ഞ തിരഞ്ഞെടുപ്പിനൊടുവില്‍ കേരളം കണ്ടത് വി.എസ് പിണറായി പോരാട്ടമായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വി.എസ് മോഡല്‍ നേരിടുന്നത് പിണറായി കോടിയേരി ടീമിന്റെ പോരാട്ടമാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് 2006ല്‍ സീറ്റു നിഷേധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും പ്രകടനങ്ങള്‍ നടന്നതുമാണ് പാര്‍ട്ടിക്കു മുന്നിലുള്ള മുന്നനുഭവം.
പിന്നീട് വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് മുഖ്യമന്ത്രിയായി. അന്ന് ഉന്നതനായ നേതാവിനുവേണ്ടിയാണ് പ്രതിഷേധം അരങ്ങേറിയതെങ്കില്‍ വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
തുടര്‍ഭരണം ലക്ഷ്യമിട്ടിറങ്ങുന്ന തിരഞ്ഞെടുപ്പില്‍ ആ സാധ്യത ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പ്രതിഷേധം നടന്ന മേഖലകളിലെ ഭിന്നതകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ സിപിഎം നേരിടുന്നത് പരിചിതമല്ലാത്ത പ്രതിഷേധങ്ങള്‍. അണികളുടെ പോസ്റ്റര്‍ പ്രതിഷേധം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലേക്കു വ്യാപിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കള്‍ രാജിവച്ചതോടെ പൊന്നാനിയില്‍ പാര്‍ട്ടിക്കു പൊള്ളി. തനിക്കുവേണ്ടി പൊന്നാനിയില്‍ പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദിഖ് രംഗത്തെത്തി. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനു നല്‍കിയതിന്റെ പേരില്‍ തന്റെ പേരുപയോഗിച്ച് നടത്തുന്ന പ്രതിഷേധത്തില്‍നിന്ന് പിന്‍മാറണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയും വ്യക്തമാക്കി.
പ്രതിഷേധങ്ങളുണ്ടായാലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍നിന്ന് പിന്നോട്ടില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. പൊന്നാനിയിലാണ് ഏറ്റവും വലിയ പ്രതിഷേധം നടക്കുന്നത്. പൊന്നാനിയില്‍ പി.നന്ദകുമാറിനു പകരം ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രകടനത്തില്‍ നൂറു കണക്കിനുപേര്‍ പങ്കെടുത്തു.
'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സിദ്ദിഖിനു സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ 4 അംഗങ്ങളും ഒരു ബ്രാഞ്ച് സെക്രട്ടറിയും രാജിവച്ചു. കൂടുതല്‍പേര്‍ രാജിക്കൊരുങ്ങുന്നു.
കളമശേരിയില്‍ പി.രാജീവ് വേണ്ട ചന്ദ്രന്‍പിള്ള മതിയെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ലീഗാണ് പോസ്റ്ററുകള്‍ക്കു പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. യു.ആര്‍. പ്രദീപിനെ മാറ്റി കെ. രാധാകൃഷ്ണനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ.ആര്‍. ജയാനന്ദനെതിരെയും പോസ്റ്ററുകള്‍ നിരന്നു.
സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കാനുള്ള തീരുമാനം റിപ്പോര്‍ട്ടു ചെയ്തു പുറത്തിറങ്ങിയ കേന്ദ്ര കമ്മിറ്റി അംഗം ഇളമരം കരീമിനെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
റാന്നി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കിയതിനെതിരെയും പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാണ്. ലോക്കല്‍ കമ്മിറ്റി യോഗത്തില്‍നിന്ന് പ്രവര്‍ത്തകര്‍ ഇറങ്ങിപോയി. ജി.സുധാകരനെയും ടി.എം.തോമസ് ഐസക്കിനെയും സ്ഥാനാര്‍ഥിപട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചില്ലറ കളിയല്ല അപ്പോള്‍ നടക്കുന്നത്.