ധര്‍മ്മടം മുഖ്യമന്ത്രി പിണറായി വിജയനെ ധര്‍മ്മ സങ്കടത്തിലാക്കുമോ? തുടര്‍ ഭരണം എന്ന പിണറായിയുടെ സ്വപ്നത്തെ പി. ജയരാജനും അദ്ദേഹത്തിന്റെ അണികളും ചേര്‍ന്ന് വെട്ടുമോ?

ധര്‍മ്മടം മുഖ്യമന്ത്രി പിണറായി വിജയനെ ധര്‍മ്മ സങ്കടത്തിലാക്കുമോ? തുടര്‍ ഭരണം എന്ന പിണറായിയുടെ സ്വപ്നത്തെ പി. ജയരാജനും അദ്ദേഹത്തിന്റെ അണികളും ചേര്‍ന്ന് വെട്ടുമോ?
2011 ല്‍ വി എസ് അച്ചുതാനന്ദന്റെ തുടര്‍ഭരണത്തെ പിണറായി വെട്ടിയത് പോലെ 2021 ല്‍ പിണറായി വിജയന്റെ തുടര്‍ ഭരണത്തെ ജയരാജന്‍ വെട്ടുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്.
കേരളത്തിലെ ചില ഒറിജിനല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്ന ഈ സംശയം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലേക്കും കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു.മന്ദമാരുതനായി തുടങ്ങിയ കാറ്റ് മലബാറിലാകെ വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ചാനല്‍ സര്‍വേകളില്‍ മലബാര്‍ മുഴുവന്‍ സി പിഎം പിടിക്കുമെന്ന സര്‍വേ ഫലം പുറത്തുവിടുമ്പോള്‍ വരട്ടെ, കാണിച്ചുതരാം എന്ന മട്ടിലാണ് മലബാറിലെ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകള്‍ പ്രതികരിക്കുന്നത്. അവര്‍ പി.ജയരാജന്‍ എന്ന അനിഷേധ്യ നേതാവിന്റെ അണികളാണ്.അതിന്റെ ആദ്യ ഷോക്ക് ട്രീറ്റ്‌മെന്റ് ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കിട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലായിരുന്നു തുടക്കം. ഇവിടെ പി ജയരാജനെ വാഴ്ത്തി കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു.. ഉറപ്പാണ് എല്‍ ഡി എഫ്, ഉറപ്പാണ് കേരളം എന്നിങ്ങനെ സി പി എം വാഴ്ത്തി പാടുമ്പോഴാണ് ഞങ്ങളുടെ ഉറപ്പാണ് പി ജെ എന്ന് ബോര്‍ഡ് സ്ഥാപിച്ചത്.
ബോര്‍ഡ് സ്ഥാപിച്ചത് പോരാളികള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മടത്തെ സിപിഎം ശക്തി കേന്ദ്രമായ ആര്‍വി മൊട്ടയിലെ റോഡരികിലാണ് ജയരാജന്റെ രണ്ട് ചിത്രങ്ങളോട് കൂടിയ ബോര്‍ഡ്. ബോര്‍ഡിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വമോ പി ജയരാജനോ ഇത് വരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ വിമര്‍ശനവുമായി പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് കൂട്ടായ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സംഘത്തെ ജയരാജന്‍ തന്നെ തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിരാശനാണ് പി.ജയരാജന്‍.
പി.ജയരാജനെ നശിപ്പിച്ചത് പിണറായിയാണെന്ന ചിന്തയിലാണ് പി.ജെ. ആര്‍മി. അതിന് മറുപടി നല്‍കാനുള്ള മുഹൂര്‍ത്തമായി അവര്‍ നിയമസഭാ തെരഞ്ഞടുപ്പിനെ കാണുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് ജയരാജന്‍ കൂടുതല്‍ നിരാശനായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായി തീരുമാനം വരാന്‍ വേണ്ടത്ര ശുഷ്‌കാന്തി പിണറായി സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ലെന്ന് ജയരാജന്‍ കരുതുന്നു.
ഒരു കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആകുമെന്ന് കരുതിയിരുന്ന ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ കുറ്റിയടിച്ചത് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളാണെന്ന് ജയരാജന്റെ ആരാധകര്‍ വിശ്വസിക്കുന്നു. അതില്‍ സത്യമില്ലെന്ന് ആര്‍ക്കും പറയാനാവാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പി. ജയരാജന്‌ഹൈക്കോടതിയില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം വിധി വരുന്നതു വരെയും കരുതിയിരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് വടകരയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതോടെ നിരാശനായി മാറിയ ജയരാജന്‍ സാന്ത്വന ചികിത്സാ രംഗത്ത് സജീവമായിരുന്നു.
കതിരൂര്‍ മനോജ് വധ കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതില്‍ അപാകതയില്ലെന്നുമുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇത് ജയരാജന് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
യുഎപിഎ ചുമത്താന്‍ അനുമതി നല്‍കേണ്ടത് കേന്ദ്രമല്ല സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പ്രധാന പരാതി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും അനുമതി നല്‍കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ സ്വദേശി പി.ഐ. മധുസൂദനന്‍, തലശ്ശേരി സ്വദേശികളായ റിജേഷ്, മഹേഷ്, സുനില്‍ കുമാര്‍, കതിരൂര്‍ സ്വദേശി വി.പി. സജിലേഷ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗൂഢാലോചനക്കേസില്‍ 20 മുതല്‍ 25 വരെ പ്രതികളാണിവര്‍. ജയരാജന്‍ കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29-ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 99 ഓഗസ്റ്റ് 25 ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട കതിരൂര്‍ മനോജ്.
കണ്ണൂര്‍ സി പി എമ്മില്‍ സജീവസാനിധ്യമായിരുന്ന പി. ജയരാജന്‍ കഴിഞ്ഞ കുറെ നാളുകളായി നിശബ്ദനായിരുന്നു. എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായതോടെയാണ് ഇത് സംഭവിച്ചത്. സംസ്ഥാന സമിതി അംഗമാണ് ജയരാജന്‍. എന്നാല്‍ സംസ്ഥാന സമിതിക്കായി ജയരാജന്‍ തിരുവനന്തപുരത്ത് വരുന്നതും കുറഞ്ഞു. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ കണ്ണൂരില്‍ ജയരാജന്‍ സജീവമാകേണ്ടതാണ്. എന്നാല്‍ അതിലൊന്നും അദ്ദേഹം താത്പര്യം കാണിക്കുന്നില്ല. കടുത്ത കാലത്ത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നേതാക്കളുടെ മക്കളെ കുറിച്ച് നടത്തിയ വിവാദം പരാമര്‍ശം ജയരാജന് എതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി.ഇത് കോടിയേരിയുടെ മക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന പ്രചരണം ശക്തമായതോടെ ജയരാജനെതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം ശക്തമായി നീങ്ങി.
ഏതായാലും 2011 ലെ പിണറായിയുടെ റോളാണ് 2021 ല്‍ പി. ജയരാജനുള്ളത്. അതിന്റെ ശക്തി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി തീരുമെന്ന് പി.ജെ. ആര്‍മി കരുതുന്നു.
L
https://www.facebook.com/Malayalivartha


























