വെട്ടിലാക്കി സ്വപ്ന .... സ്പീക്കർക്കെതിരെ ആരോപണം കടുക്കുന്നു ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് ബിനാമിയോ?

ഒമാനില്‍ സ്പീക്കര്‍ നടത്തുന്നതായി സ്വപ്ന സുരേഷ് പറയുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമ ഒരു പൊന്നാനി സ്വദേശിയാണോ? സ്പീക്കര്‍ പണം മുടക്കിയിരിക്കുന്നത് അദ്ദേഹവുമായി യാതൊരു ബന്ധുത്വവുമില്ലാത്ത മറ്റൊരാളിന്റെ പേരിലാണെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന.
പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ ഇ.ഡി. ശേഖരിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയം ഉണ്ടെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ടെന്നും സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരില്‍ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ സ്പീക്കറുടെ ബിനാമിയാരാണെന്ന് വ്യക്തമല്ല. അക്കാര്യം ഇ.ഡി. പുറത്തുവിട്ടിട്ടില്ല. അത് ആരാണെന്ന് സ്വപ്ന ഇ ഡിയോട് പറഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നും ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായിരുന്നു നീക്കമെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
സ്പീക്കര്‍ക്ക് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്ന് സ്വപ്ന പറഞ്ഞു. കോളേജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇതെന്ന് ഇ.ഡി പറയുന്നു.
സ്വപ്നയുടെ മൊഴിക്ക് പുറമേ സരിത്തും സ്പീക്കര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. യു.എ.ഇ. കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണമടങ്ങിയ ബാഗ് നല്‍കിയെന്നാണ് സരിത്തിന്റെ മൊഴിയിലുള്ളത്. ഈ ബാഗില്‍ നോട്ടുകെട്ടുകളായിരുന്നുവെന്നും പിന്നീട് ഈ ബാഗാണ് കസ്റ്റംസ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പമാണ് സരിത്തിന്റെ മൊഴിപകര്‍പ്പും സമര്‍പ്പിച്ചിട്ടുള്ളത്.
സ്പീക്കര്‍ നേതൃത്വം നല്‍കിയ ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിലാണ് പണം കൈമാറിയതെന്ന് സരിത്ത് പറഞ്ഞു. ബാഗില്‍ പത്ത് നോട്ട് കെട്ടുകളുണ്ടായിരുന്നു. ഇത് കോണ്‍സുല്‍ ജനറലിനുള്ള സമ്മാനമാണെന്നും അദ്ദേഹത്തിന് നല്‍കണമെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ഇത് കൈമാറിയ ശേഷം കാലിയായ ബാഗ് താന്‍ വീട്ടില്‍കൊണ്ടുപോയി. ഈ ബാഗാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും സരിത്ത് നല്‍കിയ മൊഴിയിലുണ്ട്.
അതേസമയം മാധ്യമങ്ങളില്‍ സ്വപ്ന സുരേഷിന്റെ മൊഴി എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പ്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും പറയുന്ന മൊഴി തീര്‍ത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജാ ഷെയ്ഖിനെ കേരളത്തില്‍ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാന്‍ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ല. കേരള സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.
മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാള്‍ ഇതിനകം എട്ടോളം മൊഴികള്‍ നല്‍കിയതായാണ് അറിയാന്‍ കഴിയുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ഇപ്പോള്‍ പുതിയ കെട്ടുകഥകള്‍ ഉണ്ടാക്കുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണം. ഏത് തരം അന്വേഷണത്തിനും തയ്യാറാണ്. എന്നാല്‍ അത് സത്യസന്ധവും നിയമപരവുമായിരിക്കണം.
അല്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകള്‍ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് വിശദീകരണമെന്നും സ്പീക്കര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























