കിഫ്ബി സി ഇ ഒ സ്ഥലം വിടുമോ? ഐസക് പൊടിയും തട്ടി പോകും എബ്രഹാം വെള്ളത്തിലാകും

മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര സര്‍ക്കാരിനും ബിജെ പിക്കുമെതിരെ നിര്‍ദാക്ഷണ്യം തിരിയുമ്പോള്‍ കിഫ്ബി സി ഇ ഒ കേരളം വിടാനൊരുങ്ങുന്നു.
തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി തോറ്റാലുടന്‍ അദ്ദേഹം സ്ഥലം വിടുമെന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്നാല്‍ തന്റെ ഭാവി എന്താകുമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
കിഫ്ബിയെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെ ശക്തമായ എതിര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും തീരുമാനിച്ചതോടെയാണ് കിഫ്ബി സി ഇ ഒക്ക് നെഞ്ചിടി തുടങ്ങിയത്.
കിഫ്ബി വായ്പ വഴിയുള്ള പദ്ധതികളുടെ കരാറുകാരുടെ നികുതിപ്പണത്തെ ചൊല്ലിയാണ് കിഫ്ബിയും ആദായനികുതിവകുപ്പും തമ്മിലുള്ള പുതിയ തര്‍ക്കം. ഇതിന്റെ പേരില്‍ 8 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയാണ് ആദായ നികുതി വകുപ്പ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. നികുതി അടയ്ക്കുന്നില്ല എന്നതാണ് കിഫ്ബിക്കെതിരായ പ്രധാന ആരോപണം.
ഐസക്ക് പൊടിയും തട്ടി പോകുമെന്ന് എബ്രഹാമിനറിയാം. അദ്ദേഹമാണ് വെള്ളത്തിലാവാന്‍ പോകുന്നത്.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഇതിലേറെ സന്തോഷിക്കുകയാണ്. അദ്ദേഹമാണ് കേന്ദ്രസര്‍ക്കാരിനെക്കാളും മുമ്പേ കിഫ്ബിക്കെതിരെ രംഗത്തെത്തിയത്.എന്നാല്‍ ധനമന്ത്രി ഐസക്ക് അദ്ദേഹത്തെ ഒതുക്കി മൂലക്കിരുത്തി.
ഓരോ വകുപ്പിന് കീഴിലും രൂപീകരിച്ച കമ്പനികള്‍ക്കാണ് കിഫ്ബി പണം കൊടുക്കുന്നത്. ഈ കമ്പനിയാണ് കരാറുകാരെ കണ്ടെത്തുന്നത്. കരാര്‍ തുകക്ക് നല്‍കേണ്ട നികുതി കിഫ്ബി ഈ കമ്പനികളുടെ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്.
ഇങ്ങനെ 73 കോടി കൈമാറിയെന്ന് കിഫ്ബി പറയുന്നു. നികുതി അടയ്‌ക്കേണ്ട ഉത്തരവാദിത്വം പൂര്‍ണമായും കമ്പനികള്‍ക്കെന്നാണ് കിഫ്ബി പറയുന്നത്.
എന്നാല്‍ നികുതിപ്പണം തങ്ങള്‍ക്ക് കിട്ടിയില്ലെന്നും കിഫ്ബി നേരിട്ടാണ് പണമടയ്‌ക്കേണ്ടതുമെന്നാണ് ആദായ നികുതിവകുപ്പിന്റെ വാദം. ആദായനികുതി നിയമപ്രകാരം നിലനില്‍ക്കാത്ത കാര്യത്തെ മറയാക്കി കിഫ്ബിയെ തകര്‍ക്കാനാണ് അര്‍ദ്ധരാത്രിയിലെ പരിശോധനയെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
ആദായനികുതി കമ്മീഷണര്‍ മന്‍ജീത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം നടന്ന പരിശോധന. കരാറുകാരുടെ നികുതിപ്പണം കണ്ടെത്തണമെങ്കില്‍ കരാര്‍ കമ്പനികളോടാണ് ചോദിക്കേണ്ടതെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
എന്നാല്‍ പരിശോധനയെ തടയന്‍ ശ്രമിക്കുകയാണെന്നും ഒരു മാസംവരെ തടവു ലഭിക്കുമെന്നും പറഞ്ഞായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചത്. ഇരുഭാഗവും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിനൊടുവിലാണ് പരിശോധന അവസാനിപ്പിച്ച് ആദായനികുതി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ആദായനികുതി വകുപ്പ് കേസെടുത്താല്‍ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കിഫ്ബി.
അതിന് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്തെ ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി കിഫ്ബി രംഗത്തെത്തി..
ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന വിചിത്രമാണ്. ആദായ നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ ഫെബ്രുവരി-25 ന് തന്നെ നല്‍കിയതാണെന്നും കിഫ്ബി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐ.ടി. ആക്ടിന്റെയും കിഫ്ബി നടപടി ക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും കിഫ്ബി ആരോപിക്കുന്നു.
പോളിംഗ്ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്രവുമായി തുറന്ന യുദ്ധത്തിന് സംസ്ഥാനം തയ്യാറാകുന്നത്. ബിജെപിക്കെതിരെയുള്ള ശക്തമായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് എല്‍ഡിഎഫ് നല്‍കുന്നത്. സിപിഎം, ബിജെപി ഒത്തുകളിയുടെ മറ്റൊരു മുഖമെന്ന് യുഡിഎഫും, നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് പരിഹസിച്ച് ബിജെപിയും രംഗത്തെത്തിയതോടെ അവസാനലാപ്പിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ഇക്കാര്യം മാറി.
നിയമപരമായി സാധുതയൊന്നുമില്ലാത്ത ഒരു കാര്യം ചെയ്യുന്നതിലൂടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ കാണിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പരിഹസിക്കുന്നു. കിഫ്ബിയെ കേന്ദ്രസര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെല്ലുവിളിച്ചത്. ഒരു ചുക്കിനേയും പേടിയില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുരളീധരന്‍ ചോദിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നത് അമിതാധികാര പ്രകടനമാണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖ്യമന്ത്രിയുടെ കാട്ടിക്കൂട്ടലുകളൊന്നും വിലപ്പോകില്ല. അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി ഭരണഘടന വിരുദ്ധമാണെന്നും കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് എതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് പ്രഹസനമാണെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഇത് വലിയ തമാശയാണെന്ന വി മുരളീധരന്റെ വാദം ചെന്നിത്തലയും ആവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ സ്റ്റണ്ടാണെന്നും ചെന്നിത്തല പറയുന്നു. ബിജെപിയുമായി സിപിഎം നേരത്തെയുണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരമുള്ള തീരുമാനമെന്നാണ് യുഡിഎഫിന്റെ പൊതുആരോപണം.
ആഴക്കടല്‍, ശബരിമല വിവാദങ്ങള്‍ കത്തിനില്‍ക്കെ അല്പമൊന്ന് പ്രതിരോധത്തിലായ സര്‍ക്കാരിന് പുത്തന്‍ ഉണര്‍വ് നല്കുന്നതാണ് ഇന്നത്തെ തീരുമാനം. കൂടുതല്‍ നേതാക്കള്‍ ഏറ്റുപിടിക്കുന്നതോടെ അവസാന റൗണ്ട് ആവേശത്തിന് തീ പകരാന്‍ മറ്റൊരു വിഷയം കൂടി വന്നിരിക്കുന്നു.
കിഫ്ബി സിഇഒക്കെതിരെ കേസെടുക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. അത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിലേക്ക് നീങ്ങിയത്.
https://www.facebook.com/Malayalivartha



























