കാറിന്റെ രഹസ്യഅറയിൽ 2000, 500 നോട്ടുകെട്ടുകള്‍... രേഖകളില്ലാതെ 2.58 കോടി പിടികൂടി...തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനുള്ളതാണോ എന്നാണ് സംശയം ...

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 2.58 കോടി രൂപ മലപ്പുറം പൊലീസ് പിടികൂടി. കൂട്ടിലങ്ങാടിയിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കോഴിക്കോട് ഉണ്ണികുളം സ്വദേശി ആലപ്പടിക്കൽ റഫീഖിലിയുടെ (35) കാറിൽ നിന്നാണ് 2000, 500 നോട്ടുകെട്ടുകളായി സൂക്ഷിച്ചിരുന്ന പണം പിടികൂടിയത്.
കാറിന്റെ പിൻസീറ്റിലെ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനുള്ളതാണോ എന്നും അന്വേഷിക്കുമെന്ന് മലപ്പുറം ഡിവൈഎസ്പി കെ.സുദർശനൻ പറഞ്ഞു.
കേസിൽ പാണ്ടിക്കാട് സ്വദേശിക്കും പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. പിടികൂടിയ പണത്തിൽ വ്യാജനോട്ടുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വഴി ചെന്നൈയിലേക്കാണ് പണം കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇന്നലെ രാവിലെ 10ന് കൂട്ടിലങ്ങാടി പാലത്തിനു സമീപം പരിശോധന നടത്തിയത്.
മലപ്പുറം സിഐ കെ.പ്രേംസദൻ, പ്രിൻസിപ്പൽ എസ്ഐ ബിബിൻ പി.നായർ, എസ്ഐമരായ എം.മുഹമ്മദാലി, എസ്.ഉമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.
https://www.facebook.com/Malayalivartha






















