തോക്കും കേഴ മാനിന്റെ കൊമ്പുമായി യുവാവ്...ചോദ്യം ചെയ്യലിൽ കേഴ മാനിന്റെ ഇറച്ചി പാകം ചെയ്തു കഴിച്ചെന്ന് പ്രതി... നാടൻ തോക്കുമായി പ്രതി കുടുങ്ങി !

ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നാടൻ തോക്കുമായി ഒരു യുവാവു കൂടി പിടിയിൽ. കണ്ണവം കോളനിയിലെ കുളത്തിൻകരയിൽ പി.സൂരജിനെ (38) ആണ് ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കണ്ണവം വനത്തിനുള്ളിൽ നിന്നു സൂരജ് ഉപയോഗിക്കുന്ന നാടൻ തോക്കും വെടി മരുന്നും കണ്ടെത്തി.
കേഴ മാനിന്റെ ഇറച്ചി പാകം ചെയ്തു കഴിച്ചതായി ചോദ്യം ചെയ്യലിൽ സൂരജ് സമ്മതിച്ചു. ഈ മേഖലയിൽ കൂടുതൽ നായാട്ടു സംഘങ്ങൾ ഉണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
കഴിഞ്ഞ ദിവസം തോക്കും കേഴ മാനിന്റെ കൊമ്പുമായി പിടിയിലായ സി.പി.സജീഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു സുഹൃത്തായ സൂരജ് പിടിയിലായത്.
ഇരുവരും ചേർന്നു വേട്ട നടത്താറുണ്ട് എന്ന സജീഷിന്റ മൊഴിയെ തുടർന്ന് പി.സൂരജിനെ ഫോറസ്റ്റ് സംഘം കണ്ണവം കോളനിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അന്വേഷണം തുടരുകയാണെന്നു റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഡി.ഹരിലാൽ പറഞ്ഞു.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സി.സുനിൽ കുമാർ, പി.പ്രകാശൻ, കെ.രമേശൻ, ബിഎഫ്ഒമാരായ എം.കെ.ഐശ്വര്യ, കെ.വി.ശ്വേത, പി.ഹരിശങ്കർ, എൽ.ലാലു, പി.പി.സുബിൻ, കെ.ശ്രീഷ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha


























