ടി പിയുടെ ചോരവീണ മണ്ണില്‍ നിന്നും രമ വോട്ട് തേടുമ്പോള്‍; കേരളത്തിൽ കലങ്ങി മറിയുന്നത് വോട്ട് മാത്രമല്ല, അക്രമ രാഷ്ട്രീയങ്ങളുടെ എണ്ണിപ്പറയാൻ കഴിയാത്ത വിധത്തിലുള്ള അഴിമതികൾ കൂടിയാണ്

പാര്‍ട്ടികള്‍ ആവേശത്തിലാണ്. തിരഞ്ഞെടുപ്പാണല്ലോ. ഒരു പാട് വിഷയങ്ങള്‍ കേരളം കണ്ടു. വാളയാറിലെ അമ്മയുടെ നെഞ്ചു പൊട്ടുന്ന വേദനയില്‍ തുടങ്ങി വടകരയില്‍ കെ.കെ. രമയുടെ വേദനയും പോരാട്ടവും വരെ. പാര്‍ട്ടികള്‍ പരസ്പരം പക പോക്കുമ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളാക്കപ്പെടുന്ന ചില പച്ച മനുഷ്യരുണ്ട്.
ഏത് ദുരന്തത്തിന്റെയും ബാക്കിപത്രം പോലെ സ്ത്രീകളും കുട്ടികളും തന്നെയായിരിക്കും ഈ കൊലപാതകങ്ങളുടെയും ഇരകള്‍. ഒരുജന്മം മുഴുവന്‍ കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ ചുടു ചോര തെറിച്ച പാടുകള്‍ അവരുടെ മനസ്സില്‍ നിന്നും മായില്ല. അത്തരത്തില്‍ ഒരു തീരാവേദദനയാണ് രമ.
അക്രമരാഷ്ട്രീയത്തിന്റെ ഇരകളാകുന്ന നിരവധി കുടുംബങ്ങളുടെ പ്രതിനിധിയാണ് രമ. മുന്നണി നോക്കിയാകരുത് രമ എന്ന ഉറച്ച നിലപാടുള്ള സ്ഥാനാര്‍ഥിയുടെ ജയ പരാജയങ്ങളെ വിലയിരുത്തേണ്ടത്.
പകരം അക്രമ രാഷ്ട്രീയത്തിന്റെ ഇരകളാക്കപ്പെടുന്ന കുടുംബങ്ങളുടെ പ്രതിനിധി കൂടിയാണവര്‍. ഭര്‍ത്താവിന്റെ കൊലപാതകികള്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യം ഉന്നയിച്ച് രമ നടത്തിയ പോരാട്ടങ്ങള്‍ ആഭ്യന്തര വകുപ്പിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.
ടി പിയുടെ ചോരവീണ മണ്ണില്‍ നിന്നും രമ വോട്ട് തേടുമ്പോള്‍ അതിന് വ്യത്യസ്തമായ രാഷ്ട്രീയമാനം കൈവരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം മരിച്ചുവീഴുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഉയരേണ്ടതായിരിക്കണം അവരുടെ ശബ്ദം.
ഒഞ്ചിയത്ത് കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയ്ക്കു മുന്നില്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദന്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രം രാഷ്ട്രീയ കേരളം ഇന്നും മറന്നിട്ടില്ല. ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്ന ചിത്രം ടിപി വധക്കേസില്‍ സിപിഎമ്മിന്റെ കുറ്റസമ്മതമെന്ന പോലെയാണ് പ്രചരിക്കപ്പെട്ടത്.
അതുവരെ കേള്‍ക്കാതിരുന്ന ഒരു പദ പ്രയോഗവും ടിപി വധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കേരളം കേട്ടു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം. വിഎസ്, ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പിണറായിയുടെ കുലം കുത്തി പ്രയോഗവും ടിപി വധക്കേസില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടാക്കി.
രമയുടെ ഹൃദയത്തില്‍ നിന്നും ഇന്നും ഉണങ്ങിയിട്ടില്ല 51 വെട്ടേല്‍പിച്ച ആഴത്തിലെ ആ മുറിവ്. ആ പോരാട്ടം ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഇരട്ടവോട്ടും, ബീഫിന്റെ രാഷ്ട്രീയവും ഒക്കെ ചര്‍ച്ചയാക്കി മുന്നണികളും രംഗത്തുണ്ട്.
ഏതായാലും ഇരട്ടവോട്ട് ആരോപണം ഉയര്‍ത്തിയവര്‍ക്ക് നേരെ അതേ ആരോപണവുമായി എതിരാളികള്‍ വന്നതോടെ വാള്‍ പയറ്റ് ശക്തമായിരിക്കുകയാണ്. തീര്‍ന്നില്ല രാജ്ദീപ് സര്‍ദേശായി എന്ന മാധ്യമ പ്രവര്‍ത്തകന്‍ കേരളത്തിലെ ബീഫിന്റെ രാഷ്ട്രീയവും വലിച്ചിട്ടിരിക്കുന്നു.
കുമ്മനത്തിന്റെ അതിനുള്ള മറുപടി കേരളത്തില്‍ സജീവ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തും കഴിക്കാന്‍ സ്വാതന്ത്ര്യം; കേരളത്തില്‍ ബീഫ് നിരോധനം ആവശ്യപ്പെടില്ല എന്നാണ് കുമ്മനം പറഞ്ഞത്.
'കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്.' അതേസമയം കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ്.
മറ്റു സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും കേരളത്തില്‍ ഇതുവരെ ബിജെപി ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെയായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. നീതി നിഷേധം, 51 വെട്ട്, ഇരട്ടവോട്ട്, കിറ്റ്, സ്വര്‍ണക്കടത്ത്, ശബരിമല, സഭാ വിശ്വാസികള്‍, ലൗജിഹാദ് ഒടുവില്‍ ബിഫ് വിവാദം വരെ. ഇനിയും എന്തൊക്കെ വരുമെന്ന് കാത്തിരിക്കാം. വിധിയെഴുത്ത് എന്തിനെന്നും.
https://www.facebook.com/Malayalivartha


























