നമുക്ക് കുറച്ചുകൂടി നല്ല നിലയില്‍ ഈ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകാന്‍ കഴിയില്ലേ? ഇടതുപക്ഷം തന്നെ ഒരു വെല്ലുവിളി ഉയര്‍ത്തിയ മുദ്രാവാക്യമായ 'നമുക്ക് വികസനം ചര്‍ച്ച ചെയ്യാം' എന്നത് നമുക്ക് മുവാറ്റുപുഴയില്‍ ഏറ്റെടുത്തു കൂടെ ? സിപിഐയുടെയും സൈബര്‍ പോരാളികളുടെയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്‍

സിപിഐയുടെയും സൈബര്‍ പോരാളികളുടെയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്‍.
വ്യക്ത്യാധിക്ഷേപങ്ങള്‍ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ സിപിഐയും ഇടതുപക്ഷ സുഹൃത്തുക്കളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാമും തയാറാകണമെന്ന് മാത്യു കുഴല്‍നാടന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
മാത്യു സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ കടുത്ത വ്യക്ത്യാധിക്ഷേപങ്ങളാണ് മാത്യുവിനു നേരെയുണ്ടാകുന്നത്. ഇതിനെതിരെയാണ് മാത്യു വിശദമായി പ്രതികരിച്ചിരിക്കുന്നത്. മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
നമുക്ക് കുറച്ച് കൂടി ആരോഗ്യകരമായ മത്സരം സാധ്യമല്ലേ..?
തിരഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ എല്ലാത്തിനും നമ്മള്‍ ചില അതിര്‍വരമ്പുകള്‍ വയ്ക്കാറുണ്ട്. അത് നിയമപരമായ ബാധ്യതയല്ല, പക്ഷേ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു എന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം തിരഞ്ഞെടുപ്പിന്റെ കേവല പ്രതിഫലനങ്ങള്‍ മാത്രമാണ് എന്നതുകൊണ്ട് പ്രതികരിക്കേണ്ടതില്ല എന്ന സമീപനമാണ് ഞാന്‍ സ്വീകരിച്ചത്.
പക്ഷേ ഇപ്പോള്‍ അത് എല്ലാ പരിധിയും വിട്ട നിലയിലേക്ക് പോയിരിക്കുന്നു. മറുപടി പറയാതെ വരുമ്പോള്‍ ആരോപണങ്ങള്‍ ശരിയാണ് എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം എന്നതുകൊണ്ടാണ് ഇത് കുറിക്കുന്നത്.
പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചില ഇടതുപക്ഷ സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചത്. ഒന്ന് എന്റെ വീടിന്റെ മതില്‍ റോഡിലേക്ക് തള്ളി ഇരിക്കുന്നത് കൊണ്ട് അവിടെ നിരവധി അപകടമരണങ്ങള്‍ ഉണ്ടായി എന്ന പച്ച കള്ളമാണ്.
ശരിയാണ് നേരത്തെ അവിടെ ഒരു അപകടം ഉണ്ടാകുകയും മതില്‍ കുറച്ച് അകത്തേക്ക് മാറ്റി വച്ചാല്‍ നന്നാവും എന്ന അഭിപ്രായം പലരും പറയുകയും ചെയ്തിരുന്നു. പക്ഷെ അപ്പച്ചന്‍ അതിനു അനുകൂലമായിരുന്നില്ല. പുറമ്ബോക്ക് കയ്യേറാത്തിടത്തോളം കാലം അതിന്റെ ആവശ്യം ഇല്ല എന്നായിരുന്നു അപ്പച്ചന്റെ നിലപാട്.
എന്നാല്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളാരും അതൊരു രാഷ്ട്രീയ വിഷയം ആക്കിയില്ല. യഥാര്‍ത്ഥത്തില്‍ വേണമെങ്കില്‍ അന്ന് അങ്ങനെ ചെയ്യാമായിരുന്നു. എന്നാല്‍ എന്റെ സമീപനം അവര്‍ക്കു അറിയാം എന്നതുകൊണ്ട് കൂടിയാണ് അവര്‍ അതിനു മുതിരാതിരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പിന്നീട് അപ്പച്ചനും അമ്മച്ചിയും വിദേശത്ത് പോയ സമയത്ത് അപ്പച്ചന്റെ അനുമതി വാങ്ങാതെ മതില്‍ സ്വന്തം ചിലവില്‍ പൊളിക്കുകയും ഉള്ളിലേക്ക് മാറ്റി വക്കുകയും ചെയ്തു.
പൊളിച്ച സമയത്ത് പഞ്ചായത്ത് ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സ് ആയിരുന്നെങ്കിലും ഞാന്‍ അന്ന് എന്റെ വാര്‍ഡിലെ സിപിഎം മെമ്ബറായ തൊട്ടിയില്‍ സാബു ചേട്ടനെ വിളിക്കുകയും ഏത്രമാത്രം അകത്തേക്ക് മാറ്റി വക്കണം എന്ന് ചോദിക്കുകയും അദ്ദേഹത്തോട് തന്നെ കുറ്റി അടിക്കാന്‍ പറയുകയും ചെയ്തു.
അദ്ദേഹം കുറ്റി അടിച്ച പ്രകാരം മതില്‍ പൊളിച്ചു കെട്ടി. അതിനു ശേഷം നാളിതുവരെ ഒരപകടവും അവിടെ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഞാന്‍ അപ്പച്ചന്റെ അനുമതി ഇല്ലാതെ കുടുംബത്തിലെ ഒരു കാര്യം ചെയ്യുന്നത്. വിദേശത്ത് നിന്നും മടങ്ങി വന്ന അപ്പച്ചന്‍ അതിനു എന്നെ ശകാരിക്കുകയും ചെയ്തു.
ഞാന്‍ മേല്‍പ്പറഞ്ഞ കാര്യം സത്യം അല്ല എന്ന് ഞങ്ങളുടെ നാട്ടിലെ സിപിഎം മെമ്ബര്‍ ആയ തൊട്ടിയില്‍ സാബുവോ അതല്ലെങ്കില്‍ സിപിഎം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദോ പറയുകയാണെങ്കില്‍ ഈ പറഞ്ഞതെല്ലാം ഞാന്‍ പിന്‍വലിക്കാം.
കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവര്‍ കള്ളം പറയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്രയും ആയ നിലക്ക് അവരോടു ഇതൊന്നു വിളിച്ച് ചോദിക്കുകയെങ്കിലും വേണം അങ്ങ്…
പിന്നെ അടുത്ത ആരോപണം ഞാനാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് വിധി വാങ്ങി നല്‍കിയത് എന്നാണ്. എനിക്ക് ജസ്റ്റിസ് അരുണ്‍ മിശ്രയുമായി ഉള്ള ബന്ധം കൊണ്ടാണത്രെ.
കോടതിയില്‍ വാദ മദ്ധ്യേ കണ്ടിട്ടുള്ളതല്ലാതെ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഇന്ന് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആളാണ് അരുണ്‍ മിശ്ര. പിന്നെ KMNP Law എന്ന അഭിഭാഷക സ്ഥാപനത്തില്‍ കെ കെ വേണുഗോപാലും, കൃഷ്ണന്‍ വേണുഗോപാലും പാര്‍ട്ണഴ്‌സ് ആണത്രേ.
രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനാണ് കെ കെ വേണുഗോപാല്‍, സുപ്രീം കോടതിയിലെ മുതിര്‍ന്ന (designated ) അഭിഭാഷകന്‍, അദ്ദേഹത്തിന്റെ മകനും മറ്റൊരു മുതിര്‍ന്ന അഭിഭാഷകനാണ്.
ഇവര്‍ രണ്ടു പേരും എന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള KMNP Law എന്ന സ്ഥാപനത്തില്‍ പാര്‍ട്ണേഴ്‌സ് ആണ് എന്ന് പറയുന്നതിന് മുമ്ബ്, കോടതി അംഗീകരിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്ക് അഭിഭാഷക സ്ഥാപനങ്ങളില്‍ പങ്കാളിത്തം പാടില്ല എന്ന വ്യവസ്ഥ ഉണ്ട് എന്ന് എങ്കിലും മനസിലാക്കണ്ടേ ?
പിന്നെ എന്റെ പാര്‍ട്ണര്‍ ആയിട്ടുള്ള കുര്യാക്കോസ് ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി കേസ് നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്. ഞങ്ങള്‍ പാര്‍ട്ണേഴ്‌സ് ആകുന്നതിനു മുമ്ബേ അദ്ദേഹം അവരുടെ വക്കീലാണ്.
ഞങ്ങള്‍ ഒന്നിക്കുമ്ബോള്‍ ഉള്ള വ്യവസ്ഥ എന്ന് പറയുന്നത് അതുവരെ നടത്തി വന്ന കേസുകള്‍ അവരവര്‍ക്ക് സ്വതന്ത്രമായി നടത്താം എന്നതാണ്. അതനുസരിച്ച് അദ്ദേഹം അവര്‍ക്കു വേണ്ടി കേസ് നടത്തി.
ഉടമസ്ഥാവകാശം ഉള്ളതും ഇല്ലാത്തതും ആയ 12 ഓളം പാര്‍ട്ണഴ്‌സ് ആണ് എന്‍്റെ ഫേമിന് ഉള്ളതും. പലരും പല മതങ്ങളിലും, ജാതിയിലും ഉള്ളവരും പല രാഷ്ട്രീയം വച്ച് പുലര്‍ത്തുന്നവരും.
KMNP Law ഒരു സ്വതന്ത്ര പ്രഫഷണല്‍ സ്ഥാപനമാണ്. ഞാന്‍ അതില്‍ ജോലി ചെയുന്ന ഉടമസ്ഥാവകാശം ഉള്ള ഒരു പാര്‍ട്ണറും. ഇതാണ് യാഥാര്‍ഥ്യം എന്നിരിക്കെ എന്തൊക്കെയാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ?
സഭയോടുള്ള സ്നേഹവും കൂറും ഒന്നും ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. അതിനെ സ്വന്തം കാര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനോട് എത്ര മാത്രം ആത്മാര്‍ഥത ഉണ്ട് എന്ന് മനസിലാക്കാന്‍ പ്രയാസമില്ല. ബിജെപി യും സിപിഎം ഉം ചെയ്യുന്നത് വേറൊന്നുമല്ല. പ്രതിസന്ധി നേരിടുന്ന ഒരു സഭയെ മാര്‍ക്കറ്റിലെ വില്‍പ്പന ചരക്കുപോലെ ഇട്ട് തട്ടുകയാണ്. നിങ്ങളും ആ ഗണത്തില്‍ ആവരുത്.
നമുക്ക് കുറച്ചുകൂടി നല്ല നിലയില്‍ ഈ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകാന്‍ കഴിയില്ലേ? ഇടതുപക്ഷം തന്നെ ഒരു വെല്ലുവിളി ഉയര്‍ത്തിയ മുദ്രാവാക്യമായ 'നമുക്ക് വികസനം ചര്‍ച്ച ചെയ്യാം' എന്നത് നമുക്ക് മുവാറ്റുപുഴയില്‍ ഏറ്റെടുത്തു കൂടെ ? ഞാന്‍ തയാറാണ്…
അങ്ങ് നടത്തി എന്ന് പറയുന്ന വികസനവും, കഴിഞ്ഞ 5 വര്‍ഷങ്ങള്‍ മുവാറ്റുപുഴയ്ക്ക് നഷ്ടപ്പെട്ടു എന്ന് ഞങ്ങള്‍ പറയുന്ന ആരോപണവും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. ജനം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.
നമ്മള്‍ സഹപാഠികളും സതീര്‍ഥ്യരും ആയിരുന്നവരാണ്.. പുതിയ തലമുറയിലെ രാഷ്ട്രീയക്കാരാണ്.. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ഒക്കെ ഈ തിരഞ്ഞെടുപ്പിനെ നമുക്ക് നല്ല ഒരനുഭവം ആക്കാം...
https://www.facebook.com/Malayalivartha


























