സ്വർണക്കട്ടിയ്‌ക്ക് വേണ്ടി കേരളത്തെ എൽ ഡി എഫുകാർ ഒറ്റുകൊടുത്തുവെന്ന് പ്രധാനമന്ത്രി; സൂര്യന്റെ രശ്‌മികളെ പോലും യു ഡി എഫുകാർ വെറുതെ വിട്ടില്ല

എൽ ഡി എഫ്- യു ഡി എഫ് ഫിക്‌സഡ് മത്സരം ഇത്തവണ കേരളം തളളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവ വോട്ടർമാർ എൽ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. പുതിയ വോട്ടർമാർ ഇരുമുന്നണികളുടെയും മാച്ച് ഫിക്‌സിംഗ് മത്സരത്തെ എതിർക്കുന്നു.
അഞ്ച് വർഷം കൂടുന്തോറും ഇരുമുന്നണികളും കേരളത്തെ കൊളളയടിക്കുകയാണ് ചെയ്യുന്നത്.
ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസും ഒറ്റക്കെട്ടാണ്. അണിയറയിലെ നാടകങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സൂര്യന്റെ രശ്‌മികളെ പോലും യു ഡി എഫുകാർ വെറുതെ വിട്ടില്ല. സ്വർണക്കട്ടിയ്‌ക്ക് വേണ്ടി ബൈബിളിലെ യൂദാസിനെ പോലെ കേരളത്തെ എൽ ഡി എഫുകാർ ഒറ്റുകൊടുത്തെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം, ക്രിമിനൽവത്ക്കരണം ഈ രോഗങ്ങളുടെയെല്ലാം അടിസ്ഥാനകാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഈ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ രാജാക്കന്മാരാണ് എൽ ഡി എഫും യു ഡി എഫും.
വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്തി കീശ വീർപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
ബി ജെ പി കേരളത്തെ കുറിച്ച് വിഭാവനം ചെയ്യുന്നത് പുരോഗമനപരമായ ആശയമാണ്. വ്യത്യസ്‌ത തുറകളിൽപ്പെടുന്ന പ്രൊഫഷണലുകളായി ആളുകൾ ബി ജെ പി യിലേക്ക് ആകൃഷ്‌ടരാവുന്നത് അതുകൊണ്ടാണ്. മെട്രോമാൻ ശ്രീധരൻ ജീവിതത്തിൽ എല്ലാം നേടിയ മനുഷ്യനാണ്.
ഇന്ത്യയെ ആധുനികവത്കരിക്കുന്നതിൽ നേട്ടം കൈവരിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടി ശ്രീധരൻ സ്വയം സമർപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനിയായ മകനാണ് ശ്രീധരനെന്നും മോദി പറഞ്ഞു.
അധികാരം ആയിരുന്നു ആഗ്രഹമെങ്കിൽ ശ്രീധരന് അത് ഇരുപത് വർഷം മുമ്പ് ആകാമായിരുന്നു. ഉത്സാഹവും ആവേശവും നൽകുന്ന വ്യക്തിത്വമാണ് ശ്രീധരന്റേതെന്നും മോദി പറയുകയുണ്ടായി.
വിമാന മാർഗം കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്റ്ററിൽ പാലക്കാട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വന്നിറങ്ങുകയായിരുന്നു. നഗരസഭാദ്ധ്യക്ഷ പ്രിയ അജയന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
തുടർന്ന് റോഡ് മാർഗം സമ്മേളന വേദിയായ കോട്ട മൈതാനത്തെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിൽ നിന്നുളള എൻ ഡി എ സ്ഥാനാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























