എല്‍ഡിഎഫിനനുകൂലമായ ജനവികാരം എല്ലാ ജില്ലകളിലും പ്രകടമാണ്; അതിനര്‍ത്ഥം അഞ്ചു വര്‍ഷം മുന്‍പ് നേടിയതിനേക്കാള്‍ ഉജ്വലമായ വിജയം ഇത്തവണ എല്‍ഡിഎഫ് നേടും, മുഖ്യമന്ത്രി പിണറായി വിജയൻ

ജനങ്ങളുടെ പ്രതീക്ഷയേയും ആവേശത്തെയും ഈ യാത്രയില്‍ തൊട്ടറിയാന്‍ കഴിഞ്ഞു. എല്‍ഡിഎഫിനനുകൂലമായ ജനവികാരം എല്ലാ ജില്ലകളിലും പ്രകടമാണ്. അതിനര്‍ത്ഥം അഞ്ചു വര്‍ഷം മുന്‍പ് നേടിയതിനേക്കാള്‍ ഉജ്വലമായ വിജയം ഇത്തവണ എല്‍ഡിഎഫ് നേടും.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒരുപോലെ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും. പ്രായഭേദമന്യേ കുഞ്ഞുങ്ങള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍ വരെ എല്‍ഡിഎഫിനെ വലിയ തോതില്‍ അനുകൂലിക്കുകയാണ്.അഞ്ചു കൊല്ലം മുന്‍പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ളോസ് ചെയ്യും. ബിജെപിയുടെ വോട്ടു വിഹിതവും ഇത്തവണ താഴേക്ക് പോകും. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.
പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഇല്ലായിരുന്നു എങ്കില്‍ നാം ഇന്നത്തേതിനേക്കാള്‍ ബഹുദൂരം മുന്നോട്ടുപോകുമായിരുന്നു. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും ജനങ്ങുടെ ഒരുമയും ഐക്യവും നിലനിര്‍ത്തി സധൈര്യം നേരിട്ട് ലോക മാതൃകയായി മുന്നോട്ടുപോകാന്‍ നമ്മുടെ നാടിന് കഴിഞ്ഞു. ഇവിടെ കാണുന്ന ഒരു പ്രത്യേകത കേരളത്തിന്‍റെ വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ഭയപ്പെടുന്നു.
അഞ്ചു വര്‍ഷം മുമ്പത്തെ കേരളവുമായി ഇന്നത്തെ കേരളത്തെ താരതമ്യപ്പെടുത്താനുള്ള ജാള്യതയാണ് പ്രതിപക്ഷത്തിന്. അതുകൊണ്ട് അവര്‍ വികസനത്തെ ഏതെല്ലാം തരത്തില്‍ മറച്ച് വെക്കാന്‍ കഴിയും എന്നാണ് നോക്കുന്നത്. അതിനുപകരം വികാരം ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. വിവാദങ്ങളുടെ ഉല്‍പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറിയിരിക്കുന്നു. സാമ്പത്തികത്തകര്‍ച്ചയും കോവിഡ് മഹാമാരിയും രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കയാണ്.
ജനങ്ങളുടെ ദുരിതം പരിഹരിക്കാനോ ലഘൂകരിക്കാന്‍ പോലുമോ ഉള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍എസ്എസ് അജണ്ടയുമായാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയുള്ള സര്‍ക്കാരുകള്‍ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥിതിയാണ്. ആര്‍എസ്എസിന്‍റെ ആക്രമണോത്സുകമായ വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനും ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് മാത്രമല്ല, ബിജെപിക്കൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് തയ്യാറാകുന്നത്.
കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചപ്പോള്‍ അതിനോട് സംസ്ഥാന സര്‍ക്കാരിനുള്ള നിലപാടും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതൊന്നും കേരളത്തില്‍ നടപ്പാക്കില്ല. മതം അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്. ജനങ്ങളുടെ ഐക്യമാണ് ഏതു രാഷ്ട്രത്തിന്‍റെയും ശക്തി. ആ ഐക്യം തകര്‍ക്കാനുള്ള ഏതു നീക്കത്തെയും ഇടതുപക്ഷം ശക്തിയായി എതിര്‍ക്കും. രാജ്യത്തിന്‍റെ ഭാവിയെ കരുതിയുള്ള നിലപാടാണിത്.
യുപിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അത് ആരോപണം മാത്രമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത് കേട്ടില്ലേ? കന്യാസ്ത്രീകളുടെ യാത്രാരേഖകള്‍ പരിശോധിച്ച് വിട്ടയക്കുക മാത്രമാണ് ചെയ്തതത്രെ.
എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് കേരള മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും ആരോപണം മാത്രമാണെത്രെ. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണം ഉള്ള രാജ്യത്താണ് കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താല്‍ ആക്രമണത്തിനിനിരയാകുന്നത്. ആ കാടത്തത്തെ ന്യായീകരിക്കാന്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ ചുമതലയുള്ള കേന്ദ്ര മന്ത്രി തന്നെ ഒരു മടിയുമില്ലാതെ രംഗത്തെത്തി പച്ചക്കള്ളം വിളിച്ചു പറയുന്നു.
ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യവാദികള്‍ക്കും രക്ഷയില്ല എന്നതിന്‍റെ തെളിവാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. നടന്ന ആക്രമണത്തെ അപലപിക്കാന്‍ പോലും മന്ത്രി തയ്യാറായില്ല. എന്തിനാണ് കന്യാസ്ത്രീകളെ എബിവിപി ഗുണ്ടകള്‍ അധിക്ഷേപിച്ചത്?
എന്തിനാണ് അവരെ തടഞ്ഞുവെച്ചത്?
എന്തിനാണ് മതം മാറ്റത്തിന് ശ്രമിക്കുന്നു എന്ന് പറഞ്ഞ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസില്‍ ഏല്‍പ്പിച്ചത്?
നിയമം കയ്യിലെടുത്ത് നാടിന്‍റെ മതമൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നതു പോരാഞ്ഞിട്ട് അക്രമികളെ വെള്ളപൂശുകയാണോ ഒരു കേന്ദ്രമന്ത്രി ചെയ്യേണ്ടത്? ബീഫിന്‍റെ പേരിലുണ്ടായിരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അത് മറ്റു തരത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഏതായാലും മതനിരപേക്ഷ ശക്തികള്‍ അതിനെ ചെറുത്തു നില്‍ക്കും. കേരളം അതിന്‍റെ മുന്നില്‍തന്നെയുണ്ടാകും.
ഇവിടെ, ഇടതുപക്ഷ വിരോധവും അധികാരത്തോടുള്ള ആര്‍ത്തിയും കൊണ്ട് സ്ഥലജലഭ്രമം ബാധിച്ച പ്രതിപക്ഷമാണുള്ളത്. ആര്‍എസ്എസ് എന്ന പേരുച്ചരിക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നു.
https://www.facebook.com/Malayalivartha

























