തിരുവിതാകൂറിനെ കയ്യിലെടുത്ത് പ്രിയങ്കാ ഗാന്ധി.... പ്രതിനിധികളുടെ വിജയം ഉറപ്പിച്ച് അടുത്ത തട്ടകത്തിലേക്ക് യാത്ര തിരിച്ചു...

തിരുവിതാംകൂറിന്റെ തെരഞ്ഞെടുപ്പ് പോരാട്ട വീര്യം കൂട്ടുവാനായി കോൺഗ്രസിന്റെ എത്രയും പ്രിയപ്പെട്ട നേതാവായ പ്രയങ്കഗാന്ധി തലസ്ഥാനത്തെത്തി. കനത്ത ചൂടും തിരക്കുമൊന്നും കോൺഗ്രസ് പ്രവർത്തകർക്കു അതിനാൽ ഒരു വിഷയമേ ആയിരുന്നില്ല. ഏകദേശം 5 മണിയോടെ പ്രിയങ്ക എത്തുമെന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പ്. പക്ഷേ, ഒരു മണി മുതൽ തന്നെ മൈതാനത്തിലേക്ക് ആവേശത്തോടെ പ്രവർത്തകർ എത്തിത്തുടങ്ങി.
വെയിൽ നേരിട്ടു പതിച്ചിട്ടും നിർത്താതെ വിയർത്തിട്ടും മുദ്രാവാക്യമുയർന്ന പ്രവർത്തകരിൽ ക്ഷീണം തെല്ലുമില്ലായിരുന്നു. വെഞ്ഞാറമൂടിൽ നിന്ന് ഹെലികോപ്ടറിൽ സ്കൂളിന് എതിരെയുള്ള ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പ്രിയങ്ക എത്തുമെന്നായിരുന്നു ഷെഡ്യൂൾ. പക്ഷേ, സന്ദർശന കേന്ദ്രങ്ങളിലെ തിരക്കു കാരണം സമയത്ത് കാട്ടാക്കടയിൽ എത്തിച്ചേരാനായില്ല. 6 മണി കഴിഞ്ഞതിനാൽ ഹെലികോപ്ടർ ഒഴിവാക്കി റോഡ് മാർഗമായിരുന്നു യാത്ര തിരിച്ചത്. വൈകുന്നേരം ഏഴരയോടെ പ്രിയങ്ക വേദിയിലെത്തി.
ഒരു നിമിഷം പ്രിയങ്ക നോക്കി നിന്ന ശേഷം കൈ വീശിക്കൊണ്ടു പ്രവർത്തകർക്കു നേരേ പുഞ്ചിരി തൂകി. തുടർന്ന് അരുവിക്കരയിലെ സ്ഥാനാർഥി കെ.എസ്.ശബരീനാഥൻ, കാട്ടാക്കടയിലെ സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ, പാറശാലയിലെ സ്ഥാനാർഥി അൻസജിത റസൽ എന്നിവരെ ചേർത്തു നിർത്തി പറഞ്ഞു, ‘ഇവർ ജയിക്കാതെ നമുക്കു വിശ്രമമില്ലെന്ന്.’ പ്രിയങ്കയുടെ പരിഭാഷകയായി ജ്യോതി വിജയകുമാർ ആയിരുന്നു വേദിയിലുണ്ടായിരുന്നത്.
തുടക്കമിട്ടത് യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായിരുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ലഭിക്കുന്ന ന്യായ് പദ്ധതി, 40 മുതൽ 60 വയസ്സുവരെയുള്ള വീട്ടമ്മമാർക്ക് 2000 രൂപ ധനസഹായം, 3000 രൂപയുടെ സാമൂഹിക ക്ഷേമ പെൻഷൻ. സ്ത്രീകൾക്ക് ഇരുചക്ര വാഹനം അങ്ങനെ പലതും..
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം 5,000 കോടി രൂപയ്ക്കു വിറ്റവരാണ് ഇവിടത്തെ സർക്കാരെന്നു പറഞ്ഞു കൊണ്ടാണ് പിണറായി സർക്കാരിനെതിരെ പ്രിയങ്ക പ്രതിരോധം തീർത്തത്. നോട്ട് നിരോധനം മുതൽ ലോക്ഡൗൺ വരെ ബിജെപി സർക്കാർ എടുത്ത തീരുമാനങ്ങളെ വിമർശിക്കാനും പ്രിയങ്ക വേദി ഉപയോഗപ്പെടുത്തി.
വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർഥി പട്ടികയിൽ നിന്ന് അവസാന നിമിഷം പുറത്തേക്കു പോയിയെങ്കിലും അതേ മണ്ഡലത്തിലെ സ്ഥാനാർഥിക്കു വേണ്ടി പ്രിയങ്കയുടെ വാക്കുകളിലൂടെ വോട്ട് ആഭ്യർഥിച്ച് എത്തിയതാണ് ജ്യോതി വിജയകുമാർ. ഇംഗ്ലിഷിൽ പ്രസംഗിക്കുന്ന പ്രിയങ്ക തന്നെയാണോ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നത് എന്നു സംശയം പോലും തോന്നിപ്പിക്കുന്ന തരത്തിൽ മനോഹരമായ പരിഭാഷയിൽ ഇന്നലെയും പ്രിയങ്കയുടെ പ്രസംഗ വേദികളിൽ താരമായി ജ്യോതി വിജയകുമാർ മാറിയിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയും തിരികെയും എല്ലാ വേദികളിലും പ്രിയങ്കയോടൊപ്പം ജ്യോതിയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വിശ്രമമില്ലാതെ മൂന്നു ജില്ലകളിലായി നടത്തിയ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി ദർശനം നടത്തി. നേമത്തെയും വട്ടിയൂർക്കാവിലെയും സ്ഥാനാർഥികളായ കെ.മുരളീധരൻ, വീണ എസ്. നായർ, ശശി തരൂർ എംപി എന്നിവരായിരുന്നു പ്രിയങ്കയെ ക്ഷേത്രത്തിലേക്കു വരവേറ്റത്.
ക്ഷേത്രത്തിൽ രാത്രി എട്ടരയോടെ എത്തിയ പ്രിയങ്ക 15 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു. കാണിക്കയിട്ട് നടയ്ക്കൽ പട്ടും ഹാരവും സമർപ്പിച്ചു, നേർച്ചയായി പുഷ്പാഞ്ജലിയും കഴിപ്പിച്ചു. കീടാതെ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണാ എസ്. നായർക്കൊപ്പം നാരങ്ങ വിളക്കും തെളിച്ചു. ശേഷം, മടങ്ങിപ്പോകുമ്പോഴും പാർക്കിങ് ഗ്രൗണ്ടിലും വഴിവക്കിലുമായി സ്ത്രീകൾ ഉൾപ്പെടെ പ്രിയങ്കരിയായ നേതാവിനെ കാണാൻ കാത്തു നിന്നിരുന്നു.
https://www.facebook.com/Malayalivartha

























