പി.കെ. ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് അക്രമം... സ്ഥാനാർഥിയെ ജാതി പേര് വിളിച്ച് അപമാനിച്ചെന്ന് പരാതി... ഡ്രൈവറേയും കയ്യേറ്റം ചെയ്‌തെന്ന് പരാതി... 4 പേര്‍ അറസ്റ്റിൽ... യുഡിഎഫ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം പനമരം ഏരിയ കമ്മിറ്റി...

മാനന്തവാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് അക്രമം നടത്തിയ 4 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി നടവയലിലെ പ്രചാരണം കഴിഞ്ഞ് പനമരത്തേയ്ക്ക് പോയ സ്ഥാനാർഥിയുടെ വാഹനം പുഞ്ചവയലിൽ വച്ച് കണ്ടാലറിയുന്ന പതിനഞ്ചോളം പേർ ചേർന്ന് അക്രമിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്തെന്നും സ്ഥാനാർഥിയെ ജാതി പേര് വിളിച്ച് അപമാനിച്ചെന്നുമാണ് പരാതി.
ഡിവൈഎഫ്ഐ പ്രവർത്തകരായ മാത്തൂർ നിമിത്ത് (27), പരിയാരം കോഴിപറമ്പിൽ ഉമേഷ് കുമാർ (32), മുളമുട്ടിൽ സ്മിജിത്ത് ലാൽ (27) ശ്രീലാൽ (29 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മൈക്കിനു അനുവദിച്ച സമയം അവസാനിച്ചുവെന്ന് ആരോപിച്ച് നടുറോഡിൽ തടഞ്ഞ് ഡ്രൈവറെയും മൈക്ക് ഓപ്പറേറ്ററെയും പ്രകോപനമില്ലാതെ ആക്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രാത്രി 11.30 വരെ യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
തുടർന്ന് മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രൻ യുഡിഎഫ് നേതാക്കളായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പി.കെ. ജയലക്ഷ്മി, പി.കെ. അസ്മത്ത്, എം.സി. സെബാസ്റ്റ്യൻ, ബെന്നി അരിഞ്ചേർമല, പി.ജെ. ബേബി, അസീസ് എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പു നൽകിയതോടെയാണ് സമരക്കാർ പിരിഞ്ഞത്.
അതേസമയം യുഡിഎഫ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം പനമരം ഏരിയ കമ്മിറ്റി. സംഭവത്തിൽ എൽഡിഎഫിനോ ഡിവൈഎഫ്ഐയ്ക്കോ പങ്കില്ല.
പരാജയ ഭീതിയിൽ യുഡിഎഫ് ബോധപൂർവം കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിലുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് പ്രചാരണം.
എന്നാൽ, മതസ്‌പർധ ഉണ്ടാക്കുന്നതിനുൾപ്പെടെ വർഗീയ പരാമർശങ്ങളുമായാണ് യുഡിഎഫ് പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു.
https://www.facebook.com/Malayalivartha

























