ഇന്ത്യയുടെ പാരമ്പര്യം നിലനിർത്താൻ മോദിക്കും പിണറായിക്കും കഴിയില്ലെന്ന് തുറന്നടിച്ച് ഉമ്മൻചാണ്ടി... പിണറായി സർക്കാർ കേരളത്തെ കടത്തിൽ മുക്കിയെന്നും ആരോപണം...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പിണറായി വിജയന്റെയും ഏകാധിപത്യമല്ല ജനം ആഗ്രഹിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പാരമ്പര്യം പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെതുമാണ്.
അത് നിലനിർത്താൻ മോദിക്കും പിണറായിക്കും കഴിയില്ല. കിറ്റ് കൊടുത്തതല്ലാതെ പിണറായി സർക്കാരിന് 5 വർഷത്തെ മറ്റു നേട്ടമൊന്നും അവകാശപ്പെടാനില്ല. കിറ്റ് കൊടുക്കാൻ ഉദ്യോഗസ്ഥർ മാത്രം പോരെ. പിണറായി സർക്കാർ കേരളത്തെ കടത്തിൽ മുക്കി കൊല്ലുകയാണ്.
5 വർഷം കൊണ്ട് പിണറായി സർക്കാർ ഉണ്ടാക്കിയ കടം സ്വാതന്ത്ര്യം കിട്ടിയശേഷം 2016 വരെ കേരളത്തിൽ ഉണ്ടായതിനേക്കാൾ കൂടുതലാണ്. ഈ കടം ഉണ്ടാക്കിയത് ധൂർത്തടിക്കാനും പാർട്ടി കേസുകൾക്ക് പരിഹാരം കാണാനും മാത്രമാണെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.
പരിപാടിയിൽ പ്രമോദ് കക്കട്ടിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല, രാജേഷ് ചെറുവണ്ണൂർ, വി. എം. ചന്ദ്രൻ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, പി. എം. അബൂബക്കർ, മരക്കാട്ടേരി ദാമോദരൻ, കെ. സി. കുഞ്ഞമ്മദ്കുട്ടി, കെ. ടി. അബ്ദുറഹിമാൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ. കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha

























