ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ അംഗീകരിച്ചു

ഇരട്ടവോട്ട് തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഇരട്ടവോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവർ വോട്ടു ചെയ്യുന്ന ബൂത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.
ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ ഒരു ബൂത്തിൽ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂ എന്ന് ഉറപ്പിക്കണം. വോട്ടെടുപ്പ് സുഗമമാക്കാൻ ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാമെന്നും കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹർജി നൽകിയത്.
സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹർജിയിൽ വാദംകേൾക്കുന്നതിനിടെ കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം കള്ളവോട്ട് തടയാനുള്ള നാലിന നിർദ്ദേശങ്ങൾ രമേശ് ചെന്നിത്തല കോടതിയ്ക്ക് കൈമാറിയിരുന്നു.ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം. ഇതിന്റെ രേഖകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറണം, ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും സത്യവാങ്മൂലം നൽകണം.
വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തിരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വറിൽ ശേഖരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് പ്രതിപക്ഷ നേതാവ് നൽകിയത്. വോട്ടർപട്ടികയിൽ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























