ഇതാണ് ഹൃദയതാളം... തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും നടത്തിയ ചടുല താളത്തില്‍ സകല മലയാളികളും വീണതോടെ എതിര്‍ സ്വരങ്ങളും കൂടി; കലയെ കലയായി മാത്രം കാണാതെ കലാപമായി കാണുന്നവര്‍ക്ക് കേരളം കൂടോടെ ഉയര്‍ന്നതോടെ മതിയായി; പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ബോണി എം ബാന്‍ഡിന്റെ 'റാ റാ റാസ്പുടിന്‍'' പാട്ടിനൊപ്പം നൃത്തം വച്ച് പുതുതരംഗമായപ്പോള്‍ വിവാദങ്ങളും കൂടെയുണ്ടായി.
കലയോടൊപ്പം ഇവരുടെ ജാതി അന്വേഷിച്ച് പോയി വൃത്തികെട്ട രൂപവും തെളിഞ്ഞതോടെ കളി മാറി. കേരളം ഒന്നാകെ ഈ വിദ്യാര്‍ത്ഥികള്‍ക്കായി നിന്നതോടെ അവര്‍ സൂപ്പര്‍ ഹിറ്റ്.
വെറും 30 സെക്കന്റുകളില്‍ ജീവിതം മാറി മറിഞ്ഞതിന്റെ അത്ഭുതവും സന്തോഷവും ഇപ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയെയും നവീനെയും വിട്ടുപോയിട്ടില്ല. ഒട്ടും പ്‌ളാന്‍ ചെയ്യാതെ ആശുപത്രിയിലെ പി.ജി വിദ്യാര്‍ത്ഥികളുടെ ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ വച്ചു ചെയ്ത നൃത്തം ലോകമെങ്ങും വൈറലായത് ഇവരുടെ വിദൂരസ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്ന കാര്യമല്ല.
നാലുപതിറ്റാണ്ട് മുമ്പ് ലോകത്തിന്റെ ഹരമായി പടര്‍ന്ന 'റാ... റാ... റാസ്പുടിന്‍, ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍'എന്ന ബോണി എം ബാന്‍ഡിന്റെ വരികള്‍ക്കാണ് നവീനും ജാനകിയും ചടുല വേഗവും മനോഹര ഭാവങ്ങളും സമന്വയിച്ച നൃത്തഭാഷ്യം പകര്‍ന്നത്.
റഷ്യയിലെ അവസാനത്തെ സാര്‍ ചക്രവര്‍ത്തിയുടെ അന്തപ്പുരത്തില്‍ വിലസിയ റാസ്പുടിന്റെ ദുരന്തം 1978ലാണ് ബോണി എം. സൂപ്പര്‍ ഹിറ്റ് ഗാനമാക്കിയത്.
അന്തരിച്ച ബോബി ഫാരലും മൂന്ന് ഗായികമാരും ചേര്‍ന്നാണ് ആ ഗാനം പാടിയത്. ആ പാട്ടില്‍ ഒരു വരിയുണ്ട് ഫുള്‍ ഓഫ് എക്സ്റ്റസി ആന്‍ഡ് ഫയര്‍... മുപ്പതു സെക്കന്‍ഡില്‍ ആ തീയും ആഹ്ലാദവും പകര്‍ന്ന ജാനകിയും നവീനും യുവതയുടെ ഹരമായി. ശാസ്ത്രീയ നൃത്തം പഠിച്ച ജാനകിയെയും നൃത്തപഠനമൊന്നുമില്ലാതിരുന്ന നവീനെയും തേച്ചുമിനുക്കിയെടുത്തത് മെഡിക്കല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സജീവമായ ഡാന്‍സ് കൂട്ടായ്മയാണ്.
വിമര്‍ശനങ്ങളോട് ഒന്നും പറയാനില്ലെന്നാണ് ഇരുവരും പറയുന്നത്. നമ്മള്‍ എന്തു ചെയ്താലും അതിന് പോസിറ്റീവായും നെഗറ്റീവായും കമന്റുകളുണ്ടാകും. വിമര്‍ശനങ്ങളേക്കാള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് നല്ല അഭിപ്രായങ്ങളാണ്. അതു മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. വിമര്‍ശനങ്ങളൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ അതിന് പ്രതികരിച്ചില്ല, മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് തോന്നിയത്. പിന്നെ യൂണിയന്‍ തീരുമാനപ്രകാരമാണ് ഞങ്ങളുടെ ഡാന്‍സ് ടീമിന്റെ നേതൃത്വത്തില്‍ മറ്റു വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി 'റാസ്പുടിന്‍' തന്നെ വീണ്ടും ചെയ്തത്. എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള നൃത്തത്തിലൂടെയുള്ള മറുപടിയായിരുന്നു അത്. അതും നല്ല രീതിയില്‍ റീച്ചായി.
അശ്വിന്‍ ഗോപാലകൃഷ്ണന്‍, നിമിഷ, ജഗത് വിനോജ്, കൃഷ്‌ണേന്ദു, ആര്‍ദ്ര സിന്ധു ദേവദാസ്, ഹൃത്വിക് റെജി, ഗൗതം കൃഷ്ണന്‍, ഓസ്റ്റിന്‍ ബൈജു, ഗോകുല്‍, ഷഹാന, ലക്ഷ്മി പാര്‍വതി എന്നിവരായിരുന്നു ഞങ്ങളോടൊപ്പമുണ്ടായിരുന്നത്. മുഷ്താഖ്അലിയും ആദില്‍ അസീസും ചേര്‍ന്നാണ് ഈ നൃത്തം ചിത്രീകരിച്ചതും എഡിറ്റിംഗ് നിര്‍വഹിച്ചതും.
ഞങ്ങളുടെ സന്തോഷം ഡാന്‍സാണ്, ഓരോരുത്തരുടെയും താത്പര്യങ്ങള്‍ പലതല്ലേ... ഇപ്പോള്‍ ഞങ്ങളുടെ കോളേജില്‍ ഫുട്ബാള്‍ ഇഷ്ടപ്പെടുന്നവരുണ്ട്. അതുപോലെ തന്നെയാണിതും. നിങ്ങളെന്തിനാണ് ഡാന്‍സ് ചെയ്തത്
നിങ്ങളുടെ ഡ്യൂട്ടി അതല്ലല്ലോ, മെഡിക്കോസ് ഡാന്‍സ് ചെയ്യാന്‍ പാടില്ല, ഡ്യൂട്ടി കഴിഞ്ഞാണോ ഡാന്‍സ് ചെയ്തത്, ഡോക്ടര്‍മാരുടെ ജോലി ഇതാണോ എന്നൊക്കെ ഒരുപാട് കമന്റ്‌സ് കേട്ടു. ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളാണെന്നാണ്, ഞങ്ങള്‍ക്കിപ്പോള്‍ ഡ്യൂട്ടി ഇല്ല, പഠനം കഴിഞ്ഞ് എല്ലാവരും കളിക്കാനൊക്കെ പോകില്ലേ... അങ്ങനെ ഞങ്ങള്‍ ഡാന്‍സ് കളിച്ചു എന്നേയുള്ളൂ. ഇനി ഡോക്ടര്‍മാരായാലും അവരും മറ്റെല്ലാവരെയും പോലെ സാധാരണ മനുഷ്യരാണ്. എന്തു ചെയ്യുമ്പോഴും നൂറുശതമാനം മനസുറപ്പിച്ചു തന്നെ ചെയ്യും.
സത്യസന്ധമായി പറഞ്ഞാല്‍ ഇങ്ങനെ ഒരു ഹൈപ്പ് പ്രതീക്ഷിച്ചതേയില്ല, കോളേജിലെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടണം എന്നു മാത്രമായിരുന്നു ഡാന്‍സ് ചെയ്യുമ്പോള്‍ മനസിലുണ്ടായിരുന്നത്.
ലോക്ക് ഡൗണിന് മുമ്പ് ഞങ്ങള്‍ ഡാന്‍സ് വീഡിയോ എടുത്ത് വീഡിയോ സ്പ്‌ളിറ്റ് സ്‌ക്രീനില്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അത്യാവശ്യം റീച്ച് കിട്ടിയിരുന്നു. കോളേജില്‍ വന്ന് അങ്ങനെ എന്തെങ്കിലും ചെയ്യണമെന്നൊക്കെ മനസിലുണ്ടായിരുന്നു. ആ സമയത്ത് റാസ്പുടിന്‍ റീല്‍സില്‍ ട്രെന്‍ഡിംഗായിരുന്നു. അതുകൊണ്ട് ഒന്നു ചെയ്തു നോക്കിയാലോ എന്ന് തോന്നി. അതിപ്പോള്‍ സൂപ്പര്‍ ഹിറ്റായി.
"
https://www.facebook.com/Malayalivartha
























