കാറ്റ് ആര്‍ക്ക് അനുകൂലമെന്ന് ആര്‍ക്കും പ്രവചിക്കാനാവുന്നില്ല; മുന്നില്‍ വിജയകുമാറെന്ന് സര്‍വ്വേ ഫലങ്ങള്‍, അവസാന അടിയൊഴുക്കുകളില്‍ പ്രതീക്ഷിച്ച് ശബരിയും

ഒരു ഉപതിരഞ്ഞെടുപ്പുകൊണ്ട് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കുന്ന മണ്‍ഡലമായി മാറിയ അരുവിക്കരയില്‍ കണക്കുകൂട്ടലുകള്‍ അസാധ്യമാകുന്നു. അത്രക്ക് ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് മൂന്ന് പാര്‍ട്ടികളും. അവസാന അടിയൊഴുക്കുകള്‍ ആര്‍ക്കൊപ്പമാണോ അവര്‍ വിജയം കൈവരിക്കും. എന്നാല്‍ ഇതിനിടയില്‍ ചില സര്‍വ്വേഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. വോട്ടെടുപ്പ് ദിവസത്തിലെ അവസാന മണിക്കൂറുകളിലുള്ള പോളിങ്ങും ബിജെപി സ്ഥാനാര്‍ത്ഥി രാജഗോപാല്‍ പിടിക്കുന്ന വോട്ടുമായിരിക്കും വിജയകുമാറിന്റെയും ശബരീനാഥന്റെയും വിധി നിര്‍ണയിക്കുകയെന്ന് സര്‍വ്വെ അക്കമിട്ട് നിരത്തുന്നു.
അരുവിക്കരയില്‍ ജയിക്കാന്‍ സിപിഐഎം സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ ഇപ്‌സോസ് അഭിപ്രായ സര്‍വ്വെ. വോട്ട് വിഹിതത്തില്‍ സിപിഐഎമ്മിനെക്കാള്‍ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കമുണ്ടെങ്കിലും ജനപിന്തുണയില്‍ ശബരിയെക്കാള്‍ മുന്നില്‍ വിജയകുമാറാണ്. മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനിറങ്ങിയ ബിജെപി കാര്യമായ പ്രകടനം കാഴ്ച്ചവെക്കില്ലെന്നും സര്‍വ്വെ പറയുന്നു. ഈ മാസം 21, 22 ദിവസങ്ങളില്‍ അരുവിക്കരയിലെ 14പോളിങ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വെ പ്രകാരം വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. 40 ശതമാനം വോട്ടുവിഹിതം കോണ്‍ഗ്രസിനുള്ളപ്പോള്‍ 39 ശതമാനം വോട്ടുവിഹിതമാണ് സിപിഐഎമ്മിന്. അഥവാ കോണ്‍ഗ്രസിനെക്കാള്‍ ഒരു ശതമാനം കുറവ്. അരുവിക്കരയില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കാനിറങ്ങിയ ബിജെപിക്ക് വെറും 20 ശതമാനം വോട്ടുവിഹിതമാണ് സര്‍വ്വെ പ്രവചിക്കുന്നത്.
വിജയകുമാറിന്റെ മികച്ച വ്യക്തിപ്രഭാവം, യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതി ആരോപണം, മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ പരാജയം എന്നിവയാണ് വിജയകുമാറിന് ഗുണം ചെയ്യുന്ന ഘടകങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണം യുഡിഎഫിനെ തുണക്കുമെന്ന് 58 ശതമാനവും കരുതുന്നു. സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയാണ് മറ്റൊരു അനുകൂല ഘടകം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയതിനെക്കാള്‍ ഒമ്പത് ശതമാനം വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് ആകും. വോട്ട് വിഹിതം ഇങ്ങനെയാണെങ്കിലും വിജയകുമാറിന്റെ വ്യക്തി മികവ് ഇടത് സ്ഥാനാര്‍ത്ഥിക്ക് തുണയാകും. അതുകൊണ്ട് സിപിഐ(എം) ജയിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അരുവിക്കരയില്‍ വിജയകുമാറും ശബരീനാഥനും തമ്മിലാകും മത്സരമെന്നും ബിജെപി സ്ഥാനാര്‍ത്ഥി രാജഗോപാല്‍ പിടിക്കുന്ന വോട്ടുകളും പോളിങ് ശതമാനവുമാകും ഇരു മുന്നണികളുടെയും ജയം നിര്‍ണയിക്കുകയെന്നും സര്‍വ്വെ പറയുന്നു.
സഹതാപ തരംഗത്തെയും കവച്ചുവെക്കുന്ന പ്രതിച്ഛായയാണ് വിജയകുമാറിനുള്ളതെന്ന് സര്‍വ്വെ പറയുന്നു.
എന്നാല്‍ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ്. സര്‍വ്വെയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 44 ശതമാനവും ശബരീനാഥനെ പിന്തുണയ്ക്കുമ്പോള്‍ 36 ശതമാനം മാത്രമാണ് വിജയകുമാറിനൊപ്പമുള്ളത്. 31നും 45നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ ഭൂരിഭാഗവും ശബരീനാഥനൊപ്പമാണ്. 43 ശതമാനം. മണ്ഡലത്തിലെ വോട്ടര്‍മാരുടെ 54 ശതമാനവും ഈ പ്രായ പരിധിയിലുള്ളവരാണ്. എന്നാല്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരും (39ശതമാനം) 46നും 60നും ഇടയില്‍ പ്രായമുള്ളവരും (41 ശതമാനം) സിപിഐഎമ്മിനെ പിന്തുണയ്ക്കുന്നു.
അരുവിക്കരയിലെ 500 പേരില്‍ നടത്തിയ അഭിമുഖത്തില്‍ 44 ശതമാനവും വിജയകുമാറിനെ പിന്തുണയ്ക്കുന്നു. ശബരീനാഥനുള്ള പിന്തുണ 30 ശതമാനം മാത്രമാണ്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനെ കുറിച്ച് 42 ശതമാനവും നല്ല മതിപ്പ് പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ശബരി അത്ര യോഗ്യനല്ലെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവരുടെ പക്ഷം.
അരുവിക്കരയിലെ മത ജാതി വോട്ടുകളും ഇരു മുന്നണികളിലാണ് കേന്ദ്രീകരിക്കുന്നത്. ഹിന്ദു വോട്ടര്‍മാരില്‍ 39 ശതമാനം കോണ്‍ഗ്രസിനെയും 38 ശതമാനം സിപിഐഎമ്മിനെയും പിന്തുണയ്ക്കുന്നു. അതേസമയം ബിജെപിയെ വെറും 22 ശതമാനം മാത്രമാണ് അനുകൂലിക്കുന്നത്. മുസ്ലിംകളില്‍ 37 ശതമാനം കോണ്‍ഗ്രസിനും 36 ശതമാനം സിപിഐഎമ്മിനുമൊപ്പമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















