മനുഷ്യ ജീവനാണു വലുത്; തെരുവുനായ്ക്കളെ കൊല്ലാന്‍ വിലക്കില്ല: നിയമ സെക്രട്ടറി

നായയെക്കാള്‍ മനുഷ്യജീവനു വില കല്‍പ്പിച്ചു തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നു നിയമ സെക്രട്ടറി, തദ്ദേശ ഭരണ സെക്രട്ടറിക്കു കത്ത് നല്‍കി. രാജ്ഭവനില്‍ വരെ നായ്ക്കള്‍ വിഹരിക്കുന്നതായ പത്രവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ കത്തിനു പ്രാധാന്യമുണ്ട്.
തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ഉദ്ധരിച്ചാണു നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്റെ കത്ത്. മൃഗസംരക്ഷണ ബോര്‍ഡും ഓംബുഡ്‌സ്മാനും തമ്മിലുള്ള കേസില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടുള്ള 2004ലെ കോടതി ഉത്തരവ് കത്തില്‍ സെക്രട്ടറി ഇങ്ങനെ ഉദ്ധരിക്കുന്നു:
മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ 1960ലെ നിയമത്തില്‍ തന്നെ തെരുവുനായ്ക്കളെക്കാള്‍ വില കല്‍പ്പിക്കേണ്ടതു മനുഷ്യജീവനാണെന്നു വ്യക്തമായി പറയുന്നുണ്ട്. ഭരണഘടനയുടെ 21-ാം വകുപ്പു പ്രകാരം ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം മൗലികാവകാശമാണ്. അതാണു മൃഗങ്ങളുടെ (നായ) ജനന നിയന്ത്രണ ചട്ടങ്ങളെക്കാള്‍ പ്രധാനം. പേപിടിച്ച നായയെ മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വികാരത്തിന്റെ മറവില്‍ സംരക്ഷിക്കണമെന്ന വാദം അതിനാല്‍ വിചിത്രമായിരിക്കുന്നു. ഈ സമീപനം അപലപനീയമാണെന്നു വിമര്‍ശിക്കുന്ന കത്തിനൊപ്പം ഹൈക്കോടതി വിധിയുടെ പകര്‍പ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്ഭവനില്‍ തെരുവുനായശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ലെന്നു ഗവര്‍ണര്‍ പി. സദാശിവം കോര്‍പറേഷനു കത്ത് നല്‍കിയതു കഴിഞ്ഞ ദിവസമാണ്. കോര്‍പറേഷന്‍ ജീവനക്കാര്‍ നായ്ക്കളെ പിടിക്കാന്‍ എത്തിയെങ്കിലും അവിടെ നിന്നു റോഡിലേക്ക് ഓടിച്ചുവിട്ടു സ്ഥലംവിടുകയായിരുന്നു.
ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിനു നിയമതടസ്സമില്ലെന്നു ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗവും വിലയിരുത്തി. കൊല്ലുന്നതു വിലക്കി സുപ്രീം കോടതി വിധി നിലവിലുണ്ടെന്നതു തെറ്റിദ്ധാരണയാണ്. യോഗത്തില്‍ പങ്കെടുത്ത നിയമ സെക്രട്ടറി ഹരീന്ദ്രനാഥ് ഹൈക്കോടതി വിധി ഉദ്ധരിച്ചു നല്‍കിയ നിയമോപദേശം ചീഫ് വിപ് തദ്ദേശഭരണ വകുപ്പിനു കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















