കമ്മ്യൂണിസമല്ല, ഇത് പിണറായിസം... രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പി.സി ജോര്‍ജ്; കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചത് ശൈലജ ടീച്ചര്‍

കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് മന്ത്രി ശൈലജയുടെ ആരോഗ്യ വകുപ്പും പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളായിരുന്നെന്നും പി സി ജോര്‍ജ് പറഞ്ഞു.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോട് കൂടിയാണ്. ഇത് കേരളത്തില്‍ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം സി.പി.എമ്മിന്റെ തീരുമാനത്തെ കുറ്റപ്പെടുത്താതെയാണ് കെ.കെ ശൈലജ മാധ്യമങ്ങലോട് പ്രതികരിച്ചത്. കൊവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്ക് നടത്തിയ പ്രവര്‍ത്തനമല്ലെന്ന് അവര്‍ വ്യക്തമാക്കി. നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും ശൈലജ ചൂണ്ടിക്കാട്ടി.
തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. പുതിയ തലമുറ വരുന്നത് സ്വാഗതാര്‍ഹമാണ്. തന്നിട്ടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്ക് നൂറ് നൂറ് നന്ദിയെന്നും ശൈലജ പറഞ്ഞു. സംഘര്‍ഷഭരിതമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. അതിനെ നേരിടാന്‍ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാമെന്നും ശൈലജ പറഞ്ഞു.
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങള്‍ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
https://www.facebook.com/Malayalivartha























