സത്യപ്രതിജ്ഞ ഇന്ന്; ചരിത്ര നിമിഷത്തിലേക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്; വൈവിധ്യത്തിന്റെ പുതിയൊരു കാല്‍വെപ്പിന് കൂടി കേരളം സാക്ഷിയാകുന്നു, സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർ മാത്രം; സെന്‍ട്രല്‍ സ്റ്റേഡിയത്തിലല്ല ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ചരിത്ര നിമിഷത്തിലേക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. കേരളം കാതോര്‍ത്തിരുന്ന, മലയാളമാകെ നെഞ്ചോടുചേര്‍ത്തുവെച്ച ജനകീയ സര്‍ക്കാറിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് പകല്‍ മൂന്നരയ്ക്ക് നാന്ദികുറിക്കും. പുതുമുഖ ഭൂരിപക്ഷത്തോടെ, കരുത്തരുടെ, വൈവിധ്യത്തിന്റെ പുതിയൊരു കാല്‍വെപ്പിന് കൂടിയാണ് കേരളം സാക്ഷിയാവുക.
എല്ലാ പ്രതിസന്ധികളെയും അസാമാന്യകരുത്തോടെ അതീജിവിച്ച, ഒരു ജനതയെ ആകെ ആത്മവിശ്വാസത്തോടെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പുതിയ ടീം കേരള. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
ജനസഞ്ചയം വീടുകളിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ സാക്ഷിയാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലല്ല ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആവേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കേരള ചരിത്രത്തിലെ ആദ്യ തുടര്‍ഭരണത്തിന്റെ സത്യപ്രതിജ്ഞയും അങ്ങനെ മറ്റൊരു ചരിത്രമാകും. സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രം. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി.
കൊവിഡ്–-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് ഒരു മന്ത്രിയും പങ്കെടുക്കും.
ക്ഷണക്കത്ത് ലഭിച്ചവര്‍ പകല്‍ 2.45ന് മുമ്പ് സ്റ്റേഡിയത്തില്‍ എത്തണം. ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്ക് ധരിക്കണം. ശാരീരിക അകലം അടക്കമുള്ള കൊവിഡ്- പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. സെക്രട്ടറിയറ്റ് അനക്സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റ് വഴിയാണ് പ്രവേശനം.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പരിമിതപ്പെടുത്തി ചടങ്ങ് നടത്താന്‍ കോടതി അനുമതി നല്‍കി. പരമാവധി ആളെ കുറയ്ക്കണമെന്നും നിര്‍ദേശിച്ചു.
ലോക്ഡൗണുമായി ബന്ധപ്പെട്ട് മെയ് ആറിലെയും പതിനാലിലെയും സര്‍ക്കാര്‍ ഉത്തരവുകളിലെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. വിശിഷ്ട വ്യക്തികളുടെ കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ഭരണഘടനാപരമായ ചടങ്ങ് എല്ലാ അര്‍ഥത്തിലും ഭംഗിയായി നടത്തേണ്ടതുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. ഇന്ന് സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പു വിഭജനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ വിജ്ഞാപനമിറങ്ങും. ആഭ്യന്തരം, വിജിലന്‍സ്,ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.
https://www.facebook.com/Malayalivartha
























