വീണ ജോര്‍ജ് ചെറിയ മീനല്ല... കെ.കെ. ശൈലജ ടീച്ചറിന് പിന്‍ഗാമിയായി എത്തുന്ന വീണ ജോര്‍ജ് തുടക്കത്തിലേ ഞെട്ടിക്കുന്നു; പഠനത്തിലും കലയിലും എന്തിന് രാഷ്ട്രീയത്തിലും പച്ചപിടിച്ച വീണ ജോര്‍ജിനെ പറ്റി പഴയ അധ്യാപികയ്ക്കും പറയാനുള്ളത് നല്ലത് മാത്രം

ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ടീച്ചറിന് പിന്‍ഗാമിയായി ആരെത്തുമെന്ന ചര്‍ച്ചയായിരുന്നു ഇതുവരെ. വീണ ജോര്‍ജെന്ന് അറിഞ്ഞതോടെ ചര്‍ച്ച മറ്റൊരു ദിശയിലായി. കോവിഡ് ബാധ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വീണ ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുക്കുന്നത്.
അതുകൊണ്ടുതന്നെ വലിയൊരു ഉത്തരവാദിത്തമാണ് വീണയ്ക്കു വന്നുചേര്‍ന്നിരിക്കുന്നതും. മാധ്യമ പ്രവര്‍ത്തകയായിരിക്കുമ്പോഴാണ് വീണ രാഷ്ട്രീയത്തിലേക്കെത്തുന്നതും ആറന്മുളയില്‍ മത്സരിച്ചു വിജയിക്കുന്നതും. രണ്ടാം തവണ ജയിക്കുമ്പോള്‍ മന്ത്രിപദം ഒപ്പമെത്തി.
മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലാണ് എല്‍കെജി മുതല്‍ പത്തുവരെ പഠിച്ചത്. സ്‌കൂള്‍തലം മുതല്‍ സംസ്ഥാന തലം വരെ കലാമത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ നേടുമായിരുന്നു. ഭരതനാട്യം, മോഹനിയാട്ടം, നാടോടിനൃത്തം, മോണോ ആക്ട്, മൈം തുടങ്ങി എല്ലാ ഇനങ്ങളിലും വീണയുണ്ടായിരുന്നു. 1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.
600ല്‍ 559 മാര്‍ക്കോടെയാണ് എസ്എസ്എല്‍സി പരീക്ഷ വിജയിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്നു മൂന്നാം റാങ്കോടെ ഊര്‍ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഐഎഎസ് പഠനത്തിനായി ഐഎംജിയില്‍ ചേര്‍ന്നെങ്കിലും ശാരീരിക പ്രശ്‌നങ്ങളാല്‍ പഠനം ഉപേക്ഷിച്ചു. അന്ന് ഒപ്പം ഉണ്ടായിരുന്ന അനു ജോര്‍ജ് ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയാണ്.
പിന്നീട്, പത്തനാപുരം മൗണ്ട് താബോറില്‍നിന്നും ബിഎഡ് ഒന്നാം റാങ്കോടെ വിജയിച്ചു. കുറച്ചു കാലം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഊര്‍ജതന്ത്രം വിഭാഗത്തില്‍ ഗെസ്റ്റ് ലക്ചററായി. അതിനു ശേഷം മാധ്യമപ്രവര്‍ത്തന രംഗത്തേക്ക്. കോളജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ അംഗമായിരുന്നുവെന്നതൊഴിച്ചാല്‍ മറ്റു രാഷ്ട്രീയം ഇല്ലായിരുന്നു. മാധ്യമ മേഖലയില്‍നിന്ന് 2016ല്‍ അപ്രതീക്ഷിതമായാണ് ആറന്മുള മണ്ഡലത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയാകുന്നത്.
അതേസമയം വീണയെ പറ്റി വീണയുടെ അധ്യാപിക ഡോ. റോസമ്മയ്ക്കും നല്ലതു മാത്രമേ പറയാനുള്ളൂ. കഴിഞ്ഞ 18 വര്‍ഷമായി പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിങ് കോളജില്‍ ബിഎഡ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സ് ആണ് 2002-2003 ബാച്ചിലെ 'വീണ കുര്യാക്കോസിന്റെ ' ഉത്തരക്കടലാസ്. എങ്ങനെ മനോഹരമായി പരീക്ഷയെഴുതാം എന്നതിന് ഉദാഹരണമായി പൂര്‍വവിദ്യാര്‍ഥി വീണയുടെ പരീക്ഷാ പേപ്പര്‍, പിന്നീട് വന്ന എല്ലാ ബാച്ചിലെയും വിദ്യാര്‍ഥികളെയും അധ്യാപിക ഡോ.റോസമ്മ ഫിലിപ് കാണിച്ചിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടിനു മുന്‍പ് ടീച്ചറുടെ 'വെരി ഗുഡ് ' പരീക്ഷാ പേപ്പറില്‍ വാങ്ങിയ വീണ ഇപ്പോള്‍ ജനങ്ങളുടെ 'വെരി ഗുഡ് ' വാങ്ങി മന്ത്രിയാകുന്നു. ആ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ്, കോളജിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ കൂടിയായ ഡോ.റോസമ്മ ഫിലിപ് തന്റെ വിദ്യാര്‍ഥിയുടെ നേട്ടത്തിലുള്ള സന്തോഷം പങ്കുവച്ചത്. ബിഎഡുകാര്‍ മാത്രമല്ല, എല്ലാ വിദ്യാര്‍ഥികളും മനസ്സിലാക്കേണ്ട ചില പാഠങ്ങള്‍ മന്ത്രിയുടെ ഉത്തരക്കടലാസില്‍ ഉണ്ടെന്ന് ഡോ.റോസമ്മ പറയുന്നു.
'എല്ലാ ഉത്തരങ്ങളും പെര്‍ഫെക്ട് ആയൊരു പേപ്പറായിരുന്നു അത്. ഞാന്‍ ക്ലാസില്‍ പഠിപ്പിച്ചതൊന്നുമല്ല വീണയുടെ പേപ്പറില്‍ കണ്ടത്. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്. ചിന്തിച്ച് സ്വയം കണ്ടെത്തിയ ഉത്തരങ്ങളായിരുന്നു അവ. പകര്‍ത്തിവയ്ക്കലല്ല, അറിവ് നിര്‍മിക്കലാണ് പഠനത്തിന്റെ ലക്ഷ്യമെന്നും ഡോ.റോസമ്മ പറയുന്നു.
"
https://www.facebook.com/Malayalivartha
























