ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ ഭരണഘടനാ ചടങ്ങിന്റെ പേരില്‍ 500 പേരെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാകില്ല : സത്യപ്രതിജ്ഞച്ചടങ്ങ് വീട്ടിലിരുന്നാണ് കണ്ടതെന്നതിന്റെ പേരില്‍ ചടങ്ങിന്റെ അന്തസ്സ് നഷ്ടമാകില്ലെന്ന് കോടതി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ വിമര്‍ശിച്ച് ഹൈക്കോടതി. സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിക്കുകയായിരുന്നു ഹൈക്കോടതി. 500 ഒരു ചെറിയ സംഖ്യ അല്ല എന്ന പ്രസ്താവന വളരെയധികം വിവാദങ്ങളിലേക്ക് നയിക്കപ്പെട്ടിരുന്നു.
ഹൈക്കോടതിയും ആ തീരുമാനത്തെ അതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.കോവിഡ് പ്രതിരോധത്തിനുള്ള നടപടികളെല്ലാം സ്വീകരിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന വാദം അംഗീകരിച്ചാല്‍ 500 പേരെ പങ്കെടുപ്പിച്ച് വലിയ ഹാളുകളിലും മറ്റും വിവാഹവും നടത്താമല്ലോ എന്ന നിര്‍ണായക ചോദ്യം ഹൈക്കോടതി ചോദിച്ചു.
വലിയ സ്റ്റേഡിയത്തില്‍ സാമൂഹിക അകലവും ആര്‍.ടി.പി.സി.ആര്‍. പരിശോധനയുമൊക്കെ നടത്തിയാണ് ചടങ്ങ് നടത്തുന്നതെന്ന സര്‍ക്കാര്‍ വാദത്തെ കോടതി തള്ളിയാണ് ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. കുടുംബച്ചടങ്ങും മരണാനന്തരച്ചടങ്ങും പോലെയല്ല സര്‍ക്കാര്‍ ചടങ്ങ് എന്ന വാദം അംഗീകരിക്കാനാകില്ല, എന്നും കോടതി പറഞ്ഞു.ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ ഭരണഘടനാ ചടങ്ങിന്റെ പേരില്‍ 500 പേരെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും കോടതി കര്‍ക്കശമായി പറഞ്ഞു. വിദഗ്ധരുമായി ആലോചിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് നടത്താന്‍ മേയ് 17-ന് ഉത്തരവിറക്കിയതെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവില്‍ അത് വ്യക്തമല്ല എന്ന നിരീക്ഷണവും കോടതി നടത്തി. എന്നാല്‍ സര്‍ക്കാര്‍ മറ്റൊരു വാദം ആണ് ഉയര്‍ത്തിയത്.
ഭരണഘടനാപരമായ ചടങ്ങാണെന്നും അതിനാല്‍ അന്തസ്സോടെ നടത്താന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. ഗവര്‍ണറും അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ആവശ്യമുള്ള ഉദ്യോഗസ്ഥരുമൊഴിച്ച് ആരെയും സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
സത്യപ്രതിജ്ഞച്ചടങ്ങ് വീട്ടിലിരുന്നാണ് കണ്ടതെന്നതിന്റെപേരില്‍ ചടങ്ങിന്റെ അന്തസ്സ് നഷ്ടമാകില്ലെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി . സര്‍ക്കാര്‍ ചടങ്ങുകള്‍ പൊതുചടങ്ങായോ രാഷ്ട്രീയച്ചടങ്ങായോ മാറ്റാനാകില്ല. സത്യപ്രതിജ്ഞച്ചടങ്ങിനായി മാത്രം നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനാകില്ലെന്നും ഉത്തരവിലുണ്ട്.
പിണറായി വിജയന്റെ രണ്ടാംസര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്നരയ്ക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ.
കോവിഡ് പശ്ചാത്തലത്തില്‍, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തില്‍ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുക്കില്ല.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തില്‍ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























