മരണകിടക്കയിൽ കിടന്ന ഉമ്മയ്ക്ക് കലിമ ചൊല്ലി ഡോ. രേഖ കൃഷ്ണൻ... പ്രാർഥനാ പ്രവാഹവുമായി സോഷ്യൽ മീഡിയയും...

മത വിദ്വേഷവും വൈരാഗ്യവും അരങ്ങുവാഴുന്ന ഈ കാലത്ത് തന്നെയാണ് മനുഷ്യൻ എത്ര നിസ്സഹയാനാണെന്ന് ബോധ്യപ്പെടുത്താൻ ഒരു മഹാരോഗവും അവതരിച്ചത്.
ആർക്കും ആരെയും സഹായിക്കാൻ പറ്റാത്ത നിലയിൽ മനുഷ്യരെ തമ്മിലകറ്റിയ ഈ രോഗത്താലുള്ള മരണങ്ങൾ പോലും വേദനാജനകമാണ്. ഏതുമരണവും വേദനിപ്പിക്കുന്നതാണെങ്കിലും കോവിഡ് ബാധിച്ചുള്ള ഏകാന്തമരണങ്ങൾ അവസാന നിമിഷങ്ങളിൽ മരണാസന്നനെ ഏതുതരത്തിൽ തളർത്തുമെന്ന് നമുക്കറിയില്ല.
ഉറ്റവരൊന്നും അടുത്തില്ലാതെ വെൻറിലേറ്റർ മുറികളിലെ തണുപ്പിൽ കിടന്ന് അവർ യാത്രയാകുന്നു. മതപരമായ അവസാന കർമങ്ങളൊന്നും അവർക്ക് ലഭിക്കുന്നില്ല. അങ്ങനെയുള്ള കാലത്താണ് പട്ടാമ്പിയിലെ ഡോ. രേഖയുടെ കഥ നാം കേൾക്കുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് രേഖ കൃഷ്ണൻ.
കോവിഡ് ബാധിച്ച് മരണാസന്നയായ വയോധികയെ ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് വ്യക്തമായ ഘട്ടത്തിൽ വെൻറിലേറ്ററിൽ നിന്ന് മാറ്റാൻ കുടുംബം സമ്മതിക്കുന്നു. കോവിഡ് ആയതിനാൽ ബന്ധുക്കൾക്കൊന്നും ആ വൃദ്ധ മാതാവിന്‍റെ അന്ത്യനിമിഷങ്ങളിൽ അടുത്ത് നിൽക്കാൻ കഴിയില്ല. ഡോ. രേഖയാണ് ആ സമയത്ത് അവരുടെ അടുത്തുള്ളത്. ഡോക്ടർ വെന്‍റിലേറ്റർ മാറ്റി.
ഉറ്റവരാരും അടുത്തില്ലാതെ കോവിഡ് ബാധിച്ച ഒരു ഉമ്മ യാത്രയാകുമ്പോൾ അവരെ 'ശഹാദത്ത് കലിമ' ചൊല്ലി യാത്രയാക്കിയത് ഡോ. രേഖ കൃഷ്ണനാണ്. പക്ഷേ, ആ പുണ്യപ്രവർത്തി പുറംലോകമറിഞ്ഞപ്പോൾ ഇന്ന് ഡോക്ടർക്ക് നിറഞ്ഞ കൈയടി നൽകുകയാണ് ഏവരും.
ഇസ്ലാം മതവിശ്വാസ പ്രകാരം മരണസമയത്ത് അടുത്തുള്ളവർ ചൊല്ലികൊടുക്കേണ്ട പ്രാർഥന. ബന്ധുക്കളാരും അടുത്തില്ലാത്ത വേളയിൽ ആ ഉമ്മയ്ക്ക് 'കലിമ' ചൊല്ലിനൽകിയത് രേഖ കൃഷ്ണനായിരുന്നു. പിന്നീട് ഇക്കാര്യം സഹപ്രവർത്തകനായ ഡോ. മുസ്തഫയോട് പറഞ്ഞപ്പോഴാണ് താൻ ചെയ്തത് വലിയ പുണ്യമാണെനന്ന് രേഖയും തിരിച്ചറിഞ്ഞത്. രേഖ 'കലിമ' ചൊല്ലിയത് ഡോ.മുസ്തഫ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ജാതി,മത ഭേദമന്യേ അഭിനന്ദനപ്രവാഹവും അനുഗ്രഹവുമായിരുന്നു രേഖയ്ക്ക്.
മെയ് 17 തിങ്കളാഴ്ചയാണ് ആ ഉമ്മ മരണത്തിന് കീഴടങ്ങുന്നത്. കോവിഡ് ബാധിച്ച് അവർ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇനിയൊന്നും ചെയ്യാനില്ലെന്ന് ബോധ്യമായതോടെ ബന്ധുക്കളുടെ സമ്മതപ്രകാരം തന്നെ വെന്റിലേറ്ററിൽനിന്ന് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽനിന്ന് മാറ്റിയ ഉടൻതന്നെ അവരുടെ അവയവങ്ങളുടെ പ്രവർത്തനമെല്ലാം നിലച്ചുതുടങ്ങി. മരണസമയം കുറിച്ചുവെയ്ക്കാൻ വേണ്ടി മാത്രമാണ് ഞാൻ അവരുടെ കൂടെനിന്നത്.
പക്ഷേ, അവരുടെ അവസാനനിമിഷങ്ങളിലെ ശ്വാസമെടുക്കുന്നത് കണ്ടപ്പോൾ ഒരു ഡോക്ടർ എന്നനിലയിലല്ല, ഒരു മനുഷ്യൻ എന്നനിലയിലാണ് എനിക്ക് പെരുമാറാൻ തോന്നിയത്. ആദ്യം അവർക്ക് വേണ്ടി കണ്ണടച്ച് പ്രാർഥിക്കുകയാണ് ചെയ്തത്.
ആ നിമിഷമാണ് അവരുടെ മകളോ മകനോ അടുത്തുണ്ടെങ്കിൽ 'ശഹാദത്ത് കലിമ' അല്ലേ ചൊല്ലിക്കൊടുക്കുക എന്ന കാര്യം ഓർമവന്നത്. അതാണെങ്കിൽ എനിക്ക് അറിയുകയും ചെയ്യാം. അങ്ങനെ അവരുടെ അന്ത്യനിമിഷങ്ങളിൽ ആ പ്രാർഥന ചൊല്ലികൊടുക്കുകയായിരുന്നു.
ഇക്കാര്യം പിന്നീട് സഹപ്രവർത്തകനായ ഡോ. മുസ്തഫയോടും പറഞ്ഞു. അദ്ദേഹമാണ് ഞാൻ ചെയ്തത് വലിയകാര്യമാണെന്നും അതിന്റെ വില എത്രത്തോളമാണെന്നും പറഞ്ഞത്.
ഡോ. മുസ്തഫ ഇക്കാര്യം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് മറ്റുള്ളവരും അറിയുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ തികച്ചും മനുഷ്യത്തപരമായി ചെയ്ത ഈ പ്രവർത്തി സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുകയാണ്.
തന്റെ ദുബായ് ജീവിതമാണ് ഇതിലൊക്കെ സ്വാധീനം ചെലുത്തിയിരിക്കുന്നത് എന്നാണ് ഡോ. രേഖ പറയുന്നത്. 18 വയസ്സുവരെ ദുബായിലായിരുന്നു. മതപരമായ പഠനമില്ലെങ്കിലും അവിടെ എട്ടാം ക്ലാസുവരെ അറബിക് ഭാഷയും പഠിക്കാനുണ്ട്.
അതിനാൽ അറബിയെല്ലാം അറിയാം. പിന്നെ നമ്മുടെ താത്‌പര്യപ്രകാരം പലതും പഠിച്ചെടുത്തിരുന്നു. പല വിശ്വാസമുള്ളവരും പല സംസ്കാരമുള്ളവരുടെയും ഒപ്പം ജീവിച്ചതിനാൽ എല്ലാം മനസിലാക്കാനും കഴിഞ്ഞു. അതെല്ലാം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നെ മാതാപിതാക്കൾ വളർത്തിയ രീതിയും മനുഷ്യത്വവും സഹാനുഭൂതിയും വർദ്ധിപ്പിക്കാൻ സഹായിച്ചു എന്നാണ് രേഖ പറയുന്നത്.
കോവിഡ് കാലം ഡോക്ടർമാരെയും മാനസികമായി തളർത്തുകയാണ്. പരീക്ഷയ്ക്ക് ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ ചോദിക്കുന്നത് പോലെയാണ് നിലവിലെ സ്ഥിതി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. ഇത് ശരിക്കും ഒരു യുദ്ധമാണ്.
ഒട്ടേറെപേരെ നമുക്ക് നഷ്ടപ്പെടുന്നു. ഒട്ടേറെ പേർ രക്ഷപ്പെടുന്നു. ഈ മരണങ്ങളും രോഗാവസ്ഥയുമെല്ലാം ഡോക്ടമാർമാരെയും മാനസികമായി ബാധിക്കുന്നുണ്ട്. ഒരു ബെഡ് അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ച് വിളിക്കുന്നത് പോലും വല്ലാതെ നൊമ്പരമുണ്ടാക്കുന്നുണ്ട്.
കേരളത്തിൽ മരണനിരക്ക് കുറച്ചു നിർത്താൻ കഴിയുന്നതിൽ ഇവിടത്തെ ആരോഗ്യസംവിധാനത്തിന്റെയും ഡോക്ടർമാരുടെയും പങ്ക് ഏറെ വലുതാണ്. ഈ ദുരിതകാലമെല്ലാം തരണംചെയ്യാൻ നമുക്ക് കഴിയട്ടെ എന്നും രേഖ പറയുന്നു.
യുഎഇയിൽ ബിസിനസുകാരനായ മേലേ പട്ടാമ്പി ചേമ്പ്ര മേലേമഠത്തിൽ രാമകൃഷ്ണൻ മഠത്തിലിന്റെ മകളാണു രേഖ. കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. ജീജി വി. ജനാർദനനാണു ഭർത്താവ്. റിഷിത്, ഹൃദ്യ എന്നിവർ മക്കൾ
https://www.facebook.com/Malayalivartha























