സംസ്ഥാന മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുത്തു; സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടുനിന്ന് പ്രതിപക്ഷം

കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎല്‍എമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു.
നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള ഗീതാഞ്ജലിയുമായാണ് ചടങ്ങിന് തുടക്കമിട്ടത്. തുടര്‍ന്ന് എല്ലാവരെയും നേരിട്ട് കണ്ടശേഷമാണ് പിണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് എത്തിയത്.
പിണറായി വിജയന് ശേഷം കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹ്മാന്, ജി.ആര്. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്. ബിന്ദു എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹ്മാന് എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പിണറായി അടക്കമുള്ളവര്‍ സഗൗരവം പ്രതിജ്ഞചെയ്തു.സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനില്‍ ചായസത്കാരവും തുടര്‍ന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. കോവിഡ് നിയന്ത്രണം, നിയമസഭാ സമ്മേളനം, കെ -റെയില്‍ തുടങ്ങിയ വിഷയങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha























