വിഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്ന് രമേശ് ചെന്നിത്തല; ആദ്യമേ സ്ഥാനം ഒഴിയാതിരുന്നതിന് കാരണം ഇവിടത്തെ നേതാക്കള്‍ പറഞ്ഞതുകൊണ്ട്; പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെയ്യാവുന്നതെല്ലാം ചെയ്താണ് പടിയിറങ്ങുന്നത്

പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മികച്ച പ്രകടനം കാഴ്ച വച്ചിട്ടും സ്ഥാനം ഒഴിയേണ്ടി വന്നതിനെ കുറിച്ച് രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറായിരുന്നുവെന്നാണ് അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ എം.എല്‍എമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളുടെ ആവശ്യപ്രകാരം ആണ് ഉടന്‍ സ്ഥാനം ഒഴിയാതിരുന്നത്. ഒരുമിച്ച് നില്‍ക്കാമെന്ന് അവര്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കെപിസിസിയില്‍ അടക്കം എന്ത് മാറ്റം വരുത്തണമെന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ആ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍ എല്ലാ പിന്തുണയും നല്‍കുന്നതായി ചെന്നിത്തല വ്യക്തമാക്കി. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാന്‍ സതീശന് കഴിയട്ടേ എന്ന് ആശംസിക്കുന്നു.
വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണിത്. എല്ലാവരും യോജിച്ചു നിന്നുകൊണ്ട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണം എന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതില്‍ വിഷമം ഉണ്ടോ എന്ന ചോദ്യത്തിന് അതൊന്നും ഇനി ചര്‍ച്ചാവിഷയം അല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അത്തരം കാര്യങ്ങള്‍ ഒന്നും ചര്‍ച്ചാവിഷയമല്ല. കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചു വരവിനുള്ള പാതയൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു വേണ്ടി എല്ലാ പ്രവര്‍ത്തകരും നേതാക്കളും യു.ഡി.എഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നില്‍ക്കുക എന്നതാണ് പ്രധാനമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് അക്കാര്യം ജനങ്ങള്‍ വിലയിരുത്തട്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ ഇനി അതേപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ എട്ടുമണിയോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച് പ്രതിപക്ഷ നേതൃസ്ഥാനമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സതീശന് പൂര്‍ണപിന്തുണ ലഭിക്കും.
എല്ലാവരും ഒരുമിച്ച് നില്‍ക്കും. അതില്‍ തര്‍ക്കം ഒന്നുമില്ല. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി ഒരു തീരുമാനം എടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അത് അനുസരിക്കും. ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരു നിരാശയുമില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ തനിക്ക് സന്തോഷമേയുള്ളൂ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹിച്ച മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധര്‍മം പൂര്‍ണമായും നിറവേറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തന്റേത് ഇടതുമുന്നണി സര്‍ക്കാരിനെതിരായ പോരാട്ടമായിരുന്നു. അത് ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാല്‍ മനസ്സിലാകും. തനിക്ക് പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനുള്ള നീക്കം താന്‍ നടത്തി. അത് തന്റെ ധര്‍മമാണ്. അതില്‍ തനിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആ പോരാട്ടം താന്‍ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ ആസൂത്രിതമായി വ്യക്ത്യാധിക്ഷേപം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും കുഴപ്പമില്ല, അത് ഇപ്പോഴും നടക്കുന്നുണ്ടല്ലോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഒരവസരം കൂടി ലഭിക്കണമെന്ന് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
https://www.facebook.com/Malayalivartha























