സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചു; യുവാവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍

ബസ് യാത്രയ്ക്കിടെ സ്പര്‍ശിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോര്‍ത്ത് സോണ്‍ ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളില്‍ പറയുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.
ബസ് യാത്രയ്ക്കിടെ സ്പര്‍ശിച്ചെന്നാരോപിച്ച് യുവതി സമൂഹമാദ്ധ്യമത്തില്‍ വീഡിയോ പങ്കുവച്ചതിന്റെ മനോവിഷമത്തില്‍ ഗോവിന്ദപുരം,കൊളങ്ങരകണ്ടി,ഉള്ളാട്ട്‌തൊടി യു.ദീപക്കാണ് (42) ആത്മഹത്യ ചെയ്തത്. യുവതിയെടുത്ത വീഡിയോ സാമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 20 ലക്ഷത്തിലേറെ പേര്‍ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വസ്ത്രവ്യാപാരശാലയിലെ സെയില്‍സ്മാനായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ബസില്‍ പോകവെയാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് വീട്ടിലെ മുറിയില്‍ കയറിയ ദീപക്കിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാദ്ധ്യമത്തില്‍ നടത്തിയതെന്നും ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ദീപക്കിന്റെ ബന്ധുക്കള്‍ യുവതിക്കെതിരെ പരാതി നല്‍കി.
https://www.facebook.com/Malayalivartha























