ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്‌കൂൾ കലോത്സവവും കണ്ടു മടങ്ങി...

മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ, ജലച്ചായത്തെ കുറിച്ചു പഠിക്കാൻ തൃശൂരിലെത്തിയ തമിഴ് നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിലെ പി. എച്ച്. ഡി. റിസേർച്ചറും ഹൈദരാബാദ് സ്വദേശിയുമായ ധനുഞ്ജയ് തൃശൂരിൽ നടന്നു വരുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മികവിലും വർണ്ണപ്പകിട്ടിലും ജനപങ്കാളിത്തത്തിലും ആശ്ചര്യം രേഖപ്പെടുത്തി.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു വമ്പിച്ച മേള അസാധ്യമാണെന്നും ഇതിന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിപുലമായ ഒരു സ്കൂൾ കലോത്സവ മേള ആദ്യമായാണ് കാണുന്നതെന്നും കുട്ടികളുടെ കലാപരമായ കാര്യങ്ങൾക്കു വേണ്ടി കേരളം കാണിക്കുന്ന ശുഷ്ക്കാന്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പിന്തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ സിനിമാ പഠനത്തിനാണ് ധനുഞ്ജയ് എത്തിയത്. അതിനിടയിൽ, തേക്കിൻകാട്ടിലും സമീപങ്ങളിലും ഉള്ള ഒട്ടുമിക്ക സ്റ്റേജുകൾ സന്ദർശിക്കുകയും കുട്ടികളുടെ കലാപരിപാടികൾ കാണുകയും ആസ്വദിക്കുകയും ചെയ്തു.
ഹരിയാനയിലെ ഗുർഗോൺ ജി. ഐ. ടി. എം. യൂണിവേഴ്സിറ്റി, ബെംഗളൂരു ജെയിൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ധനുഞ്ജയ്, 'വേൾഡ് മൊബൈൽ ഫോൺ ഫിലിംസ്' എന്ന വിഷയത്തിലാണ് ഇപ്പോൾ തീസിസ് ചെയ്യുന്നത്. അതിന്റെ ഭാഗമായി, ഇന്ത്യൻ മൊബൈൽ ഫോൺ ചലച്ചിത്ര ചരിത്രത്തിന്റെ നാഴികക്കല്ലായ ജലച്ചായത്തിന്റെ പഠനത്തിനാണ് വെള്ളിയാഴ്ച തൃശൂരിലെത്തിയത്.
തൃശൂരിലെ ശങ്കരയ്യറോഡിൽ താമസിക്കുന്ന സതീഷ് കളത്തിലാണ് ജലച്ചായം സംവിധാനം ചെയ്തത്. ഇന്ത്യയിൽ പരിമിതമാണെങ്കിലും, ലോകവ്യാപകമായി വിലകൂടിയതും ഉയർന്ന റസലൂഷനും സാങ്കേതിക സൗകര്യങ്ങളും അടങ്ങിയ മൊബൈൽ ഫോണുകളിലൂടെയുള്ള സിനിമാ നിർമ്മാണം ഇപ്പോൾ വാണിജ്യ അടിസ്ഥാനത്തിൽ വർദ്ധിച്ചു വരികയാണെന്നും മൊബൈൽ ഫോൺ സിനിമകളെ കുറിച്ചുള്ള ഗവേഷണങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യ ലോകത്ത് ഇക്കാലത്ത് ധാരാളമായി പബ്ലിഷ് ചെയ്യപ്പെടുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ തീസിസ് ചെയ്യാൻ താൻ താൽപ്പര്യപ്പെട്ടതെന്നും സതീഷ് കളത്തിലുമായുള്ള അഭിമുഖമദ്ധ്യേ ധനുഞ്ജയ് പറഞ്ഞു.
വേൾഡിൽതന്നെ, ഫസ്റ്റ് ജനറേഷൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചു നിർമ്മിച്ച ചുരുക്കം ചലച്ചചിത്രങ്ങളിൽ ജലച്ചായംപോലെ സമ്പൂർണ്ണവും കലാമേന്മയും ഒത്തിണങ്ങിയ മറ്റൊരു സിനിമയും തനിക്കു കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇത്തരം ചലച്ചിത്ര പരീക്ഷണങ്ങളിൽ ജലച്ചായം തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയെന്നും ഈ സിനിമ പ്രത്യേകമായ ഒരു പഠനം അർഹിക്കുന്നുണ്ടെന്നു മനസിലായതുകൊണ്ടാണ്, ഈ സിനിമയെകുറിച്ചു നേരിട്ടു മനസിലാക്കാൻ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ തൃശൂരിലെ ശ്രീ തിയ്യറ്ററിൽ 2010 ജൂൺ 6നായിരുന്നു ജലച്ചായത്തിന്റെ പ്രിവ്യൂ നടത്തിയത്. സിനിമ ഇറങ്ങി ഒന്നര പതിറ്റാണ്ട് എത്തിനില്ക്കുന്ന ഈ സമയത്ത്, അതിനെകുറിച്ച് അന്വേഷിക്കാനും പഠിക്കാനും കേരളത്തിനു പുറമെ നിന്നും ഒരാൾ ഉണ്ടാകുക, എത്തുക എന്നത് അഭിമാനകരമായ ഒരു കാര്യമാണെന്നും കേരളത്തിന്റെ, ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ ജലച്ചായം എന്ന കൊച്ചു സിനിമയ്ക്കും ചെറിയൊരു ഇടമുണ്ട് എന്നറിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും സതീഷ് കളത്തിൽ പറഞ്ഞു.
ജലച്ചായത്തിനു മുൻപ് സതീഷ് കളത്തിൽ ചെയ്ത വീണാവാദനം എന്ന ഡോക്യുമെന്ററിയാണ്, മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം. ഫസ്റ്റ് ജനറേഷൻ മൊബൈൽ ഫോണായ നോക്കിയ N70യിലാണ് ലോകചിത്രകലയെകുറിച്ചുള്ള അരമണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി ചിത്രീകരിച്ചത്. 2008ൽ റിലീസായ ഡോക്യുമെന്ററിയ്ക്ക് സെൻസെർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ടി സി വി ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ജലച്ചായം സിനിമ അഞ്ച് മെഗാപിക്സൽ റെസലൂഷനുള്ള നോക്കിയ N95ലാണ് ചിത്രീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, വിക്കിപീഡിയ കോമൻസിലൂടെ, പൊതുസഞ്ചയത്തിൽ ജലച്ചായം റിലീസ് ചെയ്തിരുന്നു. യൂട്യൂബിലും സിനിമ ലഭ്യമാണ്.
സതീഷ് കളത്തിലിനും സതീഷിന്റെ മകനും ജലച്ചായം സിനിമയിൽ കണ്ണൻ എന്ന ബാല കഥാപാത്രത്തെ അവതരിപ്പിച്ച നവിൻ കൃഷ്ണയ്ക്കും ഒപ്പമാണ് ധനുഞ്ജയ് സ്‌കൂൾ കലോത്സവ വേദി സന്ദർശിച്ചത്.
ജലച്ചായം വിക്കിപീഡിയ കോമൻസിൽ:
https://commons.wikimedia.org/wiki/File:Jalachhayam,_the_first_Indian_feature_film_in_Malayalam_shot_on_Camera_Phone-2010.mpg
ജലച്ചായം യൂട്യൂബിൽ:
https://www.youtube.com/watch?v=PcynlTYX4XQ
https://www.facebook.com/Malayalivartha























