മറ്റൊരു തലത്തിലേക്ക്... ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന കെ. സുരേന്ദ്രന്റെ വാദം തള്ളി ദ്വീപിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി; ലക്ഷദ്വീപിലെ ജനങ്ങളൊരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല; ലക്ഷദ്വീപ് വിവാദം മറ്റൊരു തലത്തിലേക്ക്

ലക്ഷദ്വീപ് വല്ലാത്തൊരു വിവാദത്തില്‍ എത്തുമ്പോള്‍ ബിജെപിയിലും അതിനെച്ചൊല്ലി തര്‍ക്കം മുറുകുകയാണ്. ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം തള്ളി ദ്വീപിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം രംഗത്തെത്തി. ലക്ഷദ്വീപിലെ ജനങ്ങളൊരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല.
അതൊക്കെ തെറ്റാണ്. അങ്ങനെയൊരു ചിന്ത പോലും അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ സീറോ ക്രൈമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണെന്നും കാസിം പ്രതികരിച്ചു.
ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കു മരുന്ന്ക്കടത്തും നടക്കുന്നുണ്ടെന്ന വാര്‍ത്ത മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് കേരളത്തിലെ ചിലര്‍ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിന്റെ വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് കാസിം നേരത്തൈ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദ്വീപിലെ കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിരുന്നു.
അതേസമയം ലക്ഷദ്വീപിലെ പ്രോസിക്യൂട്ടര്‍മാരെ കോടതി ജോലിയില്‍ നിന്നൊഴിവാക്കി മറ്റു ജോലികള്‍ക്കു നിയോഗിച്ച ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
അമിനി ദ്വീപിലെ അസി. പബ്‌ളിക് പ്രോസിക്യൂട്ടറെ കവരത്തിയിലെ സെക്രട്ടേറിയറ്റില്‍ ലീഗല്‍ സെല്ലിലേക്ക് മാറ്റിയതിനെതിരെ ദ്വീപ് നിവാസിയായ കെ.പി. മുഹമ്മദ് സലിം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്.
കുറ്റപത്രം തയ്യാറാക്കാന്‍ പൊലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ച് മേയ് 21നാണ് ലക്ഷദ്വീപ് എ.ഡി.എം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികള്‍ നിറുത്തിവയ്‌ക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു ക്രിമിനല്‍ കേസുകളുടെ വിചാരണ തടസപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലക്ഷദ്വീപില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കുറ്റപത്രം തയ്യാറാക്കാന്‍ ഇവരുടെ സേവനം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ എത്തിച്ചു കൊടുക്കണം.
ലക്ഷദ്വീപിലെ പ്രോസിക്യൂട്ടര്‍മാരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കുന്നത് കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും റംസാന്‍ അവധിക്കുശേഷം കോടതി തുറന്നെങ്കിലും കേസുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും സബ് ജഡ്ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലക്ഷദ്വീപിന്റെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വിശദീകരണത്തിന് സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി മാറ്റി.
https://www.facebook.com/Malayalivartha


























