സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മരുന്നുകള്‍ ലഭ്യമാകുന്ന സംയോജിത ഫാര്‍മസി കൗണ്ടര്‍ സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് മാതൃകാ ഫാര്‍മസി കൗണ്ടര്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്നത്. മന്ത്രി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി കുട്ടിരിപ്പുകാര്‍ പരാതി പറഞ്ഞിരുന്നു. മരുന്നുകള്‍ പല ഫാര്‍മസികളില്‍ നിന്നായി മാത്രമേ കിട്ടുകയുള്ളൂ എന്നതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല ഒരു മരുന്ന് ആ ഫാര്‍മസിയില്‍ ലഭ്യമല്ലെങ്കില്‍ സീല്‍ വച്ച് നല്‍കിയാല്‍ മാത്രമേ അടുത്തയിടത്ത് നിന്നും വാങ്ങാനും കഴിയുമായിരുന്നുള്ളൂ.
ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ളവര്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി എംപാനല്‍ ചെയ്ത സ്ഥാപനങ്ങളെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കൗണ്ടറിന് സമീപം തന്നെ സജ്ജീകരിച്ച് ഒരു സ്ഥലത്ത് നിന്ന് തന്നെ മരുന്നുകള്‍ വിതരണം ചെയ്യുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
മെഡിക്കല്‍ കോളേജ് പഴയ ക്യാഷ്വാലിറ്റിക്ക് സമീപമാണ് പുതിയ സംയോജിത ഫാര്‍മസി കൗണ്ടര്‍ സജ്ജമാക്കിയിരിക്കുന്നത്. മരുന്നുകള്‍ വിതരണം ചെയ്യുവാന്‍ എംപാനല്‍ ചെയ്തിട്ടുള്ള മെയിന്‍ സ്റ്റോര്‍, കമ്മ്യൂണിറ്റി ഫാര്‍മസി, കാരുണ്യാ ഫാര്‍മസി, എച്ച്.എല്‍.എല്‍. എന്നിവ ഇവിടെ സജ്ജമാക്കി. ഈ സ്ഥാപനങ്ങള്‍ക്കായി ഒരു സംയോജിത ബില്ലിംഗ് കൗണ്ടറും സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ കൗണ്ടറില്‍ നിന്നും 24 മണിക്കൂറും മരുന്നുകള്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇതുവഴി ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ക്യാമ്പസിനുള്ളില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെ ആശുപത്രിയ്ക്കകത്തുള്ള നിലവിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കൗണ്ടറിന് സമീപം തന്നെ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കാസ്പ്, കാരുണ്യ ബനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി 5 വര്‍ഷം കൊണ്ട് 25 ലക്ഷത്തോളം പേര്‍ക്ക് ആകെ 8425 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി. ഈ കാലയളവില്‍ കെ.എം.എസ്.സി.എല്‍. വഴി നല്‍കിയത് 3,500 കോടിയോളം രൂപയുടെ സൗജന്യ മരുന്നുകളാണ്. മെഡിക്കല്‍ കോളേജുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയിട്ടുള്ളത്. ഈ 5 വര്‍ഷം കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലൂടെ മാത്രം 535.35 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്.
https://www.facebook.com/Malayalivartha




















