ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി

ജയിലില്‍ വച്ചുള്ള കണ്ടുമുട്ടലില്‍ കൊലക്കേസ് പ്രതികള്‍ തമ്മില്‍ പ്രണയത്തിലായി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. ഇരുവര്‍ക്കും വിവാഹിതരാകാന്‍ രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോള്‍ നല്‍കി. ഇന്ന് ആല്‍വാറിലെ ബരോദാമേവില്‍ ആയിരുന്നു വിവാഹം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു പ്രിയ സേഠ് എന്ന നേഹ സേഠ്. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമാന്‍ പ്രസാദ്.
മോഡല്‍ ആയി ജോലി ചെയ്യുകയായിരുന്നു പ്രിയ സേഠ്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സാന്‍ഗനെര്‍ തുറന്ന ജയിലിലാണ് പ്രിയ. അതേ ജയിലില്‍ വച്ച് ആറുമാസം മുന്‍പാണ് പ്രിയ ഹനുമാന്‍ പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.
2018 മേയ് 2നാണ് പ്രിയ ദുഷ്യന്തിനെ കൊലപ്പെടുത്തിയത്. കാമുകനായ ദിക്ഷന്ത് കമ്രയുടെ കടങ്ങള്‍ വീട്ടാന്‍ ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാനായിരുന്നു പദ്ധതി. അതുപ്രകാരം ടിന്‍ഡര്‍ ആപ്പിലൂടെ ദുഷ്യന്തുമായി അടുപ്പം സ്ഥാപിച്ചു. ബജാജ് നഗറിലെ ഫ്‌ലാറ്റിലേക്കു ക്ഷണിച്ചു. പിന്നാലെ ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അവര്‍ മൂന്നു ലക്ഷം നല്‍കി. എന്നാല്‍ ദുഷ്യന്തിനെ വിട്ടയച്ചാല്‍ പൊലീസ് അന്വേഷണം വരുമെന്ന ഭയത്തില്‍ പ്രിയയും ദിക്ഷന്തും കൊലപാതകം നടത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ദിക്ഷന്തിന്റെ സുഹൃത്ത് ലക്ഷ്യ വാലിയയും ഉണ്ടായിരുന്നു. പിന്നീട് മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ ആമെര്‍ കുന്നുകളില്‍ ഉപേക്ഷിച്ചു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് അനേകം തവണ കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. പിന്നാലെ തെളിവു നശിപ്പിക്കാന്‍ ഫ്‌ലാറ്റ് വൃത്തിയാക്കുകയും ചെയ്തു. മേയ് മൂന്നിന് രാത്രി ആമെര്‍ കുന്നുകളില്‍നിന്ന് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ മൂവരെയും അറസ്റ്റ് ചെയ്തു.
പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ഹനുമാന്‍ പ്രസാദ് ശിക്ഷ അനുഭവിക്കുന്നത്. ആല്‍വാറിലെ തായ്ക്വോണ്ടോ (കൊറിയന്‍ ആയോധനകല) പരിശീലകയായ സാന്തോഷ് ആയിരുന്നു ഹനുമാന്‍ പ്രസാദിന്റെ പെണ്‍സുഹൃത്ത്. ഹനുമാന്‍ പ്രസാദിനേക്കാള്‍ 10 വയസ്സ് മുതിര്‍ന്നയാളായിരുന്നു സാന്തോഷ്. 2017 ഒക്ടോബര്‍ 2ന് രാത്രി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ട് അവര്‍ ഹനുമാന്‍ പ്രസാദിനെ വിളിക്കുകയായിരുന്നു. ഹനുമാന്‍ പ്രസാദ് മറ്റൊരു കൂട്ടാളിക്കൊപ്പമാണ് ഇവിടെത്തി മൃഗങ്ങളെ കൊല്ലുന്ന കത്തി കൊണ്ട് ഭന്‍വാരി ലാലിനെയും സാന്തോഷിന്റെ മൂന്ന് മക്കളെയും അവര്‍ക്കൊപ്പം താമസിച്ചിരുന്ന ബന്ധുവായ കുട്ടിയെയും കൊലപ്പെടുത്തിയത്. ബന്ധുവായ കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ആദ്യം ഉദ്ദേശ്യമില്ലായിരുന്നു. എന്നാല്‍ ഈ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആ കുട്ടി ഉണര്‍ന്നു വരികയായിരുന്നു.
https://www.facebook.com/Malayalivartha




















