അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക്കുകൾ

കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്‌മഹത്യ ഇത് വെറും ഒരു വാർത്തയല്ല…ഒരു അധ്യാപകയുടെയും ജീവിതം പകുതിവഴിയിൽ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെയും അവൾക്ക് എല്ലാമായിരുന്ന അമ്മയുടെയും കഥയാണ് ഇത്. ഭർത്താവ് ഉണ്ണികൃഷ്ണനില്‍ നിന്ന് ഗ്രീമ നേരിട്ടത് കടുത്ത മാനസിക പീഡനമാണ്. വെറും ഇരുപത്തഞ്ച് ദിവസത്തെ ദാമ്പത്യം അയാൾക്ക് മടുത്തെങ്കിൽ എന്തുകൊണ്ട് ആ ബന്ധം വേർപെടുത്തി നല്ലൊരു ജീവിതം ഗ്രീമയ്ക്ക് തെരഞ്ഞെടുത്തുകൂടാ..? എന്ന ചോദ്യം ഉയരുമ്പോൾ, അഞ്ചു പാർവതി പ്രഭീഷ് ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. ഞാൻ പഠിപ്പിച്ച എന്റെ കുട്ടി -ഗ്രീമ, ഒപ്പം അവളുടെ അമ്മയും. എന്തിനിത് ചെയ്തു എന്നൊന്നും ചോദിക്കുന്നില്ല., അങ്ങനെ ചോദിച്ചിട്ട് ഇനി കാര്യവുമില്ല.
ഒന്ന് മാത്രം അറിയാം ആ അച്ഛന്റെയും അമ്മയുടെയും ലോകം എന്നത് ഗ്രീമ എന്ന ഈ മകൾ ആയിരുന്നു. മകൾക്ക് തിരിച്ചും. വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട ആ മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല. ഒപ്പം ആ അമ്മയ്ക്കും. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ഞാൻ പഠിപ്പിച്ച എന്റെ കുഞ്ഞ്. അഞ്ചാം ക്ലാസ്സിൽ ഞങ്ങളുടെ സന്ദീപനി സ്കൂളിൽ ഗ്രീമയെ അമ്മ സജിത ചേച്ചി കൊണ്ട് വന്ന് ചേർത്തപ്പോൾ എന്നോട് പറഞ്ഞത് ഒറ്റ മോൾ ആയതിന്റെ ഇത്തിരി കൂടുതൽ വാശിയും പിണക്കവും അവൾക്ക് ഉണ്ട്, അത് കൊണ്ട് ഹോംലി ഫീൽ ഉള്ള സ്കൂളിൽ ചേർക്കുന്നു എന്നാണ്. അന്നത്തെ പത്ത് വയസ്സ് ഉള്ള chubby bubbly കുട്ടി പെട്ടെന്നാണ് സ്‌കൂളുമായും അധ്യാപകരുമായും ഇണങ്ങിയത്. ഓപ്പൺ ഹൗസിൽ വന്നുക്കൊണ്ടിരുന്ന രാജീവ് സാറും സജിത ചേച്ചിയും എന്നും പറഞ്ഞിരുന്നത് academics നേക്കാൾ പ്രാധാന്യം മോളുടെ character buliding ന് കൊടുക്കണം,
അവളെ ബോൾഡ് ആക്കണം എന്നൊക്കെയാണ്. അത് തന്നെയാണ് സ്‌കൂളും ഞങ്ങളും ചെയ്യാൻ ശ്രമിച്ചതും. പക്ഷേ ഒരിക്കലും അത് ജീവിതത്തിൽ പ്രവർത്തികം ആയില്ലെന്ന് മാത്രം. ആരോടും പെട്ടെന്ന് കൂട്ട് കൂടുന്ന, ഒരുപാട് സംസാരിക്കുന്ന, കൊച്ച് കാര്യങ്ങൾക്ക് പോലും നിറുത്താതെ ചിരിക്കുന്ന ഒരു പാവം മോൾ. അതായിരുന്നു ഗ്രീമ. പെട്ടെന്ന് സങ്കടം വരുന്ന പ്രകൃതക്കാരിയിൽ നിന്ന് കുറച്ചെങ്കിലും ബോൾഡ് ആയിട്ട് ഉള്ള കുട്ടിയായി അവൾ മാറുന്നത് എട്ടാം ക്ലാസ്സിൽ വച്ചാണ്. പുതിയ കുറേ അഡ്മിഷൻ എത്തിയപ്പോൾ. അന്ന് ആ ബാച്ചിന്റെ ഒരു വൈബ് അങ്ങനായിരുന്നു. കളിയും ചിരിയും പിണക്കവും ഒക്കെയായി എപ്പോഴും ലിവേലി ആയിട്ട് നില്കുന്ന പിള്ളേർ സെറ്റ് ❤️
ആ ബാച്ച് പത്തിലേയ്ക്ക് വന്നപ്പോൾ ഞാൻ മറ്റൊരു രാജ്യത്ത് അദ്ധ്യാപികയായി. എങ്കിലും എന്റെ കുട്ടികളുടെ ഓരോരുത്തരുടെയും വിവരങ്ങൾ ഒക്കെ അറിഞ്ഞുക്കൊണ്ടേയിരുന്നു. പക്ഷേ കുട്ടികൾ വലുതായി, ജോലിയും മറ്റുമായി തിരക്കിന്റെ ലോകത്തേയ്ക്ക് പറന്നപ്പോൾ വല്ലപ്പോഴും ഉള്ള സുഖാന്വേഷണങ്ങളിൽ ബന്ധം ചുരുങ്ങി ചിലരുമായിട്ടെങ്കിലും. ഞാൻ മസ്കറ്റിൽ ആയിരുന്നപ്പോഴാണ് ഗ്രീമയുടെ വിവാഹം. പോകാൻ കഴിഞ്ഞിരുന്നില്ല. അതും എന്റെ ലാൻഡ് ലൈൻ നമ്പറിൽ വീട്ടിലേയ്ക്ക് വിളിച്ച് കല്യാണം ക്ഷണിക്കുകയായിരുന്നു. അവരുടെ contact ഒന്നും നമ്മുക്ക് ഉണ്ടായിരുന്നുമില്ല. വിവാഹത്തിന് ശേഷം അവൾ ആരുമായും contact വച്ചിരുന്നില്ല എന്ന് അറിയുന്നു. സത്യത്തിൽ സ്കൂൾ പഠനത്തിന് ശേഷം ആ ബാച്ച്മേറ്റ്സിൽ പലരും അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും കഴിയാതെ പോയി. അതിന് ഒരു താല്പര്യം അവൾക്ക് ഉണ്ടായില്ല എന്നതായിരുന്നു സത്യം.
മരണത്തിലും മകൾക്ക് ആ അമ്മ കൂട്ട് പോയി. അതിൽ ഒരു അത്ഭുതവും ഇല്ല. മകൾ എന്ന ഒറ്റ തുരുത്തിൽ ജീവിച്ച അവർക്ക് അങ്ങനെയല്ലേ കഴിയൂ. ഓർമ്മകളിൽ ചിരിച്ച് കളിച്ച് ഇരിക്കുന്നുണ്ട് എന്റെ പ്രിയപ്പെട്ട കുട്ടി. ജനിമൃതികൾക്ക് അപ്പുറത്തെ ആ ലോകത്ത് അച്ഛനൊപ്പം അവളും അമ്മയും സുഖമായിട്ട് ഇരിക്കട്ടെ
https://www.facebook.com/Malayalivartha






















