ഇപ്പം ശരിയാക്കിത്തരാം... സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സ്ഥലത്തേക്ക് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ വന്നതോടെ എല്ലാം ശരിയായി; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങള്‍ക്കെതിരെ ദ്വീപ് കടന്ന് പ്രതിഷേധം ഇരമ്പുന്നു

ജയിലില്‍ ആളില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുമോ. അതാണ് ലക്ഷദ്വീപ്. ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കാരണം ലക്ഷദ്വീപിനെപ്പറ്റി നാം അറിയാതെ പോയ പല കാര്യങ്ങളും പുറത്ത് വരികയാണ്.
പാമ്പ്, പട്ടി, കൊലപാതകം, മോഷണം എന്നിവ ഇല്ലാത്ത നാടായിരുന്നു ലക്ഷദ്വീപ്. കുറ്റക്കാരില്ലാത്തിനാല്‍ ജയിലില്‍ ആളില്ല. കവരത്തിയിലാകട്ടെ കാക്കയുമില്ല. ഇങ്ങനെ സമാധാനത്തോടെ ജീവിച്ച ദ്വീപില്‍ ഇപ്പോള്‍ മനഃസമാധാനം എടുക്കാനില്ല.
കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലെ കല്‍പേനി ദ്വീപിലേക്കുള്ള ദൂരം 287 കിലോമീറ്റര്‍ മാത്രമാണുള്ളത്. തലസ്ഥാനമായ കവരത്തിയിലേക്കു 404 കിലോമീറ്റര്‍. ആകെ ചെറുതും വലുതുമായി 36 ദ്വീപുകള്‍. അതില്‍ ജനവാസമുള്ളവ 10 എണ്ണം. 98 ശതമാനവും മുസ്‌ലിം ജനത. ദ്വീപ് നിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലക്ഷദ്വീപ് ഭരണകൂടം അടിച്ചേല്‍പിച്ചതോടെയാണ് ജനങ്ങളുടെ സമാധാനം തകര്‍ന്നതെന്നു ദ്വീപ് നിവാസികള്‍ പറയുന്നു.
അവരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം നടത്തുന്നതെന്നും ആരോപണം ഉയരുന്നു. ലോക്ഡൗണായതിനാല്‍ ഓണ്‍ലൈനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം നടത്തിയവരുടെ അക്കൗണ്ടുകള്‍ ഭരണകൂടം പൂട്ടി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദനയങ്ങള്‍ക്കെതിരെ ദ്വീപിനൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം ഉയരുകയാണ്. ദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധം അലയടിച്ചു. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും രാഷ്ട്രപതിക്കും പരാതികള്‍ ലഭിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയും ജനവിരുദ്ധ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടും ബിജെപി ലക്ഷദ്വീപ് ഘടകം പ്രധാനമന്ത്രിക്ക് കത്തയച്ചു. ദമന്‍, ദിയു, ദാദ്ര നഗര്‍ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ പട്ടേലിന്റെ പ്രവര്‍ത്തനം ഏകാധിപത്യപരമാണെന്ന് അവിടത്തെ ബിജെപി ഘടകവും പരാതിപ്പെട്ടിരുന്നു.
ഇതിനിടെ, പ്രഫുല്‍ കെ.പട്ടേലിന്റെ പഴ്‌സനല്‍ മൊബൈല്‍ നമ്പറിലേക്കു സന്ദേശം അയച്ച 4 പേരെ കസ്റ്റഡിയിലെടുത്തു. അഗത്തി ദ്വീപില്‍ നിന്നു 3 വിദ്യാര്‍ഥികളെയും ബിത്ര ദ്വീപ് നിവാസി ഷെഫീക്കിനെയുമാണു കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.
ദ്വീപിലെ സംഭവങ്ങളെക്കുറിച്ച് ബിജെപി ദേശീയനേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ പലരും മറുപടി പറയാന്‍ വിസമ്മതിച്ചു. ഇപ്പോഴത്തേത് രാഷ്ട്രീയവിവാദം മാത്രമാണെന്ന നിലപാടാണ് പാര്‍ട്ടിക്ക്.
ഇതേസമയം, വിവാദമായത് പലതും കരടു നിയമങ്ങളാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ നിയമം വരികയുള്ളൂ എന്നുമാണ് പ്രഫുല്‍ കെ. പട്ടേലിന്റെ നിലപാട്. ബീഫ് നിരോധനം, ഗുണ്ടാ നിയമം തുടങ്ങിയവയെക്കുറിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഇനിയും സമയമുണ്ട്. എതിരഭിപ്രായങ്ങള്‍ അഡ്മിനിസ്‌ട്രേറ്ററെ അറിയിക്കാമെന്നും അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചയാളാണ് പ്രഫുല്‍ ഖോഡ പട്ടേല്‍. ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ 2010 ല്‍ സൊഹ്‌റാബുദ്ദീന്‍ കേസില്‍ അറസ്റ്റിലായപ്പോഴാണ് ഖോഡയ്ക്ക് വകുപ്പ് നല്‍കിയത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണെങ്കിലും ബിജെപി ദേശീയനേതൃത്വത്തില്‍ പലര്‍ക്കും ഇദ്ദേഹത്തോട് താല്‍പര്യമില്ല. ഇദ്ദേഹത്തെ കേന്ദ്രം കൈവിടുമോയെന്ന് ഉടനറിയാം.
"
https://www.facebook.com/Malayalivartha


























