ലോക്ഡൗൺ പിൻവലിക്കുമോ? മന്ത്രിസഭാ യോഗം ഇന്ന്..! ഒപ്പം സിപിഐയെ ഒതുക്കി പിണറായി വിജയൻ

തുടർ ഭരണത്തിലൂടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഈ മാസം 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ലോക്ഡൗൺ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗത്തിൽ പ്രധാന ചർച്ച വിഷയമായി മാറും.
വാക്സീൻ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രി സഭായോഗത്തിൽ ചർച്ചയ്ക്ക് എടുക്കും. ലോക്ഡൗൺ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സർക്കാർ കടക്കുകയാണ്. വൈകീട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗൺ തുടരണോ വേണ്ടയോ എന്നത് ചർച്ച ചെയ്യും.
ലോക്ഡൗൺ പിൻവലിച്ചാൽ മദ്യശാലകൾ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും തീരുമാനം പുറത്ത് വരും. മദ്യശാലകൾ തുറന്നാൽ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പിൽ നിന്നുയർന്നിട്ടുണ്ട്.
ഇതോടൊപ്പം പുറത്ത് വരുന്ന വാർത്തയെന്തെന്നാൽ, സിപിഐ കൈകാര്യം ചെയ്യുന്ന ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുത്തേക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പിന്നാലെയാണ് സിപിഐ കൈകാര്യം ചെയ്തിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്.
ഇത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലെ ഉഭയകക്ഷി ചർച്ച അവസാന ഘട്ടത്തിലെത്തി എന്നാണ് ലഭിക്കുന്ന വിവരം. തുടർച്ചയായ പ്രളയങ്ങൾക്ക് ശേഷം പ്രാധാന്യമുയർന്ന വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യു മന്ത്രിയുടെ അധികാരങ്ങൾ ദുർബലമാകാൻ സാധ്യത ഏറെയാണ്.
ഒന്നാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർക്കാൻ ആലോചനകൾ നടന്നിരുന്നു. അന്ന് സിപിഐ നേതൃത്വത്തിന്‍റെ എതിർപ്പും ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീർണതകളുമാണ് തടസം സൃഷ്ടിച്ചത്. വിദഗ്ദ്ധ അംഗങ്ങളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സംവിധാനമാക്കാനാണ് നീക്കം.
ജില്ലകളിൽ കളക്ടർമാരാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അധികാര കേന്ദ്രം. പുതിയ മാറ്റങ്ങളിൽ റവന്യുമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ അവസരമൊരുങ്ങും.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായകമായ ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. ഒന്നാം മന്ത്രിസഭയെക്കാൾ കൂടുതൽ വകുപ്പുകൾ ഏറ്റെടുത്ത് ഭരണത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് എത്രത്തോളം വിജയിക്കും എന്നത് കണ്ടറിയണം. എന്നാൽ പാകപിഴകളോ അപാകതകളോ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
2005ലാണ് കേന്ദ്ര നിയമത്തിന്‍റെ ചുവട് പിടിച്ച് ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്ത് നിലവിൽ വന്നത്. ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേർത്ത് ചട്ടങ്ങൾ വന്നതോടെ തുടക്കം മുതൽ റവന്യു വകുപ്പുമായി ചേർന്നായിരുന്നു പ്രവർത്തനങ്ങൾ.
ഓഖി ചുഴലിക്കാറ്റിനും, 2018ലെയും 2019ലെയും പ്രളയങ്ങൾക്കും ശേഷം ദുരന്ത നിവാരണ വകുപ്പിന്‍റെ പ്രാധാന്യം കൂടി. പ്രകൃതി ക്ഷോഭങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കണം എന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് സിപിഎം മുൻകൈയ്യെടുത്ത് നീക്കം തുടങ്ങിയത്. സിപിഎം -സിപിഐ നേതൃത്വങ്ങൾ നടത്തിയ ചർച്ചകളിൽ കാര്യമായി വിയോജിപ്പുകളും ഉയർന്നിട്ടില്ല.
https://www.facebook.com/Malayalivartha

























