പത്താം ക്ലാസ്സുകാരിയെ കടന്നുപിടിച്ച സ്കൂൾ അറ്റൻഡർ റിമാൻ്റിൽ...മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച സ്കൂൾ ഓഫീസ് അറ്റൻഡറെ തിരുവനന്തപുരം പോക്സോ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിൽ ജില്ലാ ജയിലിലേക്ക് റിമാൻ്റ് ചെയ്തു.
സർക്കാർ എയ്ഡഡ് സ്കൂളായ ശ്രീകാര്യം ചെമ്പഴന്തി ശ്രീ നാരായണ ഗേൾസ് ഹൈസ്ക്കൂളിലെ ഓഫീസ് അറ്റൻഡൻ്റ് പുനലൂർ ഏഴംകുളം സ്വദേശി ബിജു (46) വിനെയാണ് കോടതി റിമാൻ്റിൽ വയ്ക്കാൻ ഉത്തരവായത്. ബിജു സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. ചെമ്പഴന്തി ഗാന്ധിപുരം നിവാസിയായ 16 കാരിയെയാണ് ഇയാൾ മാന ഭംഗപ്പെടുത്താൻ ശ്രമിച്ചത്.
2020 ഡിസംബർ 21 പകൽ 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസിലെ രണ്ടാം ഭാഗം ടെക്സ്റ്റ് ബുക്കുകൾ വാങ്ങാൻ രണ്ടു കുട്ടുകാരികളോടൊപ്പം സ്കൂളിൽ ചെന്നതായിരുന്നു പെൺകുട്ടി. കൂട്ടുകാരികളെ സ്കൂൾ കോംപൗണ്ടിനകത്തുള്ള ബ്രിഡ്ജിന് സമീപം നിർത്തിയ ശേഷം കുട്ടി ഒന്നാം നിലയിലുള്ള ടീച്ചേഴ്സ് റൂമിലെത്തി.
ക്ലാസ് ടീച്ചറോട് ആവശ്യം പറഞ്ഞപ്പോൾ അറ്റൻഡറായ ബിജുവിനെ ടീച്ചർ വിളിച്ചു വരുത്തി ടെക്സ്റ്റ് ബുക്സ് നൽകുവാൻ നിർദേശിച്ചു. ബിജു കുട്ടിയെയും കൂട്ടി പടിയിറങ്ങി താഴത്തെ നിലയിലേക്ക് പോയി.
ലൈബ്രറി റൂമിന് സമീപത്തെ മുറിയിൽ വച്ച് കുട്ടിക്ക് ബുക്കുകൾ നൽകി. പുസ്തകങ്ങൾ ബാഗിനുള്ളിലാക്കി ബാഗ് എടുക്കുന്ന സമയം അയാൾ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടും കൂടി ഇരയുടെ പുറകിലൂടെ ചെന്ന് വലത് കൈ കൊണ്ട് അരക്കെട്ടിൽ വലിഞ്ഞു മുറുക്കിയും അയാളുടെ മുഖം കുട്ടിയുടെ മുഖത്തേക്ക് അമർത്തിയും കുട്ടി കൈതട്ടി മാറ്റി കുതറി പുറത്തേക്ക് പോകുകയും ചെയ്തതു വഴി അയാൾ മാനഹാനിയും മനോവിഷമവുമുണ്ടാക്കുന്ന ലൈംഗിക കയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നാണ് കേസ്.
കുട്ടി തിര്യെ കൂട്ടുകാരികളോടൊപ്പം വീട്ടിലെത്തി കൂട്ടുകാരികളോട് വിവരം പറഞ്ഞു. തുടർന്ന് ക്ലാസ് ടീച്ചറെ ഫോണിൽ വിളിച്ചറിയിച്ചു. ക്ലാസ് ടീച്ചർ അന്ന് അവധിയിലായിരുന്ന ഹെഡ്മിസ്ട്രസിനെ ഫോണിലറിയിച്ചു.
ഡൊമസ്റ്റിക് എൻക്വയറി നടത്തിയ ശേഷം ബിജുവിനെ സ്ക്കൂളിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിനിടെ എച്ച്. എം. ചൈൽഡ് ലൈനിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് വനിത എസ് ഐ കുട്ടിയുടെ വിലാസത്തിൽ ചെന്നെങ്കിലും എസ് എസ് എൽ സി പരീക്ഷ സമയമായതിനാൽ മൊഴിയെടുപ്പ് പഠനത്തെ ബാധിക്കുമെന്നതിനാൽ പരീക്ഷ കഴിഞ്ഞ് മതിയെന്ന് പറഞ്ഞ് രക്ഷിതാക്കൾ എസ്ഐയെ മടക്കി അയച്ചു.
തുടർന്ന് 2021 മെയ് 14 ന് എസ്ഐ വീണ്ടും ചെന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസ് എടുക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 , 354 എ (1) (i) (മാനഭംഗ കൈയ്യേറ്റവും ബലപ്രയോഗവും) എന്നീ വകുപ്പുകൾ കൂടാതെ പോക്സോ നിയമത്തിലെ 9 , 10 (ലൈംഗിക അതിക്രമം) വകുപ്പുകളും ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
ആരോപിക്കുന്ന കൃത്യവും പരാതി റിപ്പോർട്ടു ചെയ്തതും കേസെടുത്തതും തമ്മിൽ 5 മാസത്തെ അന്തരമുള്ളതിനാൽ വ്യാജ പരാതിയാണെന്ന് കാട്ടി ബിജു മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ആരോപണം ഗൗരവമേറിയതിനാലും കസ്റ്റഡിയിൽ വച്ച് മെഡിക്കൽ തെളിവുകളടക്കമുള്ള തെളിവുകൾ ശേഖരിക്കേണ്ടതാണെന്നും നിരീക്ഷിച്ച ഹൈക്കോടതി പ്രതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് ഹർജി തള്ളുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























