ലൈഫ് മിഷനില്‍ ചില ഇടപാടുകള്‍ നടന്നതായി സമ്മതിച്ച് മിഷന്‍ മേധാവി യു.വി ജോസ്; പടിയിറങ്ങുന്നത് പിണറായി വിജയന്‍ തന്നെ കൈവിട്ട വേദനയുമായി; താന്‍ നിരപരാധിയാണെന്നും യുവി ജോസ്

ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന എം ഒ യു ഒപ്പിടലിന് പിന്നില്‍ കുറച്ചുപേര്‍ നടത്തിയതായി മുന്‍ സി. ഇ ഒ യു വി ജോസ് പറഞ്ഞ ഇടപാടുകള്‍ എന്താണ്? ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന യു വി ജോസ് തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് ഇത്തരം ഇടപാടുകളെ കുറിച്ച് പറഞ്ഞത്. ധാരണാപത്രത്തിന്റെ പേരില്‍ ചിലര്‍ നടത്തിയ ഇടപാടില്‍ താന്‍ കോടതി കയറിയതായും അദ്ദേഹം പറഞ്ഞു. താന്‍ നിരപരാധിയാണെന്നും അദ്ദേഹം പറയുന്നു.മേല്‍ പറഞ്ഞ ഇടപാടുകള്‍ ഇന്ന് കോടതിയുടെ പരിഗണനയിലാണെന്ന് യു വി ജോസ് പറയുന്നു. അതുകൊണ്ടാവാം തന്റെ പ്രസ്താവന അദ്ദേഹം ഒറ്റവരിയില്‍ ഒതുക്കിയത്.
ലൈഫ് മിഷന്‍ സി ഇ ഒ എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു. പഴയ പോലെ മുമ്പോട്ടു പോകുകയാണ് താനെന്ന് അദ്ദേഹം പറയുന്നു. ലൈഫ് സി ഇ ഒ യു വി ജോസ് പടിയിറങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈവിട്ട വേദനയുമായിട്ടാണ്. വേദനയോടെ താന്‍ പടിയിറങ്ങുന്നു എന്ന ഫെയ്‌സ് ബുക്ക് കുറിപ്പോടെയാണ് നിപ്പയെ നേരിട്ട യു.വി ജോസ് പടിയിറങ്ങുന്നത്.
യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് ജോസിനെ കുഴപ്പത്തില്‍ ചാടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുടേതാണെന്ന് കരുതി അംഗീകരിച്ചതായിരുന്നു ജോസിന് സംഭവിച്ച അബദ്ധം. ഇങ്ങനെയൊരു അബദ്ധം ഒരു ഉദ്യോഗസ്ഥനും സംഭവിക്കരുതെന്നാണ് ജോസുമായി അടുപ്പമുള്ളവര്‍ പറയുന്നത്. യഥാര്‍ഥത്തില്‍ ഓരോ സിവില്‍ സര്‍വീസുകാരനും പഠിച്ചിരിക്കേണ്ട ജീവിതമാണ് ജോസിന്റേത്. വര്‍ഷങ്ങളോളം നീണ്ട സര്‍വീസില്‍ ഒരിക്കല്‍ പോലും ആരോപണം കേള്‍പ്പിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥനായിരുന്നു യു. വി ജോസ്. കോഴിക്കോട് കളക്ടര്‍ ആയിരിക്കെ നിപ്പ എന്ന മഹാമാരിയെ അന്ന് ആരോഗ്യ മന്ത്രിയായിരുന്ന കെ. കെ ഷൈലജക്ക് ഒപ്പം നിന്ന് നേരിട്ടത് ജോസായിരുന്നു. അവിടെ നിന്ന് ലൈഫ് മിഷനില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ ജീവിതം തകര്‍ന്നു.
ലൈഫ് വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ച് കുലുക്കിയെന്നാണ് യു വി ജോസ് പറയുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചെന്നാണ് അദ്ദേഹം പറയുന്നത്. 2 ലക്ഷം വീടുകളുടെ നിര്‍മ്മാണമാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ഇത് മാറി. എന്നാല്‍ അവിടുന്നങ്ങോട്ട് തന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ
സംഭവങ്ങളായിരുന്നു നടന്നതെന്ന് അദ്ദേഹം പറയുന്നു.
ജോസ് പറയുന്നതിങ്ങനെ: 2018 നവംമ്പറില്‍ ജില്ലാ കളക്ടര്‍ എന്ന റോളില്‍ പരമാവധി സമയമായ 3 വര്‍ഷം അവസാനിക്കാറായപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു.ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ തസ്തികയോടൊപ്പം ഞാന്‍ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷന്‍ സി ഇ ഒ എന്ന പോസ്റ്റും. ലൈഫ് മിഷനില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധയും താത്പര്യവും. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. ലൈഫ് വിവാദം ഉണ്ടായപ്പോള്‍ എല്ലാം ഐ എ. എസ് ഉദ്യോഗസ്ഥനായ യു.വി. ജോസിന്റെ തലയില്‍ ചാരി രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ മന്ത്രി ആയിരുന്ന എ സി മൊയ്തീന്‍ ശ്രമിച്ചത്. തന്റെ അനുവാദമില്ലാതെയാണ് ജോസ് കരാറില്‍ ഒപ്പിട്ടതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി അറിയാതെ കരാര്‍ ഒപ്പിട്ടതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണമാണ് ജോസ് കരാറില്‍ ഒപ്പിട്ടത്.ലൈഫിന്റെ മന്ത്രി മൊയ്തീന്‍ ആയിരുന്നെങ്കിലും ലൈഫ് നിയന്ത്രിച്ചിരുന്നത് മുഖ്യമന്ത്രിയായിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് വിവാദത്തില്‍ സിഇഒ, യു വി ജോസിനോട് മന്ത്രി എ സി മൊയ്തീന്‍ വിശദീകരണം തേടിയത് വാര്‍ത്തയായിരുന്നു. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും മന്ത്രി വിളിച്ചുവരുത്തി. യു.വി. ജോസ് തന്നെ മറികടക്കുന്നു എന്ന ചിന്ത മന്ത്രി എ.സി മൊയ്തിന് നേരത്തെ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നേരിട്ടാണ് ലൈഫ് മിഷന്‍ കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ മിഷനുകളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ശിവശങ്കരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹമാണ് മിഷന്റെ പ്രവര്‍ത്തനം നടത്തിയിരുന്നത്. അതാണ് ജോസ് അനുസരിച്ചത്.
140 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത്. റെഡ്‌ക്രെസന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യു എ ഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ടാണ് റെഡ്‌ക്രെസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. റെഡ് ക്രസന്റിന്റെ മറവിലാണ് അഴിമതി നടന്നത്. അതായത് ലൈഫ് - റെഡ് ക്രസന്റ് കരാറില്‍ അഴിമതി നടന്നു എന്നു തന്നെയാണ് യു വി ജോസ് വിശ്വസിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആദ്യ വെളിപ്പെടുത്തലാണ്. അതുകൊണ്ടു തന്നെ അത് ഞെട്ടിക്കുന്നതുമാണ്.
https://www.facebook.com/Malayalivartha


























