ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്; കൊച്ചിയില്‍ ഉടമസ്ഥര്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന വീടുകള്‍ നോട്ടമിട്ട് തട്ടിപ്പ് സംഘം സജീവം; വ്യാജ വാടക കരാര്‍ ഉണ്ടാക്കി ഇടനിലക്കാര്‍ പറ്റിക്കുന്നത് സാധാരണക്കാരെ

ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം കൊച്ചിയില്‍ സജീവമാകുന്നു. കൊച്ചിയില്‍ റിട്ടയേഡ് അധ്യാപകന്റെ വീട് ഉടമയറിയാതെ മറ്റൊരാള്‍ക്ക് പണയത്തിന് നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള സംഘത്തിനെ കുറിച്ച് വിവരം ലഭിക്കുന്നത്. എന്നാല്‍ പരാതി നല്‍കി രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യമെടുത്തതിനാലാണ് അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നാണ് പൊലീസ് നിലപാട്. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന രുദ്രവാര്യര്‍ തന്റെ മകളുടെയും മരുമകനായ സഞ്ജയുടെയും പേരില്‍ വാങ്ങിയ വീട്ടിലാണ് അനധികൃതമായി ആളുകള്‍ താമസിക്കുന്നുവെന്ന് കാണിച്ച് പരാതിയുമായെത്തിയത്.
മകളുടെ ഒപ്പം ബംഗളൂരുവിലായിരുന്നു രുദ്രവാര്യര്‍ താമസിച്ചിരുന്നത്. പോണേക്കരയിലെ വീട് വാടകക്ക് നോക്കാന്‍ വരുന്നവര്‍ക്കായി അയല്‍വാസിയുടെ കയ്യില്‍ താക്കോല്‍ നല്‍കിയിരുന്നു. എന്നാല്‍ ഉടമയുമായി വാടക കരാറായി എന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാര്‍ അയല്‍വാസിയില്‍ നിന്ന് താക്കോല്‍ വാങ്ങി. വീട്ടില്‍ പുതിയ ആളുകള്‍ താമസിക്കുന്നുവെന്ന വിവരം പരിസരവാസികള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഉടമ അറിഞ്ഞത്.
രുദ്രവാര്യരുടെ പോണോക്കരയിലെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്ന നൗഫല്‍ എട്ട് ലക്ഷം രൂപ നല്‍കി 11 മാസത്തേക്ക് പണയത്തിന് എടുത്തതാണെന്ന് അറിഞ്ഞത്. അജിത്കുമാര്‍ എന്നയാളുടേതാണ് വീടെന്ന വ്യാജേന, ഇടനിലക്കാരന്‍ നൗഫലിനെ കബളിപ്പിച്ചാണ് പണയത്തിന് നല്‍കിയത്.
താമസം തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞാണ് തട്ടിപ്പിനെക്കുറിച്ച് നൗഫല്‍ മനസിലാക്കുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇടനിലക്കാരനായ ഫൈസല്‍, അജിത് കുമാര്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു. എന്നാല്‍ പ്രതികള്‍ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























