അന്നത്തെ ടൂറിസം മന്ത്രി എ പി അനിൽകുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണിത്:വീട്ടിൽ നടന്നത് റെയ്‌ഡല്ലെന്നും സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും എപി അബ്‌ദുളളക്കുട്ടി

അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയ വാർത്ത രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരിക്കുകയാണ്. ആരാണ് അഴിമതി നടത്തിയത് എന്ന് തനിക്ക് നല്ല ബോധ്യം ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
വീട്ടിൽ വിജിലൻസ് സംഘം വന്നപ്പോഴാണ് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പലതും താൻ അറിയുന്നതെന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ കൂടിയായ എ പി അബ്‌ദുളളക്കുട്ടി പറഞ്ഞു. അന്നത്തെ ടൂറിസം മന്ത്രി എ പി അനിൽകുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണിത്. അതാണ് ഇപ്പോൾ പൊങ്ങി വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ കൈകൾ ശുദ്ധമാണ്. തന്‍റെ പേരിൽ കുറ്റമുണ്ടെങ്കിൽ താനും ശിക്ഷിക്കപ്പെടണമെന്നും അബ്‌ദുളളക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മമ്മൂട്ടിയുടേയും കാവ്യമാധവന്‍റെേയുമൊക്കെ ശബ്‌ദം ഉപയോഗിച്ച് മനോഹരമായി നടത്തിയ പരിപാടിയായിരുന്നു അത്. ഉമ്മൻ ചാണ്ടി വന്നായിരുന്നു ഉദ്ഘാടനം ചെയ്‌തത്. വിജിലൻസ് സംഘം ചോദിച്ചതിനെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടെ പേര് തനിക്ക് ഓർമ്മയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു. വീട്ടിൽ നടന്നത് റെയ്‌ഡല്ലെന്നും സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്‌ദുളളക്കുട്ടി വ്യക്തമാക്കി.
കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു വിജിലൻസ് സംഘം ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയിൽ നിന്ന് മൊഴിയെടുത്തത് .
അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.
യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
https://www.facebook.com/Malayalivartha