രാജഗിരിയില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി വീടുകളില്‍ വെള്ളം കയറി; ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു

ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പത്തനാപുരം, കലഞ്ഞൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ രാജഗിരി മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍. നിരവധി വീടുകളില്‍ വെള്ളം കയറി.ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായി.
ജാഫര്‍ കോളനിയില്‍ പത്ത് വീടുകളില്‍ വെള്ളം കയറി. വാഴപ്പാറ, കുഴിക്കാട്ട് മേഖലയില്‍ മാത്രം ഒന്പത് വീടുകളില്‍ വെള്ളം കയറി. ഇടത്തറ, കട്ടച്ചികടവില്‍ നാലോളം വീടുകളിലും കല്ലുംകടവ് വാര്‍ഡില്‍ നാലു വീടുകളിലും മാര്‍ക്കറ്റ് വാര്‍ഡില്‍ നാല് വീടുകളിലും വെള്ളം കയറി.
ചില വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കലഞ്ഞൂര്‍ പഞ്ചായത്തിലും നിരവധി വീടുകള്‍ക്കും കൃഷിക്കും നാശം സംഭവിച്ചു. രാത്രി രണ്ട് മണിയോടെ തോടുകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയായിരുന്നു.
വെള്ളം കയറിയ വീട്ടുകാര്‍ ഞെട്ടി ഉണര്‍ന്ന് സമീപ വീടുകളില്‍ അഭയം തേടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രോഗശയ്യയിലുള്ള വൃദ്ധരെ ചുമന്നുകൊണ്ട് പോയാണ് രക്ഷപ്പെടുത്തിയത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായുള്ള ടി വി,മൊബെല്‍ ഫോണ്‍ മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവ മിക്ക വീടുകളിലും വെള്ളം കയറി നശിച്ചു.
വെള്ളം കയറിയ സ്ഥലങ്ങള്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു.വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവര്‍ക്ക് സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനം ഒരുക്കുമെന്നും വീടിനും കൃഷിക്കും നാശം സംഭവിച്ചവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ.ബി. ഗണേശ് കുമാര്‍ എം .എല്‍ .എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസി എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha