'പരീക്ഷാസിലബസ് രഹസ്യരേഖയല്ല'; ലാസ്റ്റ് ഗ്രേഡ്, ക്ലാര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോര്‍ന്നുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി പി എസ് സി

പി എസ് സി നടത്തുന്ന പരീക്ഷകളുടെ സിലബസ് രഹസ്യരേഖയല്ലെന്നും സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നുമറിയിച്ച് പി എസ് സി അധികൃതര്‍. ലാസ്റ്റ് ഗ്രേഡ്, ക്ലാര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോര്‍ന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നാണ് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റുമായി വിശദീകരണവുമായി രംഗത്തെത്തിയത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ തയാറെടുപ്പ് നടത്തുന്നതിനു മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്ന രേഖയാണ് സിലബസെന്നും അധികൃതര്‍ അറിയിക്കുന്നു.
പി എസ് സിയുടെ വിശദീകരണം ഇങ്ങനെ ;
'പരീക്ഷാസിലബസ് രഹസ്യരേഖയല്ല. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ലാസ്റ്റ് ഗ്രേഡ്, ക്ലര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്ബ്തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത
തെറ്റിദ്ധാരണാജനകമാണ്. പരീക്ഷാ സിലബസ് ചെയര്‍മാന്‍ അംഗീകരിക്കുന്നതോടുകൂടി
പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂണ്‍ 3 ന് തന്നെ പരീക്ഷാസിലബസ് പി.എസ്.സി. പുറത്തുവിട്ടതാണ്.
അടുത്തദിവസം തന്നെ പി.എസ്.സി. വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരീക്ഷാസിലബസുകള്‍ രഹസ്യസ്വഭാവത്തോട് കൂടിയ രേഖയല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിനായി മുന്‍കൂട്ടിതന്നെ പ്രസിദ്ധീകരിച്ച് പ്രചാരണം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ പി.എസ്.സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു വിഷയമല്ല.'
https://www.facebook.com/Malayalivartha