പിണറായിക്ക് വോട്ടു കൊടുത്തവര്‍ക്ക് ത്യശൂരില്‍ സമ്മാനം ഒരുങ്ങി: ഉദ്ഘാടനത്തിന് അമിത് ഷാ വരുമോ

കാര്യം എന്തെല്ലാം പറഞ്ഞാലും നല്ല അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലെങ്കില്‍ തടങ്കല്‍ പാളയം നിര്‍മ്മിക്കാന്‍ നരേന്ദ്രമോദി പറഞ്ഞയുടനെ അദ്ദേഹം നിര്‍മ്മിക്കുമോ സി പി എം സംഘടന സെക്രട്ടറിയുടെ ഭാര്യയുടെ വകുപ്പിന് കീഴില്‍ തന്നെ തടങ്കല്‍ പാളയം നിര്‍മ്മിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അനുമതിയും ഇതിന് കിട്ടിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നോര്‍ക്കണം. ദേശീയ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ കേരളത്തിലും ബംഗാളിലും ഡല്‍ഹിയിലുമൊക്കെ നിരവധിയാളുകള്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരാകട്ടെ ദേശീയ പൗരത്വ നിയമം നടപ്പിലാക്കുമെന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഘോര ഘോരം പ്രസംഗിച്ചതാണ് പലവട്ടം. നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ചരിത്ര രേഖയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയും സാമൂഹിക നീതി മന്ത്രിയുമായ ആര്‍.ബിന്ദുവാണ് തടങ്കല്‍ പാളയത്തിന്റെ ഫയല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കൈകാര്യം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് കേരളത്തില്‍ തടങ്കല്‍പാളയങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തും തൃശൂരും തടങ്കല്‍പാളയങ്ങള്‍ ആരംഭിക്കാന്‍ സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടര്‍ പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒന്നരവര്‍ഷം മുമ്പാണ് തടങ്കല്‍ പാളയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. അത്
വിവാദമായതോടെ നിര്‍ത്തി. എന്നാല്‍ കോവിഡ് സമയത്ത് നിര്‍മ്മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തടങ്കല്‍പാളയങ്ങള്‍ സ്ഥാപിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തുടരുന്ന വിദേശികളെയും, ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി അവരവരുടെ രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള നിയമനടപടികള്‍ കാത്തുകിടക്കുന്ന വിദേശികളെയും അവര്‍ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സംസ്ഥാന തലത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിാേ ിരിക്കുന്നു എന്നാണ് വിജ്ഞാപനം വിശദീകരിക്കുന്നത്.
ഒരു സമയം പരമാവധി 10 പേര്‍ക്ക് താമസിക്കാവുന്ന തടങ്കല്‍ പാളയമാണ് രണ്ട് ജില്ലകളിലും ആരംഭിക്കുന്നത്. താല്‍പര്യമുള്ള സംഘടനകള്‍ ജൂണ്‍ 15ന് വൈകീട്ട് അഞ്ചിനു മുമ്പ് വിശദ നിര്‍ദേശം ലഭ്യമാക്കാനും ഡയറക്ടര്‍ നിര്‍ദേശിക്കുന്നു. അടിസ്ഥാന സൗകര്യത്തിനു പുറമെ സി.സി.ടി.വി, മുള്ളുവേലിയടക്കം തടങ്കല്‍പാളയത്തിന് ഏര്‍പ്പെടുത്തും. സംസ്ഥാന പൊലീസിനാകും സുരക്ഷ. തൃശൂര്‍ പൂങ്കുന്നത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.
ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് നൈജീരിയന്‍ പൗരന്മാരെയും ഒരു മ്യാന്മര്‍ പൗരനെയും തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുന്നതിന്റെ ഭാഗമായി തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിര്‍ദേശം നേരത്തേ വിവാദമായപ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് 2020 ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2012 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ല
എന്‍.ആര്‍.സിയും പൗരത്വ ഭേദഗതിനിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം പ്രകടന പത്രികയിലും ആവര്‍ത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ഡിസംബര്‍ 31ന് സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പ്രമേയവും പാസാക്കി. എന്നാല്‍, തടങ്കല്‍പാളയം നിര്‍മിക്കാനുള്ള പുനര്‍വിജ്ഞാപനമിറങ്ങി ആഴ്ചകള്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയടക്കം ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനാല്‍ പിണറായി പറഞ്ഞിട്ട് സമരം ചെയ്യുന്നവര്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
"
https://www.facebook.com/Malayalivartha