ഉമ്മന്‍ ഗ്രൂപ്പിനു വധശിക്ഷ സുധാകരന്‍ കളത്തിലേക്ക്....

വാടാ എന്നു പറഞ്ഞാല്‍ പോടാ എന്നു പറയാന്‍ കഴിയുന്ന തന്റേടിയാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഇക്കാലത്തു വേണ്ടതെന്നും ഉറക്കത്തില്‍പോലും ഗ്രൂപ്പ് എന്നു ചിന്തിക്കുന്ന കിളവന്‍മാരെയല്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മനസിലായി.
ഉരുളയ്ക്ക് ഉപ്പേരി മറുപടി പറയാനും അടിച്ചാല്‍ തിരിച്ചടിക്കാനും പ്രാപ്തിയുള്ള കെ സുധാകരനെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചുമതലക്കാരനായി ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നു. ഒരു കൈ മുണ്ടിന്റെ അഗ്രത്തിലും മറ്റേ കൈ ഷര്‍ട്ടിന്റെ കോളറിലും പിടിച്ച് പിച്ചവെച്ചു നടക്കുന്ന ഒച്ചുനയംകൊണ്ടൊന്നും കേരളത്തില്‍ കോണ്‍ഗ്രസ് ഇനി ഗുണം പിടിക്കില്ല.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് എ ഗ്രൂപ്പിനെ മാത്രമല്ല എല്ലാ ഗ്രൂപ്പുകളിക്കാരെയും വേരോടെ പിഴുതു മാറ്റി പുതിയ പുതിയ താരങ്ങളെ ഇറക്കിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടി, കെസി ജോസഫ്, തിരുവഞ്ചൂര്‍ ത്രയങ്ങളെ വെട്ടിനിരത്തിയ പുതിയ ഹൈക്കമാന്‍ഡ് സമവാക്യം എഴുതിയിരിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ ഒരു വട്ടംകൂടി കെപിസിസിയെ നയിച്ച് ഗ്രൂപ്പു കളിക്കാനും ഭാവി മുഖ്യമന്ത്രി കസേര ഉറപ്പിക്കാനും രമേശ് ചെന്നിത്തല നടത്തിയ നാണം കെട്ട കളിയെയും ഹൈക്കമാന്‍ഡ് പൊളിച്ചടുക്കി.
അര നൂറ്റാണ്ട് ഗ്രൂപ്പുകളിച്ച് കേരളത്തില്‍ കോണ്‍ഗ്രസിനെ മുച്ചൂടും മുടിച്ച എ, ഐ ഗ്രൂപ്പുകാര്‍ക്കും തിരുത്തല്‍വാദികള്‍ക്കും കോണ്‍ഗ്രസ്കേരളത്തില്‍ രക്ഷപ്പെടണമെന്ന പൂതിയില്ല. പാര്‍ട്ടിക്കും മുന്നണിക്കും താഴേത്തട്ടില്‍ ബലവും വേരോട്ടവുമില്ലെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുഫലത്തില്‍ നിന്ന് കണ്ടുപഠിച്ചും അണികളെ കൂടെനിറുത്തണമെന്ന് നേതാക്കള്‍ക്ക് താല്‍പര്യമില്ല.
41 സീറ്റിലേക്ക് തോറ്റുതുന്നം പാടിയ മുന്നണിയെ എങ്ങനെയും കരകയറ്റണമെന്നോ കൂടെ നില്‍ക്കുന്ന പ്രവര്‍ത്തകരെ ശക്തിപ്പെടുത്തണമെന്നോ ഒരു നേതാവിനും താല്‍പര്യമില്ല. കാലവും ലോകവും തലമുറയും തങ്ങളെ നടതള്ളിയെന്ന തിരിച്ചറിവില്ലാതെ വയസനാകാലത്തും തറ ഗ്രൂപ്പുകളി കളിച്ച എ ഗ്രൂപ്പ് കാരണവന്‍മാരെല്ലാം ഇതോടെ തീരുകയാണ്.
കേരളത്തിലെ നേതാക്കള്‍ മൊഴിയുന്ന കുതന്ത്രങ്ങളിലൊന്നും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വിശ്വാസമില്ലാതായിരിക്കുന്നു.
അതുകൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറെ ഇവിടേക്ക് അയച്ച് ഇവിടത്തെ യഥാര്‍ഥ സാഹചര്യം ഹൈക്കമാന്‍ഡ് വാങ്ങിയെടുത്തത്. പുതിയ നേതാക്കളെ കണ്ടെത്തുന്നിതില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കാണിച്ച മൗനനയം തന്നെ അതിശയിപ്പിക്കുന്നതായയാണ് താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് എഴുതിക്കൊടുത്തത്. അതായത് എനിക്കുശേഷം പ്രളയം എന്നതാണ് കേരളത്തിലെ ഗ്രൂപ്പുനേതാക്കളുടെ നയം എന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിരിക്കുന്നു.
വിഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഉറച്ച നിലപാടുകളുമായി നിയമസഭയില്‍ സജീവമാകുമ്പോള്‍ കൂടെയുള്ള ഗ്രൂപ്പ് നേതാക്കളുടെ ഉറച്ച പിന്തുണയുണ്ടാകുന്നില്ലെങ്കില്‍ മുന്നണിക്കു രക്ഷയില്ല. പുതിയ പ്രസിഡന്റ് കെ സുധാകരനെ ഗ്രൂപ്പിന്റെ പേരില്‍ തളയ്ക്കാനും ഒതുക്കാനും ശ്രമം നടന്നാലും കോണ്‍ഗ്രസിന് അപജയമേയുണ്ടാകൂ. പാരയും പോരുമായി കൂടെയുള്ള ഗ്രൂപ്പു നേതാക്കളെത്തിയാല്‍ സുധാകരന്‍ രാജിവെച്ചു പണി നിറുത്തുന്ന കടുത്ത നിലപാടുകാരനും ക്ഷിപ്രകോപിയുമാണ്.
ഒന്നിനും പ്രതികരിക്കാതെ, വായില്‍ വെള്ളമൊഴിച്ചു കഴിയുന്ന നയംകൊണ്ടൊന്നും കേരളത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും നേരിടാന്‍ കോണ്‍ഗ്രസിനു കഴിയില്ല. സോളാര്‍ കേസില്‍ മുതല്‍ അരോപണങ്ങള്‍ക്കും അപകീര്‍ത്തികള്‍ക്കും മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ അയഞ്ഞ നിലപാടുകളും മൗനങ്ങളുമാണ് കോണ്‍ഗ്രസിനെ ഇത്രയേറെ ദുര്‍ബലമാക്കിയത്. കണ്ണൂരില്‍ സിപിഎമ്മിന്റെ ഗുണ്ടായിസത്തെ നേരിടാനുള്ള മെയ്ക്കരുത്തും മനക്കരുത്തും സുധാകരനു മാത്രമേയുള്ളു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര തോല്‍വിയുണ്ടാക്കിയതിനു പിന്നിലും പ്രധാന പരിമിതി കോണ്‍ഗ്രസിനെ നിലവാരം കെട്ട ഗ്രൂപ്പുകളി ഒന്നുമാത്രമായിരുന്നു. മേല്‍ത്തട്ടില്‍ നേതാക്കള്‍ ഒട്ടേറെയുണ്ടെങ്കിലും താഴേത്തട്ടില്‍ വാര്‍ഡുതലത്തിലും പ്രാദേശിക തലത്തിലും കോണ്‍ഗ്രസിന്റെ അണികളെല്ലാം ഒഴുകിപ്പോയി എന്നതാണ് നിലവിലെ ഗതികേട്. കോണ്‍ഗ്രസിലെ അണികള്‍ ഏറെയും ഇടതുമുന്നണിയിലേക്കോ ബിജെപിയിലേക്കോ ചോര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് നിലവില്‍ യുഡിഎഫിന് സംഭവിച്ചിരിക്കുന്ന ദുരന്തം.
കോണ്‍ഗ്രസിലെ ഒരു നിര നേതാക്കളുടെ പാര ഒന്നുകൊണ്ടു മാത്രം കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്കു ചേക്കേറിയതാണ് മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് ഇത്രയേറെ ആള്‍നാശവും സീറ്റുനഷ്ടവുമുണ്ടാക്കിയതെന്ന് അംഗീകരിക്കാന്‍പോലും പാര്‍ട്ടി തയാറായിട്ടില്ല.
വാര്‍ഡുകമ്മിറ്റികള്‍ ഗ്രൂപ്പു സമവാക്യങ്ങള്‍ക്കുപരിയായി പുനസംഘടിപ്പിക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസില്‍ അടിയന്തിരമായി വേണ്ടത്.
വാര്‍ഡു കമ്മിറ്റി വിളിച്ചാല്‍ പത്തു പ്രവര്‍ത്തകരെപ്പോലും കണികാണാനില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസിന്റെ ഇക്കാലത്തെ ഗതികെട്ട അവസ്ഥ. വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് പദവിയില്‍പോലും ആളില്ലാത്ത സാഹചര്യമാണ് ഏറെയിടങ്ങളിലുമുള്ളത്.
ഡിസിസി മുതല്‍ മണ്ഡലം, വാര്‍ഡു തലം വരെ അഴിച്ചുപണിയുണ്ടാകാതെ കോണ്‍ഗ്രസിനു രക്ഷയില്ല. കോണ്‍ഗ്രസ് നേതാവ് എന്ന ലേബലില്‍ കള്ളക്കടത്തും കരാര്‍പണിയും ഭൂമിവ്യാപാരവും പിരിവെടുപ്പുമൊക്കെയായി ജനങ്ങളെ വെറുപ്പിക്കുന്ന ഒരു നിര നേതാക്കളെ വെട്ടിനിരത്താതെ കോണ്‍ഗ്രസ് അഴിമതിക്കുണ്ടില്‍ നിന്നും കര കയറില്ല.
പൂജ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള വലിയ ദൗത്യമാണ് സതീശനും സുധാകരനുമുള്ളത്.കോണ്‍ഗ്രസിന്റെ ചതിക്കളിയിലും ഗ്രൂപ്പുവാഴ്ചയിലും മടുത്ത ആര്‍എസ്പി മുന്നണി വിടാന്‍ മുഹൂര്‍ത്തം നോക്കിയിരിക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ ആര്‍എസ്പിയെ സമാധാനിപ്പിക്കാനാകുന്നില്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ആര്‍എസ്പിയിലെ ഏറെ നേതാക്കളും ഇടതുമുന്നണിയിലേക്കു ചേക്കേറും. നിലവില്‍ മുന്നണിക്കു യാതൊരു നേട്ടവും സമ്മാനിക്കാന്‍ ത്രാണിയില്ലാത്ത എംഎം ഹസനു പകരം ജീവനും ചൈതന്യവുമുള്ള നേതാവ് യുഡിഎഫ് കണ്‍വീനറായി വരേണ്ടതും അനിവാര്യമായിരിക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും കെ സുധാകരനാണ് ഏക സാധ്യതയെന്ന് മുറവിളി കൂട്ടിയപ്പോഴും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മൗനം പാലിച്ച ജനങ്ങളെയും പാര്‍ട്ടിയെയും മണ്ടന്‍ കളിപ്പിക്കുകയായിരുന്നു. എങ്ങനെയും മുഖ്യമന്ത്രി പദവിയില്‍ എത്തുകയെന്ന അധികാരമോഹം ആഴത്തില്‍ പതിഞ്ഞുപോയ ഇവരുടെ താല്‍പര്യങ്ങളെ കേരള ജനത ഉള്‍ക്കൊള്ളില്ലെന്ന തിരിച്ചറിവ് ഇവര്‍ക്കൊന്നും അംഗീകരിക്കാന്‍ സാധിക്കുന്നുമില്ല.
ഞാനല്ല പാര്‍ട്ടിയാണ് വലുതെന്ന ചിന്തപോലും ഇവരൊക്കെ ആള്‍പ്രമാണിത്വത്തില്‍ മറന്നുപോയിരിക്കുന്നു. സുധാകരന്‍ പ്രസിഡന്റാകുമെന്ന നിലയുണ്ടായപ്പോള്‍ നാലാളെ കൂട്ടാനും നയിക്കാനും കാലത്തിനൊത്ത സംഘാടനമികവില്ലാത്ത കോടിക്കുന്നില്‍ സുരേഷിനെ കളത്തിലിറക്കി എ ഗ്രൂപ്പിനെ നിലനിറുത്താനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെയും കെസി ജോസഫിന്റെയും കളികള്‍.
ഇരിക്കൂറിലെ ജനങ്ങള്‍ മാത്രമല്ല, ഈ തലമുറ അപ്പാടെ തള്ളിക്കളഞ്ഞ കെസി ജോസഫ് ഇത്രയേറെ നിലവാരം കെട്ടി കളികളിക്കുന്നതും കേരളം അതിശയത്തോടെയാണ് നോക്കിക്കണ്ടത്. കെ കരുണാകരനുമായി കാലങ്ങളോളം ഏറ്റുമുട്ടി ലീഡറുടെ കാലശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ആധിപത്യം പിടിച്ച എ ഗ്രൂപ്പിന്റെ ആധിപത്യം ഇതോടെ തീരുകയാണ്. ഇനിയെങ്കിലും കേരളത്തില്‍ പാര്‍ട്ടി മതി ഗ്രൂപ്പുവേണ്ട എന്ന് പറയാനുള്ള ആത്മാര്‍ഥത ഒരു നേതാവിനുമില്ല.
പിടി തോമസും ടി സിദ്ധിക്കും ഉള്‍പ്പെടുന്ന ചടുലമായ ടീം മുന്നോട്ടുവരുമ്പോള്‍ ധീരമായനിലപാടും ധൈര്യം പകരാന്‍ കരുത്തുമുള്ള ഒരു നിര നേതാക്കളാണ് കോണ്‍ഗ്രമനുണ്ടായിരിക്കുക. കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കു നിയമതിനായാല്‍ ഒരു സൂപ്പര്‍ ടീമായി കോണ്‍ഗ്രസ് മാറും. എക്കാലവും ഗ്രൂപ്പു തലത്തില്‍ വീതം വയ്പിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍ നിലവില്‍ എ ഗ്രൂപ്പിന് ഒരു സ്ഥാന ലബ്ദിയും കിട്ടിയില്ലെന്ന നിലവിളിയായിരിക്കും ചാണ്ടി ഗ്രൂപ്പിനുണ്ടാവുക. അതിനു പറ്റിയ ഒരാളെ സ്വന്തം ഗ്രൂപ്പില്‍ നിന്നു കളത്തിലിറക്കി കളിക്കുകയായിരിക്കും ഇവരുടെ അടുത്ത തന്ത്രം.
മുസ്ലീം ലീഗിനും ആര്‍എസ്പിക്കും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും സമ്മതനായ ഒരാളെ വേണം യുഡിഎഫ് കണ്‍വീനറായി കണ്ടെത്തിക്കൊണ്ടുവരാന്‍.
https://www.facebook.com/Malayalivartha


























