തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ നിന്നിലൂടെ അറിയുക തന്നെ ചെയ്യും; ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.കെ രമ

ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി വടകര എം.എല്‍.എ കെ.കെ രമ രംഗത്ത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിന്‍റെ പേരിൽ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
ഇതിനെതിരെയാണ് കെ.കെ രമ പ്രതികരിച്ചത്. തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്നും അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ ഐഷ സുല്‍ത്താനയിലൂടെ അറിയുക തന്നെ ചെയ്യുമെന്ന് കെ.കെ രമ പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.കെ രമ ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഐഷാ സുൽത്താനാ സമരൈക്യദാർഢ്യം.
തുറുങ്കുകൾക്കും തുടലുകൾക്കും തുപ്പാക്കികൾക്കും തൂക്കുകയറുകൾക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നൽകിയ പേരാകുന്നു ഇന്ത്യ.
പ്രിയ ഐഷാ സുൽത്താനാ, നീ ആ ദേശാഭിമാന ഭാരതത്തിന്‍റെ ധീരപുത്രിയാവുന്നു, ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു,
ഐഷാ സുൽത്താനാ, ഭരണകൂടത്തിന്‍റെ അധികാര ദുഃശ്ശാസനകൾ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണൻ കൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താൽ അഭിവാദനം. തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ നിന്നിലൂടെ അറിയുക തന്നെ ചെയ്യും. ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലിൽ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാൻ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുൽത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.
ഐഷാ സുൽത്താനയ്ക്ക് ഐക്യദാർഢ്യം.
https://www.facebook.com/Malayalivartha