സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാന്‍ കോടതി ശരിവച്ചു; സത്യത്തിനും നീതിക്കും നിരക്കാത്ത വിധിയെന്ന് സിസ്റ്റർ!

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ നിന്നും സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാന്‍ സഭാ കോടതി ശരിവെച്ചു. പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വത്തിക്കാന്റെ തീരുമാനം. എഫ്.സി.സി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ആണ് വത്തിക്കാന്‍ തീരുമാനം പുറത്തറിയിച്ചത്.
അതേസമയം, തന്റെ ഭാഗം കേള്‍ക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്നും ഇത് സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും അവര്‍ പ്രതികരിച്ചു. മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ പരസ്യമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ദിവസങ്ങളോളം നടത്തിയ സമരത്തിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി സമരവേദിയില്‍ എത്തുകയും മാധ്യമങ്ങളില്‍ അടക്കം ലേഖനം എഴുതുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്.
എന്നാൽ, സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവതമാണ് ലൂസി പുലര്‍ത്തിയതെന്ന വാദം അംഗീകരിക്കുകയായിരുന്നു. 2019 ലായിരുന്നു ഇത്. വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
അനുവാദമില്ലാതെ ടി.വി. ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇതെല്ലാം അവഗണിച്ചതിന്റെ പേരിലാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം, സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്
സംഭവത്തില്‍ സിസ്റ്റര്‍ ലൂസിയോട് സന്യാസിനി സഭാ നേതൃത്വം വിശദീകരണം തേടിയിരുന്നു. സിസ്റ്റര്‍ ലൂസി ഇതിന് വിശദീകരണം നല്‍കിയെങ്കിലും എഫ്സിസി അധികൃതര്‍ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇതുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൂസി കളപ്പുരയെ പുറത്താക്കാനുള്ള നടപടി തുടങ്ങിയത്.
അതേസമയം, സിസ്റ്റര്‍ ലൂസി കാരയ്ക്കാല മഠത്തില്‍ നിന്നും പുറത്തുപോകണമെന്ന് കാണിച്ച എഫ്.സി.സി മാനന്തവാടി പ്രൊവിന്‍സ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ അപേക്ഷ നൽകിയതാണ്. തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ച് പുറത്താക്കാനുള്ള നീക്കത്തിന് സ്‌റ്റേ നേടിയിരുന്നു.
https://www.facebook.com/Malayalivartha

























