നിന്റെ നായയ്ക്ക് വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലേ കിട്ടിയുള്ളോ? പ്രാണ വേദന പുറത്ത് കേൾക്കാനാകാത്തവിധം ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കി: മരത്തടികൊണ്ട് മർദ്ദിച്ച് ഇഞ്ചിഞ്ചായി പ്രാണൻ പിടയുന്ന വേദന കണ്ടുരസിച്ചും അട്ടഹസിച്ചും യുവാക്കളുടെ പരാക്രമം; ബ്രൂണോ ശ്വാന പ്രേമികളുടെ നൊമ്പരമാകുമ്പോൾ...

നിന്റെ നായയ്ക്ക് വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലേ കിട്ടിയുള്ളോ? പ്രാണ വേദന പുറത്ത് കേൾക്കാനാകാത്തവിധം ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കി: മരത്തടികൊണ്ട് മർദ്ദിച്ച് ഇഞ്ചിഞ്ചായി പ്രാണൻ പിടയുന്ന വേദന കണ്ടുരസിച്ചും അട്ടഹസിച്ചും യുവാക്കളുടെ പരാക്രമം; ബ്രൂണോ ശ്വാന പ്രേമികളുടെ നൊമ്പരമാകുമ്പോൾ...
തങ്ങളുടെ ബോട്ടിന് കീഴെ വിശ്രമിച്ചതിന്റെ പേരിൽ പ്രാണൻ പോകുമ്പോഴുള്ള വേദനപോലും പുറത്ത് കേൾക്കാനാകാത്തവിധം വളർത്തുനായയുടെ ജീവനെടുത്ത യുവാക്കളുടെ വാർത്ത മനുഷ്യ മനഃസ്സക്ഷിയെ ഞെട്ടിക്കുന്നു. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറയിലാണ് എട്ടുവയസുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ച് കൊന്നത്. ക്രിസ്തുരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള നായയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. എട്ടു വയസുള്ള നായ എല്ലാവരോടും അടുപ്പം കാണിച്ചിരുന്നുവെന്ന് ക്രിസ്തുരാജ് പറയുന്നു. സംഭവത്തിൽ നാട്ടുകാരായ പ്രായപൂർത്തിയാകാത്ത യുവാവുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. അടിമലത്തുറ സ്വദേശികളായ സില്‍വസ്റ്റര്‍, സുനില്‍ അടക്കം മൂന്ന് പേരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് നെഞ്ചുപിടയുന്ന ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കിയശേഷം കാറ്റാടിയുടെ തടിയുപയോഗിച്ച് നായയെ അടിക്കുകയായിരുന്നു. തലയിലും വയറിലും കാലിലും നിര്‍ത്താതെയുളള അടിയേറ്റ് നായയുടെ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയിലാവുകയിരുന്നു. അടിമലത്തുറ സ്വദേശികളായ സുനില്‍ സില്‍വസ്റ്റര്‍ എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. നായയെ വലിച്ചിഴച്ച് കടലില്‍ താഴ്ക്കുകയായിരുന്നുവെന്നാണ് മൂന്നംഗ സംഘം പൊലീസിന് നല്‍കിയ മൊഴി. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത്. നായയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ക്രൂരമായി കൊന്ന വിവരം ക്രിസ്തുരാജ് അറിയുന്നത്.
ഇതേക്കുറിച്ച് തിരക്കിയപ്പോൾ നിന്റെ നായയ്ക്കു വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലേ കിട്ടിയുള്ളോ എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. പക്ഷെ പോലീസിൽ ആദ്യം പരാതിയുമായി എത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് ക്രിസ്തുരാജ് പറയുന്നു. വളർത്ത് നായയെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൃഗക്ഷേമ സംഘടനകളും പ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. കുറ്റവാളികൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് യുവാക്കൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചത്. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമായിരുന്നു. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വീഡിയോയില്‍ കാണാം. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് പാല്‍കുളങ്ങരയില്‍ ക്ലബ്ബ് ആയി ഉപയോഗിക്കുന്ന കെട്ടിടത്തിൽ ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നിരുന്നു. മദ്യപാനവും ചീട്ടുകളിയും പതിവായി നടക്കുന്ന ക്ലബ്ബില്‍ മനഃസാക്ഷിയെ നടുക്കും വിധത്തിലായിരുന്നു കൊന്നത്.
വിവരമറിഞ്ഞെത്തിയ മൃഗാവകാശ പ്രവര്‍ത്തകയായ പാര്‍വതി മോഹന്‍ ആദ്യം വിഷയത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തെരുവുനായകളും പൂച്ചകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പറയുന്നവര്‍ ഇതു കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രം സഹിതം പാർവതി ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയായിരുന്നു സംഭവം പുറംലോകം അറിഞ്ഞത്. ഇതിനുപിന്നാലെയാണ് വളർത്തുനായയെ ക്രൂരമായി കൊലപ്പെടുത്തിയ ഈ വാർത്തയും പുറത്ത് വരുന്നത്. നായയുടെ ജഡം ഇതുവരെയും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























