തിരുവഞ്ചൂരിനെതിരായ ഭീഷണി കത്ത് എഴുതിയത് സി പി എമ്മല്ല; പിന്നെയാര്? രണ്ടുദിവസത്തിനകം അറിയാം

എങ്കിലും ന്റെ തിരുവഞ്ചൂരേ എന്ന് പറഞ്ഞ് ദീര്‍ഘശ്വാസം വിടുകയാണ് കെ.പി. സി. സി. അധ്യക്ഷന്‍ കെ.സുധാകരന്‍.
പാവം കെ. സുധാകരന് എസ്‌കോര്‍ട്ടും പൈലറ്റുമൊന്നുമില്ല.പണ്ട് മന്ത്രിയായിരുന്ന കാലത്ത് ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും ആ സുവര്‍ണ്ണ കാലം അസ്തമിച്ചിട്ട് 15 കൊല്ലത്തിലെറെയായി. ഇനി എസ്‌കോര്‍ട്ടും പൈലറ്റുമായി നടക്കണമെങ്കില്‍ മുഖ്യമന്ത്രിയാവുക എന്ന മാര്‍ഗ്ഗം മാത്രമാണ് മുന്നിലുള്ളത്.അതേതായാലും അടുത്ത കാലത്തൊന്നും നടക്കുന്ന കോളില്ല.
ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബുദ്ധി കണ്ട് സുധാകരന്‍ ഞെട്ടിയത്.
എംഎല്‍എയും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണിക്കത്ത് എന്ന ബ്രേക്കിംഗ് ന്യൂസാണ് സുധാകരനെ ഞെട്ടിച്ചത്. ഏതായാലും തിരുവഞ്ചൂരിനെ താങ്ങാന്‍ സുധാകരന്‍ ഉടനെ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചു.
കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കില്‍ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തുന്നത്. കോഴിക്കോട് നിന്നാണ് കത്തയച്ചതെന്നാണ് വിശദമായ പരിശോധനയില്‍ നിന്നും മനസിലാവുന്നത്. സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സ്വാഭാവികമായും ഒരു ഭീഷണി കത്ത് ഒരാള്‍ക്ക് കിട്ടിയാല്‍ സര്‍ക്കാര്‍ ചെയ്യുന്ന ആദ്യത്തെ കാര്യം കത്തിനെ കുറിച്ച് അന്വേഷിക്കലല്ല.ആദ്യം കത്ത് കിട്ടിയ ആളിന്റെ സംരക്ഷണം വര്‍ധിപ്പിക്കും. അവിടെയാണ് തിരുവഞ്ചൂരിന്റെ ടൈം തെളിയുന്നത്.
തിരുവഞ്ചൂരിനോട് വിരോധമുള്ള ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് കത്തയച്ചതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ള ജയിലിലെ ക്രിമിനലുകളാണ് ഇതിനു പിന്നില്‍. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളാണ് ഇവര്‍.
ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം. സംസ്ഥാനത്ത് നടക്കുന്നത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജയിലില്‍ കിടക്കുന്ന ഈ സംഘം, പുറത്ത് ക്വട്ടേഷന്‍ സംഘങ്ങളെ ഉള്‍പ്പടെ നിയന്ത്രിക്കുന്നു നിലയാണുള്ളത്. മുന്‍ ആഭ്യന്തരമന്ത്രിയുടെ ഭാര്യയെയും മക്കളേം കൊല്ലുമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഭയമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
കത്തിലുള്ളത് വടക്കന്‍ ജില്ലക്കാരുടെ ഭാഷയാണെന്നും വീണ്ടും ജയിലിലേക്ക് പോകണമെന്ന തരത്തിലാണ് കത്തില്‍ എഴുതിയിട്ടുള്ളതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ടിപി കേസില്‍ ഒരാള്‍ ജാമ്യത്തിലും ഒരാള്‍ പരോളിലുമുണ്ട്. ഭാഷയും ശൈലിയും വരികള്‍ക്കിടയിലെ അര്‍ത്ഥവും നോക്കിയാല്‍ ഇവരല്ലാതെ വേറെയാരേയും സംശയിക്കാനില്ല. തനിക്ക് സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കാര്യങ്ങള്‍ മുഖ്യമന്ത്രി ധരിപ്പിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എന്തായാലും മുന്‍ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂരിന് ഗണ്‍മാനും എസ് കോര്‍ട്ടും പൈലറ്റും നല്‍കാനുള്ള ഫയല്‍ പോലീസ് ആസ്ഥാനത്ത് ജീവന്‍ വച്ചു കഴിഞ്ഞു. കത്തെഴുതിയത് ഏതെങ്കിലും സി പി എമ്മുകാരനാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നില്ല. കാരണം അവരുടെ വിരോധത്തിന്റെ ഏഴയലത്ത് പോലും തിരുവഞ്ചൂര്‍ ഇല്ല.ടി.പി. കേസില്‍ പ്രതിയാക്കിയെന്ന ഒരു പരാതിയും ഒരു സി പിഎമ്മുകാരനും ഒരിടത്തും ഉന്നയിച്ചിട്ടില്ല. കാരണം കണ്ണൂരിലെ പാര്‍ട്ടിക്കാരെ സംബന്ധിച്ചടത്തോളം സ്വന്തം വീടിനെക്കാള്‍ സുരക്ഷിതമാണ് സെന്‍ട്രല്‍ ജയിലെന്നും വീട്ടില്‍ കിടന്നുറക്കുന്നതിനെക്കാള്‍ അവര്‍ക്കിഷ്ടം സെന്‍ട്രല്‍ ജയിലില്‍ കിടന്നുറങ്ങുന്നതാണെന്നുമാണ് പറയപ്പെടുന്നത്.
കത്ത് എഴുതിയത് തങ്ങളില്‍ ആരുമില്ലെന്ന ഏറ്റുപറച്ചിലാണ് സി പി എം നടത്തുന്നത്. അപ്പോള്‍ ആരായിരിക്കും കത്ത് എഴുതിയത്? എസ്‌കോര്‍ട്ടും പൈലറ്റും കാണുമ്പോള്‍ കത്തിന്റെ ഉറവിടം മനസിലാവും.
https://www.facebook.com/Malayalivartha
























