ജുഡീഷ്യൽ അന്വേഷണത്തിനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ
സ്വർണ്ണക്കടത്ത് കേസിൽ വീണ്ടും ഇഡിയും സർക്കാരും തമ്മിൽ കൊമ്പുകോർക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനായി നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരുവകുപ്പ് മാത്രമാണ് എൻഫോഴ്സ്മെന്റ് എന്നാണ് ഇപ്പോൾ ഉയർത്തുന്ന വാദം. ഈ വകുപ്പിനെതിരെ അന്വേഷണം നടത്താൻ സർക്കാരിന് സാധിക്കുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ തുറന്നടിച്ചിരിക്കുകയാണ്.
ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരേയുള്ള ഇ.ഡിയുടെ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇത്തരത്തിലുള്ള വാദം ഉയർത്തിയത്. കേസിൽ മുഖ്യമന്ത്രിയെ കക്ഷിയാക്കിയത് തെറ്റാണെന്നും സർക്കാർ ശക്തമായി വാദിച്ചു. എന്നാൽ സ്വർണക്കടത്തിലെ സമാന്തര ജുഡീഷ്യൽ അന്വേഷണം ശരിയല്ലെന്നാണ് ഇഡി ഉയർത്തുന്ന വാദം.
കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണത്തിന് അധികാരമില്ലെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇഡിക്കായി ഹാജരായത്.
സർക്കാർ നീക്കം സ്വർണക്കടത്തിലെ അന്വേഷണം തടയാനാണ്. കേന്ദ്ര ഏജൻസിക്കെതിരേ സംസ്ഥാന സർക്കാരിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപക്കണം. നേരത്തെ ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം കോടതി തടഞ്ഞതാണെന്നും ഇ.ഡി കോടതിയിൽ തറപ്പിച്ച് പറഞ്ഞു. വീണ്ടും ഇരുവരും ഈ വിഷയത്തിൽ ഇടയുകയാണ്.
https://www.facebook.com/Malayalivartha























