മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്

പുലിയുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി അറുപതുകാരന്‍. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ ബുധനാഴ്ച വൈകന്നേരമാണ് സംഭവം നടന്നത്. മകനെ രക്ഷിക്കാനാണ് ഇയാള്‍ പുലിയെ കൊന്നതെങ്കിലും സംഭവത്തില്‍ വനംവകുപ്പ് പിതാവിനും മകനുമെതിരെ കേസെടുത്തു.
വീടിന് പുറത്തെ ഷെഡില്‍ വിശ്രമിക്കുകയായിരുന്നു 60കാരനായ ബാബുഭായ് നാരന്‍ഭായ് വാജയെ പതുങ്ങി എത്തിയ പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ബാബുഭായിയുടെ നിലവിളി കേട്ട് മുറിക്കുള്ളില്‍ നിന്നും മകന്‍ ശര്‍ദുല്‍ (27) ഓടിയെത്തി. പിതാവിന് നേര്‍ക്കുള്ള ആക്രമണം നിര്‍ത്തി പുലി മകന്റെ മേല്‍ ചാടിവീണു. മകനെ പുലി കടിച്ചുപിടിക്കുന്നത് കണ്ട ബാബുഭായ് ഒട്ടും താമസിയാതെ വീട്ടിലുണ്ടായിരുന്ന അരിവാളെടുത്ത് പുലിയെ നേരിടുകയായിരുന്നു. മിനിട്ടുകള്‍ നീണ്ട ആക്രമണത്തിനൊടുവിലാണ് പുലി ചത്തത്.
പുലിയുടെ ആക്രമണത്തില്‍ ബാബുഭായിക്കും ശര്‍ദുലിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വന്യമൃഗത്തെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ബാബുഭായിക്കും മകന്‍ ശര്‍ദുലിനുമെതിരെ വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























