സാനിട്ടൈസര്‍ നിര്‍മ്മാണത്തിന്റെ മറവിൽ സ്പിരിറ്റ് കടത്ത്; സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

സാനിട്ടൈസര്‍ നിര്‍മ്മിക്കാനെന്ന വ്യാജേന മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ സംഭവം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് കത്ത് നല്‍കിയത്.
വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് വയനാട് മുട്ടില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സ്പിരിറ്റ് കടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടത് സംഭവം ഗൗരവതരമെന്നും സമഗ്ര അന്വേഷണം വേണമെന്നും അന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍, സ്പിരിറ്റ് മാഫിയക്കെതിരെ ചെറുവിരല്‍ അനക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണു ഗൗരവതരമായ ഈ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്.
സ്പിരിറ്റ് മാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധമാണ് അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നില്‍. 30 തവണ കടത്തിയിട്ടും പിടിക്കപ്പെടാത്തത് ദുരൂഹമാണ്. സംഭവം പുറത്ത് കൊണ്ട് വന്നയാള്‍ക്കെതിരെ വധഭീഷണി ഉള്ളതായി മാധ്യമ വാര്‍ത്തയുണ്ട്. ഇക്കാര്യങ്ങളില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























