'കേസിന്റെ തുടർനടപടികൾ വൈകിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാവും'; നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ വീണ്ടും ശ്രമിച്ച് സർക്കാർ മലയാളികളെ അപമാനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കുവാൻ വീണ്ടും ശ്രമിച്ച് സർക്കാർ മലയാളികളെ അപമാനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. സംസ്കാരസമ്പന്നരെന്നും, രാഷ്ട്രീയ പ്രബുദ്ധരെന്നും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി പറഞ്ഞിരുന്ന മലയാളിയെ നാണം കെടുത്തിയ സംഭവമായിരുന്നു അന്ന് നിയമസഭയിൽ നടന്നത്തെ. കേസിന്റെ തുടർനടപടികൾ വൈകിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കുവാൻ വീണ്ടും ശ്രമിച്ച് സർക്കാർ മലയാളികളെ അപമാനിക്കരുത്. സംസ്കാരസമ്പന്നരെന്നും, രാഷ്ട്രീയ പ്രബുദ്ധരെന്നും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി പറഞ്ഞിരുന്ന മലയാളിയെ നാണം കെടുത്തിയ സംഭവമായിരുന്നു അന്ന് നിയമസഭയിൽ നടന്നത്.
രാജ്യത്തെ ഒരു നിയമവ്യവസ്ഥയും ആ കേസ് പിൻവലിക്കുവാൻ അനുവദിക്കില്ല എന്ന് നിയമപരിജ്ഞാനം ഇല്ലാത്തവർക്ക് പോലും വ്യക്തമാവുന്ന കേസാണ് അത്. കേസിന്റെ തുടർനടപടികൾ വൈകിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാവും. ഇതിനായി പണയം വയ്ക്കുന്നത് മലയാളിയുടെ ആത്മാഭിമാനവും ജനങ്ങളുടെ നികുതിപ്പണവുമാണ്. ഓരോ തവണയും സർക്കാർ കോടതികളുടെ കൈയ്യിൽ നിന്നു കണക്കിനു വാങ്ങുമ്പോഴും പാഠം പഠിക്കുന്നില്ല. ബുദ്ധിരാക്ഷസൻമാരും നിയമ ഉപദേശകരും ചുറ്റും നിന്ന് സംരക്ഷിക്കുന്ന സർക്കാരിന് ഇതൊന്നും അറിയാഞ്ഞിട്ടല്ല. വീണ്ടും വീണ്ടും മലയാളിയെ അപമാനിക്കുകയാണ്. ജനാധിപത്യ കേരളം മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങൾ ലോകത്തിന് മുന്നിൽ ചർച്ചയാക്കി വീണ്ടും വീണ്ടും മലയാളികളുടെ തല താഴ്ത്തിക്കാൻ സി.പി.എമ്മിനും സർക്കാരിനും എന്തിനാണ് ഇത്ര താൽപര്യം. പോലീസിന്റെ ലാത്തിക്കും ഗ്രനേഡിനും മുന്നിൽ സ്വന്തം പ്രവർത്തകരെ എറിഞ്ഞു കൊടുത്തിട്ട് നിയമസഭയിലെ പരിരക്ഷ എന്ന അബദ്ധവാദം ഉയർത്തി നേതാക്കന്മാർ രക്ഷപെടാൻ ശ്രമിക്കുന്നത് സ്വന്തം പ്രവർത്തകരോടുള്ള വഞ്ചനയാണെന്ന് കൂടി സി.പി.എം. തിരിച്ചറിയണം. ഇത് സംബന്ധിച്ച് സർക്കാർ നൽകിയിരിക്കുന്ന അപ്പീലുകൾ പിൻവലിച്ചു നിയമത്തെ അതിന്റെ വഴിക്ക് പോവാൻ അനുവദിക്കണം.
https://www.facebook.com/Malayalivartha