'ശ്രുതിയുടെ കരംഗ്രഹിച്ച് കല്യാണമണ്ഡപം വലംവയ്ക്കവേ, സതീഷ് പ്രിയതമയോടു പറഞ്ഞു, നമുക്കീ താലി മാല മാത്രം മതി, ശ്രുതിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ ഓരോ കൈയിലും ഓരോ വള കൂടിയാവാം'; മണ്ഡപത്തില്‍ വച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വധുവിന്റെ വീട്ടുകാരെ ഏല്‍പ്പിച്ച് വരന്റെ സര്‍പ്രൈസ്; അമ്പരന്ന് ബന്ധുക്കൾ

സ്ത്രീധന പീഡനക്കഥകള്‍ കേട്ട് മരവിച്ചിരിക്കുന്ന മലയാളി സമൂഹത്തിലേക്ക് സുന്ദരമായൊരു മാതൃകയുടെ വാര്‍ത്ത. വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണം മണ്ഡപത്തില്‍ വച്ചുതന്നെ വധുവിന്റെ വീട്ടുകാരെ എല്‍പ്പിച്ച് വരന്‍. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍- ജി. സരസ്വതി ദമ്പതിമാരുടെ മകന്‍ സതീഷ് സത്യനും നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല ദമ്പതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹ വേദിയാണ് മാതൃകപരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
ശ്രുതിയുടെ കരംഗ്രഹിച്ച് കല്യാണമണ്ഡപം വലംവയ്ക്കവേ, സതീഷ് പ്രിയതമയോടു പറഞ്ഞു, നമുക്ക് താലിമാല മാത്രം മതി. ശ്രുതിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ ഓരോ കൈയിലും ഓരോ വള കൂടിയാവാം. ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല.
അന്‍പതു പവനില്‍ ബാക്കി ആഭരണങ്ങള്‍ ഊരി നല്‍കി. ഇത് വധുവിന്റെ അച്ഛനമ്മമാരെ ഏല്‍പ്പിച്ച്, സതീഷ് പറഞ്ഞു എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം.വന്‍ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവര്‍ സ്വീകരിച്ചത്.
ഇന്നലെ രാവിലെ 11ന് നൂറനാട് പണയില്‍ ക്ഷേത്ര നടയിലായിരുന്നു വിവാഹം. മെയ് 13ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗണ്‍ മൂലമാണ് ഇന്നലത്തേക്ക് മാറ്റിയത്. കെ.വി.സത്യന്‍- സരസ്വതി ദമ്പതികളുടെ മകന്‍ 28 കാരനായ സതീഷ് സത്യന്‍ നാഗസ്വര കലാകാരനാണ്.
കല്യാണത്തിനും ക്ഷേത്ര പൂജയ്ക്കുമൊക്കെ കച്ചേരി നടത്തിക്കിട്ടുന്നതിന്റെ വിഹിതം മാത്രമാണ് വരുമാനം. ഒരു അനുജത്തിയുണ്ട്.പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ രാജേന്ദ്രന്‍- ഷീജ ദമ്പതികളുടെ മകളാണ് 21 കാരിയായ ശ്രുതി. അച്ഛന്‍ രാജേന്ദ്രന്‍ ഇലക്‌ട്രീഷ്യനാണ്. സഹോദരന്‍ ശ്രീരാജ് ഗള്‍ഫിലാണ്.
പെണ്ണ് കാണാനെത്തിയ വേളയില്‍ത്തന്നെ പൊന്നും വസ്തുവകളൊന്നും വേണ്ടെന്ന് ശ്രുതിയുടെ അച്ഛനമ്മമാരെ സതീഷ് അറിയിച്ചിരുന്നു. എങ്കിലും കല്യാണപ്പന്തലില്‍ വധു സ്വര്‍ണമണിഞ്ഞെത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് സതീഷ് എസ്.എന്‍.ഡി.പി യോഗം അടൂര്‍ യൂണിയനു കീഴിലെ 178-ാം നമ്പർ ശാഖാ സെക്രട്ടറി ബിജു പള്ളിക്കലിനോട് ആരണങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നു.
ശ്രുതിയുടെ വീട് ഉള്‍പ്പെടുന്ന പന്തളം യൂണിയനിലെ 5929-ാം നമ്പർ ശാഖാ സെക്രട്ടറിയെ ബിജു വിവരമറിയിച്ചു. ഇരു യൂണിയനുകളും സതീഷിന്റെ തീരുമാനത്തെ അനുകൂലിച്ചു. എന്നാല്‍, ഇക്കാര്യം വിവാഹസമയംവരെ വധുവിനെയോ വീട്ടുകാരെയോ അറിയിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന വിവാഹത്തില്‍ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
https://www.facebook.com/Malayalivartha